കൊച്ചി: ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാഷ്ട്രപതി ആയതിനുശേഷമുളള എന്റെ രണ്ടാമത്തെ കേരള സന്ദർശനമാണിത്. എന്നാൽ അതിനുശേഷം കൊച്ചിയിലെത്തുന്നത് ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.

വർഷങ്ങളുടെ പാരമ്പര്യമുണ്ട് കേരള ഹൈക്കോടതിക്ക്. പ്രഗത്ഭരായ നിരവധി ന്യായാധിപന്മാർ ഇവിടെ പ്രവർത്തിച്ചിട്ടുണ്ട്. ജസ്റ്റിസ് വി.ആർ.കൃഷ്ണ അയ്യർ പോലുളള മഹാന്മാരെ ഒരിക്കലും മറക്കാനാവില്ലെന്നും രാഷ്ട്രപതി പറഞ്ഞു. കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നത് നമ്മുടെ നിയമവ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. കേസുകൾ പെട്ടെന്ന് തീർപ്പാക്കാനുളള സമ്പ്രദായം ഉണ്ടാവണം. ജനങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിന് കാലതാമസം ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോടതി ഉത്തരവുകൾ ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ കൂടിയായിരിക്കണം. നിലവിൽ ഹൈക്കോടതി ഉത്തരവുകൾ ഇംഗ്ലീഷിലാണ് ളളളത്. ഭാഷാ വൈവിധ്യം നിറഞ്ഞ രാജ്യത്താണ് നാം ജീവിക്കുന്നത്. പ്രാദേശിക ഭാഷകളിൽക്കൂടി ഹൈക്കോടതിയുടെ വിധിപ്പകർപ്പ് ലഭ്യമാക്കുന്ന സന്പ്രദായം കൊണ്ടുവരണം. കോടതി വിധിക്ക് 24 അല്ലെങ്കിൽ 36 മണിക്കൂറുകൾക്ക് ശേഷം പ്രാദേശിക ഭാഷയിൽ വിധിപ്പകർപ്പുകൾ ലഭ്യമാക്കിയാൽ മതിയാകും. താനൊരു നിർദേശമാണ് മുന്നോട്ടുവച്ചതെന്നും ചർച്ചകൾക്ക് ശേഷം ജുഡീഷ്യറിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും രാഷ്ട്രപതി പറഞ്ഞു.

രാവിലെ കൊച്ചി നാവിക വിമാനത്താവളത്തിൽ എത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി.സദാശിവം എന്നിവർ ചേർന്ന് സ്വീകരിച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. പള്ളിപ്പുറം ടെക്‌നോ സിറ്റി പദ്ധതി മന്ദിരത്തിന്റെ ശിലാസ്ഥാപനവും പ്രഖ്യാപനവും ഇന്നലെ തിരുവനന്തപുരത്ത് അദ്ദേഹം നിര്‍വഹിച്ചിരുന്നു. കൊച്ചിയിൽ ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തശേഷം രാഷ്ട്രപതി ഡൽഹിക്ക് പോയി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.