കേരളാ മോഡലിന്റെ അടുത്ത ഘട്ടം ഉയർന്നു വരണം: രാഷ്ട്രപതി

സംവാദത്തിന്റെയും സഹകരണത്തിന്റെയും സംസ്‌കാരം പൊതുസമൂഹത്തിലും നിയമസഭയിലും സംരക്ഷിക്കാനാകണം രാഷ്ട്രപതി അഭിപ്രായപ്പെട്ടു. നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

Ramnath Kovind, pocso case, mercy petition, mercy plea, രാംനാഥ് കോവിന്ദ്, പോക്സോ, ദയാഹർജി, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: കേരളത്തിന്റെ പാരമ്പര്യത്തിലുള്ള പരസ്പര സംവാദത്തിന്റെയും സഹകരണത്തിന്റെയും സംസ്‌കാരം പൊതു സമൂഹത്തിലും നിയമസഭയിലും സംരക്ഷിക്കാനും തുടരാനുമാകണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. കേരള നിയമസഭയില്‍ ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’യുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കേരള നിയമസഭയുടെ ചര്‍ച്ചകളും മാനുഷികമൂല്യമുള്ള നിയമനിര്‍മാണങ്ങളും സംസ്ഥാനത്തിന്റെ പാരമ്പര്യങ്ങള്‍ക്ക് നേരെ പിടിച്ച കണ്ണാടിയാണ്. നൂറ്റാണ്ടുകളായി കേരളത്തിന്റെ സാമൂഹിക ചുറ്റുപാടുകള്‍ ചര്‍ച്ചകളും സംവാദങ്ങളും പ്രോത്സാഹിപ്പിച്ചിരുന്നു. ആദി ശങ്കരാചാര്യനും ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയും പോലെയുള്ള ദീര്‍ഘവീക്ഷണമുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ക്ക് വേദിയായതും ഈ സാഹചര്യമാണ്. ഹിന്ദു, ജൂത, ക്രിസ്ത്യന്‍, ഇസ്‌ലാം തുടങ്ങിയ മതങ്ങള്‍ അവ വിശ്വസിക്കുന്നവരും തമ്മില്‍ സംവാദത്തിനും ഇത് അവസരമൊരുക്കി. ഒരു വ്യക്തി ഏതെങ്കിലും മതത്തില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും പരസ്പര സംവാദത്തിന്റെയും സഹകരണത്തിന്റെയും സംസ്‌കാരമാണ് വേണ്ടത്.

ഭൂപരിഷ്‌കരണം മുതല്‍ പഞ്ചായത്തീരാജ് വരെയും, സാക്ഷരത മുതല്‍ ആരോഗ്യസംരക്ഷണം വരെയും കേരളജനത ഒട്ടേറെ നേട്ടം കൈവരിച്ചവരാണ്. നിയമസഭയുടെ നിയമ നിര്‍മാണങ്ങള്‍ ‘കേരള മോഡല്‍’ എന്ന് വിശേഷിപ്പിക്കുന്ന ഈ സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് ഏറെ സഹായവുമായിട്ടുണ്ട്.

അസാമാന്യ പ്രാഗത്ഭ്യമുള്ള ജനപ്രതിനിധികളുടെ ശബ്ദവും ചിന്തകളും കൊണ്ട് ശക്തിപ്പെടാന്‍ 60 വര്‍ഷം കൊണ്ട് കേരള നിയമസഭയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ആദ്യകാല മുഖ്യമന്ത്രിമാരായ ഇ.എം.എസ് നമ്പൂതിരിപ്പാട്, ആര്‍. ശങ്കര്‍, സി. അച്യൂതമേനോന്‍ എന്നിവരും ആദ്യ സഭയില്‍ അംഗമായിരുന്ന വി.ആര്‍. കൃഷ്ണയ്യരും തലമുതിര്‍ന്ന നേതാക്കളായ കെ. കരുണാകരന്‍, ഇ.കെ. നായനാര്‍, വി.എസ്. അച്യുതാനന്ദന്‍, കെ.ആര്‍. ഗൗരിയമ്മ, എ.കെ. ആന്റണി, പിണറായി വിജയന്‍ തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്. ഈ വജ്രജൂബിലി ആഘോഷങ്ങള്‍ അവരുടെ കൂട്ടായ സംഭാവനകള്‍ക്കുള്ള അംഗീകാരമാണ്.

കെ.ആര്‍. നാരായണനെപ്പോലെയുള്ള മഹദ്‌വ്യക്തിത്വത്തെ രാജ്യത്തെ ഏറ്റവും വലിയ പദവിയിലേക്ക് സംഭാവന ചെയ്തതു കേരളമാണ്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ കഠിനാധ്വാനത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തോടെയും മറികടന്ന വ്യക്തിയാണദ്ദേഹം. പിന്നിട്ട വഴികള്‍ ചാരിതാര്‍ഥ്യത്തോടെ തിരിഞ്ഞുനോക്കുന്നതിനൊപ്പം പ്രതീക്ഷയോടെ വരും കാലത്തെ കാണ്ടേണ്ടതുമുണ്ട്. രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിന്റെയാകെ സമ്പദ്ഘടനയ്ക്ക് കേരളത്തിന്റെ പ്രതിഭകള്‍ സംഭാവന നല്‍കിയിട്ടുണ്ട്.

അധ്യാപകര്‍, ആരോഗ്യമേഖലയിലുള്ളവര്‍, ടെക്‌നോളജിസ്റ്റുകള്‍, ബിസിനസുകാര്‍, തൊഴിലാളികള്‍, വിനോദസഞ്ചാരമേഖലയില്‍ തുടങ്ങി കേരള യുവതയുടെ മാനവവിഭവശേഷി ഏറെ പേരുകേട്ടതാണ്. കേരളത്തില്‍ യുവാക്കള്‍ക്ക് സ്വന്തം സംസ്ഥാനത്ത് തന്നെ കൂടുതല്‍ അവസരം ഉറപ്പുവരുത്തുംവിധം ‘കേരളമോഡലി’ന്റെ അടുത്തഘട്ടം ഉയര്‍ന്നുവരണം. ഇതിനായുള്ള ശ്രമങ്ങള്‍ എല്ലായിടങ്ങളില്‍നിന്നുമുണ്ടാകണം.

മലയാളികളാണ് രാജ്യത്തിന്റെ തന്നെ ചിന്താനേതൃത്വമെന്നത് ഈ സഭയുടെ കഴിഞ്ഞ 60 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ഗുണപരമായി സ്വാധീനിച്ചിട്ടുണ്ട്. സംവാദങ്ങളും വിയോജിപ്പുകളും അംഗീകരിക്കുമ്പോള്‍ തന്നെ അക്രമങ്ങള്‍ക്ക് ഭരണഘടനയില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു

ഉന്നത പ്രവര്‍ത്തനനിലവാരം കാത്തുസൂക്ഷിച്ച് ഭാവിതലമുറയ്ക്ക് മാതൃകയാകാന്‍ നിയമനിര്‍മാണസഭാംഗങ്ങള്‍ക്ക് കഴിയണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. അതിലൂടെയേ സുസ്ഥിരവും, ക്രിയാത്മകവും ഊര്‍ജസ്വലവുമായ നിയമനിര്‍മാണപ്രകിയ പ്രസക്തമാകൂ.

‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’യുടെ ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റും നിയമസഭയും ഓരോ അംഗവും വിദ്യാര്‍ഥിയെപ്പോലെ ശ്രദ്ധാപൂര്‍വം തയാറെടുപ്പുകളും അവതരണവും നടത്തേണ്ട മറ്റൊരു സര്‍വകലാശാലയാണ്. ജനകീയ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ക്കൊണ്ടുവരാന്‍ നിരന്തര ആശയവിനിമയങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളും, രേഖകളും ആഴത്തില്‍ പഠിക്കേണ്ടതുണ്ട്.

തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ധാരണയുള്ള ഒരു സമൂഹത്തിന് അവരുടെ സാമാജികരെക്കുറിച്ച് വളരെ വലിയ പ്രതീക്ഷയാണ്. വികസനത്തിന്റെ വിഷയത്തിലുള്‍പ്പെടെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ പ്രതീക്ഷയ്ക്കൊത്തുയരുകയാണ് ഓരോ സാമാജികന്റെയും കര്‍ത്തവ്യം.

മിക്ക ജനപ്രതിനിധികളും വികസനപ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായാണ് എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് സംബന്ധിച്ച ഭരണഘടനാ സാധുതയെക്കുറിച്ച് വിധിപറഞ്ഞ സുപ്രീംകോടതി മുന്‍ ജഡ്ജി എന്ന നിലയില്‍ വിലയിരുത്തല്‍ എന്ന് ഗവർണർ പറഞ്ഞു.

എന്നിരുന്നാലും, ജനാധിപത്യസ്ഥാപനങ്ങളുടെ നിലവാരത്തകര്‍ച്ച സംബന്ധിച്ച പരാതികള്‍ ജനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. പുതിയ പ്രശ്നങ്ങള്‍ വരുമ്പോള്‍ പുതിയ രീതികളിലുള്ള പ്രതിഷേധങ്ങളാണ് വരുന്നത്. ഇവ, ജനാധിപത്യ സ്ഥാപനങ്ങളുടേയോ, അംഗങ്ങളുടെയോ അടിസ്ഥാന അന്തസ്സോ, ഭരണഘടനാ അവകാശങ്ങളോ ഹനിക്കുന്ന രീതിയിലാകരുത്.

ലോകത്ത് ഒരിടത്തും ജനാധിപത്യം സമ്പൂര്‍ണമല്ല. നമ്മള്‍ നമ്മുടെ വിയോജിപ്പുകളും ഉത്കണ്ഠകളും പ്രകടിപ്പിക്കുന്നത് ജനാധിപത്യം ശക്തിപ്പെടുത്താനാണ്.

ജനക്ഷേമത്തിനായി നിരവധി നിയമനിര്‍മാണങ്ങള്‍ നടപ്പാക്കിയ കേരള നിയമസഭയുടെ ശരിയായ ദിശയിലേക്കുള്ള മറ്റൊരു ചുവടുവെയ്പ്പാണ് ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’. നിയമസഭയുടെ നിലവാരമുയര്‍ത്തുന്നതിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തുന്ന ഇത്തരം സംരംഭങ്ങളുമായി കേരളം മുന്നോട്ടുവരുന്നത് പ്രശംസാര്‍ഹമാണ്.

വിഭാഗീയമോ വര്‍ഗീയമോ ആയ ചിന്തകള്‍ക്കതീതമായി ഓരോ പൗരനും ജനാധിപത്യമൂല്യങ്ങളെയും സാംസ്‌കാരിക വൈവിധ്യത്തെയും ബഹുമാനിക്കുകയും ഓരോരുത്തരുടെയും നിയമാനുസൃതമായ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം ഉത്സവമാകുന്നത്. ആ നിലയിലുള്ള ചിന്തകളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും ജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് നമ്മുടെ ചുമതല. ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ ഒരു കേരള മോഡല്‍ സൃഷ്ടിക്കാന്‍ ഈ പരിപാടികള്‍ക്ക് കഴിയുമെന്നും ഗവർണർ പറഞ്ഞു.

കേരളം ഇന്ത്യന്‍ ജനാധിപത്യത്തിലെ ട്രെന്‍ഡ് സെറ്ററാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിക്ക് മുതല്‍ക്കൂട്ടായ നിരവധി സംഭാവനകള്‍ കേരളവും കേരള നിയമസഭയും നല്‍കിയിട്ടുണ്ട്. കൂട്ടുമന്ത്രിസഭ എന്ന ആശയത്തിന് തുടക്കം കുറിച്ചത് കേരളമാണ്. പിന്നീട് മറ്റു പല സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഈ ആശയം സ്വീകരിക്കുകയുണ്ടായി. നിയമസഭ പാസാക്കുന്നതിനു മുന്‍പ് ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റി പരിശോധിക്കുന്ന രീതിക്ക് തുടക്കം കുറിച്ചതും കേരളമാണ്. പിന്നീടിത് ലോക്‌സഭയും മറ്റു സംസ്ഥാനങ്ങളിലെ നിയമസഭകളും പിന്തുടര്‍ന്നു.

വെറുപ്പും വൈരാഗ്യവും സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ വ്യാപകമായ രീതിയില്‍ സമൂഹ മാധ്യമങ്ങളെ ഉപയോഗിച്ച് കള്ള പ്രചാരണം നടക്കുന്നുണ്ട്. പലരും യാഥാര്‍ത്ഥ്യം മനസിലാക്കാതെ ഇതിന്റെ ഇരയാകുന്നു. ഇത്തരം പ്രചാരണത്തിലൂടെ ജനാധിപത്യത്തെ ക്ഷയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഇതിനെ സംരക്ഷിക്കാനും മതനിരപേക്ഷതയെ ശക്തിപ്പെടുത്താനും നാം ഓരോരുത്തരും തയ്യാറാകണം. മതനിരപേക്ഷതയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനം. ജനാധിപത്യം ഇല്ലെങ്കില്‍ സ്വാതന്ത്ര്യവുമുണ്ടാവില്ല. മതനിരപേക്ഷതയും സമത്വവും വെല്ലുവിളിക്കപ്പെട്ട അവസരങ്ങളിലെല്ലാം ഇന്ത്യന്‍ ജനത ഇത് കാത്തുസൂക്ഷിക്കുന്നതിന് ഒറ്റക്കെട്ടായി നിന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്. ഇത്തരം ശ്രേഷ്ഠത ഇല്ലാതായാല്‍ ഇന്ത്യ തന്നെ ഇല്ലാതാവും. വിവിധ ഭാഷകളെയും ചിന്തകളെയും സ്വീകരിക്കുന്ന പാരമ്പര്യമാണ് ഇന്ത്യയുടേത്. നാനാത്വത്തില്‍ ഏകത്വം എന്ന ആദര്‍ശം ആവിര്‍ഭവിച്ചതിങ്ങനെയാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ പുഷ്ടിപ്പെടുത്തിയത് ഈ ആദര്‍ശമാണ്. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനുള്ള പുതിയൊരു രക്ഷാകര്‍തൃത്വം ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി നമുക്ക് പ്രദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഓരോ ഭരണ നടപടികളിലും ജനാധിപത്യ മൂല്യങ്ങളും ധാര്‍മികതയും പ്രതിഫലിക്കുമ്പോള്‍ മാത്രമേ ജനാധിപത്യപരമായ ഒരു സര്‍ക്കാരിന്റെ സാന്നിധ്യം ജനങ്ങള്‍ക്ക് അനുഭവപ്പെടുകയുള്ളൂ എന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ജനാധിപത്യമെന്നത് കേവലം രാഷ്ട്രീയ വ്യവസ്ഥിതിയുടെ നിയോജകമണ്ഡലപരമായ ഒരു രൂപം മാത്രമല്ല. പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും ജനങ്ങളുടെ സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുഗുണമായ നിയമനിര്‍മാണം നിര്‍വഹിക്കണം. അത്തരം നിയമനിര്‍മാണം നിര്‍വഹിക്കപ്പെടുമ്പോള്‍ തന്നെ ജനങ്ങളുടെ ആഗ്രഹങ്ങളെ കണക്കിലെടുത്തിട്ടുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയും വേണം. ജനാധിപത്യ ഉല്‍സവ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗം നേടിരുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചര്‍ച്ചാ സമ്മേളനങ്ങള്‍ ഈ വിഷയത്തില്‍ പുതിയ ദിശാബോധം പകരുമെന്ന് അദ്ദേഹം പറഞ്ഞു.

നിയമങ്ങള്‍ നിരവധി ഉണ്ടെങ്കിലും പിന്നാക്ക വിഭാഗങ്ങളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും രാജ്യത്ത് പല തരത്തിലുമുള്ള ബുദ്ധിമുട്ടുകളാണ് നേരിടുന്നതെന്ന് പട്ടികജാതി പട്ടിക വര്‍ഗവകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി എന്നിവരും സംസാരിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: President ram nath kovind inagurate festival on democracy

The moderation of comments is automated and not cleared manually by malayalam.indianexpress.com