കാസർഗോഡ്: നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഇന്നു കേരളത്തിലെത്തും. കാസർഗോഡ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായി വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.
ഉച്ചയ്ക്ക് 12.30ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കണ്ണൂരിൽ എത്തുന്ന രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി എം.വി.ഗോവിന്ദൻ എന്നിവർ ചേർന്നു സ്വീകരിക്കും. 3.30ന് കാസർഗോഡ് പെരിയയിലെ കേന്ദ്ര സർവകലാശാലയിൽ നടക്കുന്ന ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയാകും. തുടർന്ന് വൈകുന്നേരം കൊച്ചിയിലേക്ക് തിരിക്കും.
നാളെ രാവിലെ 9.50 മുതൽ കൊച്ചി ദക്ഷിണ നാവിക കമാൻഡിൽ നാവികസേനയുടെ അഭ്യാസ പ്രകടനങ്ങൾ വീക്ഷിക്കും. തുടർന്ന് ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കും. 23 വ്യാഴാഴ്ച രാവിലെ അദ്ദേഹം തിരുവനന്തപുരത്തേക്കു തിരിക്കും. അവിടെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. 11.30നു പൂജപ്പുരയിൽ നടക്കുന്ന പി.എൻ.പണിക്കരുടെ പ്രതിമ അനാച്ഛാദന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും. അന്ന് വൈകിട്ട് ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദർശനം നടത്തി 24ന് രാവിലെ ഡൽഹിക്കു മടങ്ങും.
Also Read: ആലപ്പുഴയിൽ സർവകക്ഷി സമാധാന യോഗം ഇന്ന്; കൂടുതൽ അറസ്റ്റിന് സാധ്യത
അതേസമയം, കാസർഗോഡ് ഇന്ന് രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന പരാതിയുമായി ജനപ്രതിനിധികൾ രംഗത്തെത്തി. പ്രോട്ടോക്കോള്‍ പാലിക്കാതെ ബിജെപിക്കാരായ ജനപ്രതിനിധികളെ മാത്രം ഉള്‍ക്കൊള്ളിച്ച് സമ്പൂര്‍ണ കാവിവല്‍ക്കരിക്കപ്പെട്ട പരിപാടിയായി ചടങ്ങിനെ മാറ്റിയെന്ന് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും രാഷ്ട്രപതിയെക്കൂടി അപമാനിച്ചിരിക്കുകയാണ് സര്‍വ്വകലാശാല അധികൃതരെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടിയെക്കുറിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് സ്ഥലം എംഎൽഎ സി.എച്ച്.കുഞ്ഞമ്പു പറഞ്ഞു.