കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി മടക്കയാത്രയ്ക്കായി കൊച്ചി നാവിക വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ കാത്ത് അപ്രതീക്ഷിത അതിഥി. എടത്വ സ്വദേശി വലിയ പറമ്പിൽ റൂബൻ ജോർജ് – രാഷ്ട്രപതി രാം നാഥ് കോവിന്ദ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ പ്രസംഗത്തിൽ പരാമർശിച്ച മലയാളിയായ ജോർജ്.

കാൺപൂരിലെ കല്യാൺപൂരിൽ രാം നാഥ് കോവിന്ദിന്റെ വസതിയിൽ വാടകക്കാരനാണ് മാനേജ്‌മെന്റ് കൺസൾട്ടന്റായ റൂബൻ ജോർജ്. മലയാളികളുടെ നന്മയെയും സേവന മനോഭാവത്തെയും വാഴ്ത്തുന്നതിനിടയിലാണ് റൂബനെ കുറിച്ചും രാഷ്ട്രപതി പരാമർശിച്ചത്. സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും ചേർന്നൊരുക്കിയ പൗരസ്വീകരണമായിരുന്നു വേദി.

“ആദിശങ്കരാചാര്യരുടെയും ശ്രീനാരായണഗുരുവിന്റെയും അയ്യങ്കാളിയുടെയും സാന്നിധ്യം കൊണ്ടു ധന്യമായ കേരളത്തിൽ ജനിച്ചവർ ഭാഗ്യം ചെയ്തവരാണ്. ഞാൻ കാൺപൂരിൽ നിന്നു പോയ ശേഷം പത്തു വർഷമായി എന്റെ വീട്ടിൽ താമസിക്കുന്നത് ജോർജ് എന്ന സത്യസന്ധനായ മലയാളിയാണ്” – ഇതായിരുന്നു രാഷ്ട്രപതിയുടെ വാക്കുകൾ.

ഔദ്യോഗിക കാര്യങ്ങൾക്കായി കഴിഞ്ഞ മെയ് മുതൽ കേരളത്തിലുള്ള റൂബൻ ജോർജ് രാഷ്ട്രപതി കേരളത്തിലെത്തിയത് അറിഞ്ഞപ്പോൾ കൂടിക്കാഴ്ച്ചയ്ക്ക് സമയം ചോദിക്കുകയായിരുന്നു. രാഷ്ട്രപതി പരാമർശിച്ച ജോർജ്, റൂബനാണെന്ന് മനസിലാക്കിയ അദ്ദേഹത്തിന്റെ ഓഫീസ് കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊരുക്കി. രാം നാഥ് കോവിന്ദ് തന്നെക്കുറിച്ച് പറഞ്ഞത് റൂബൻ അറിഞ്ഞതും അധികൃതരിൽ നിന്നു തന്നെ.

എടത്വ സ്വദേശിയെങ്കിലും റൂബൻ ജോർജ് ജനിച്ചതും വളർന്നതും കാൺപൂരിലാണ്. അവിടെ ജോലി ചെയ്തിരുന്ന മാതാപിതാക്കൾ വിരമിച്ച ശേഷം നാട്ടിൽ തിരിച്ചെത്തിയെങ്കിലും റൂബൻ കാൺപൂരിൽ തുടർന്നു. രണ്ടു വർഷം മുമ്പാണ് രാം നാഥ് കോവിന്ദിനെ അവസാനമായി കണ്ടതെന്ന് റൂബൻ പറഞ്ഞു. ബിഹാർ ഗവർണറായി സ്ഥാനമേൽക്കുന്നതിന് മുമ്പ് ഇടയ്ക്ക് കാൺപൂരിലെത്തുമ്പോൾ കാണാറുണ്ടായിരുന്നു. രാഷ്ട്രപതിയുടെ വാക്കുകൾക്ക് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നാവിക വിമാനത്താവളത്തിൽ വിവിഐപി ലോഞ്ചിൽ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങുന്നതിന് മുമ്പായിരുന്നു രാഷ്ട്രപതിയുമായുള്ള റൂബന്റെ കൂടിക്കാഴ്ച. രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനു ശേഷം രാഷ്ട്രപതി രാം നാഥ് കോവിന്ദ് കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങി. ഹൈക്കോടതിയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനമായിരുന്നു രാഷ്ട്രപതി കൊച്ചിയിൽ പങ്കെടുത്ത ഏക ചടങ്ങ്.

ഹൈക്കോടതിയിലെ ചടങ്ങിന് ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നാവിക വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയ്ക്ക് ഗവർണർ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ്. കൊച്ചി മേയർ സൗമിനി ജയിൻ, ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എ.ആർ.കാർവെ, ഡിജിപി ലോക്‌നാഥ് ബഹ്‌റ, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഐജി പി.വിജയൻ, ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫിറുള്ള, സിറ്റി പൊലീസ് കമ്മീഷണർ എം.പി.ദിനേശ്, കയർ ബോർഡ് ചെയർമാൻ സി.പി.രാധാകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

തിരുവനന്തപുരത്തു നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഗവർണർ, മുഖ്യമന്ത്രി എന്നിവർക്കൊപ്പമാണ് രാവിലെ 10.30ന് രാഷ്ട്രപതി കൊച്ചിയിലെത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ