തിരുവനന്തപുരം: രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്ക് വരുന്നതിനിടെ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ വാഹനം കയറ്റാന്‍ ശ്രമിച്ചു. പിന്നാലെയെത്തിയ വാഹനങ്ങള്‍ ബ്രേയ്ക്കിട്ടതിനാല്‍ അപകടം ഒഴിവായി.
തുമ്പ മുതല്‍ മേയറുടെ കാര്‍ വാഹനവ്യൂഹത്തിന് സമാന്തരമായി നീങ്ങുകയായിരുന്നു. ജനറല്‍ ആശുപത്രിക്ക് സമീപം എത്തിയപ്പോഴാണ് വാഹനവ്യൂഹത്തിലേക്ക് കയറിയത്. 14 വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലുള്ളത്. ഇതില്‍ എട്ടാമത്തെ വാഹനത്തിന്റെ പുറകിലായാണ് മേയറുടെ കാര്‍ കയറ്റിയതെന്നാണ് ലഭിക്കുന്ന വിവരം.
എന്നാല്‍ സുരക്ഷ സംബന്ധിച്ച് പ്രോട്ടോക്കോള്‍ ലംഘനം നടന്നതായി അറിയില്ലെന്ന് മേയര്‍ ആര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെടാന്‍ സാധിക്കാതെ പോയതിനാലാണ് ഇടയില്‍ വച്ച് കയറേണ്ടി വന്നതെന്നും അവര്‍ വിശദീകരിച്ചു. പൂജപ്പുരയില്‍ രാഷ്ട്രപതിയുടെ പരിപാടിയില്‍ മേയറും ഭാഗമായിരുന്നു.
Also Read: ആലപ്പുഴ കൊലപാതകം: അക്രമങ്ങൾക്ക് സഹായം നൽകിയവർക്കെതിരെയും കേസ്; കര്‍ശന നടപടിയുമായി പൊലീസ്