scorecardresearch
Latest News

ഏലയ്ക്കയില്‍ കീടനാശിനി; ശബരിമല അരവണ വിതരണം ഹൈക്കോടതി വിലക്കി

കൊച്ചിയിലെ സ്‌പൈസസ് ബോര്‍ഡിന്റെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഏലയ്ക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്

ഏലയ്ക്കയില്‍ കീടനാശിനി; ശബരിമല അരവണ വിതരണം ഹൈക്കോടതി വിലക്കി

കൊച്ചി: ശബരിമലയില്‍ അരവണപ്പായസത്തില്‍ ഉപയോഗിക്കുന്ന ഏലയ്ക്കയില്‍ കീടനാശിനി സാന്നിധ്യമെന്നു ലാബ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് അരവണ വിതരണം ചെയ്യുന്നതു ഹൈക്കോടതി വിലക്കി.

കീടനാശിനി സാന്നിധ്യമുള്ള ഏലയ്ക്ക ഉപയോഗിച്ച അരവണ വിതരണം ചെയ്യുന്നില്ലെന്നു ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഇക്കാര്യം ഉറപ്പാക്കണം. അരവണ സാമ്പിള്‍ പരിശോധിക്കാനും ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. കേന്ദ്ര ലാബിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണു ജസ്റ്റിസുമാരായ അനില്‍ നരേന്ദ്രനും പി ജി അജിത് കുമാറും ഉള്‍പ്പെടുന്ന ബെഞ്ചിന്റെ ഉത്തരവ്.

അരവണയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഏലയ്ക്കയുടെ ഗുണനിലവാര പരിശോധന കൊച്ചിയിലെ സ്‌പൈസസ് ബോര്‍ഡിന്റെ ലാബിലാണു നടത്തിയത്. ഏലയ്ക്ക ഭക്ഷ്യയോഗ്യമല്ലെന്നു സയന്റിസ്റ്റായ രമേശ് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. 95 കീടനാശിനികളുടെ സാന്നിധ്യം പരിശോധിച്ചു.

ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം ഏലയ്ക്കയില്‍ കണ്ടെത്തി. ഇവയുടെ സാന്നിധ്യം ഭക്ഷ്യസുരക്ഷാ മാനദണ്ഡം അനുസരിച്ച് അനുവദനീയമായ അളവിനെക്കാള്‍ വളരെ കൂടുതലാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.എട്ടു കീടനാശിനികളുടെ അളവ് ഏറെക്കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാര്‍ബെന്റസിം, ക്ലോര്‍പൈറിഫോസ്, സൈഫ്‌ളൂത്രിന്‍ എന്നിങ്ങനെയുള്ള കീടനാശിനികളുടെ സാന്നിധ്യമാണ് അളവില്‍ കൂടുതല്‍ കണ്ടെത്തിയത്.

ദേവസ്വം ബോര്‍ഡ് നേരത്തെ പമ്പയില്‍ നടത്തിയ പരിശോധനയില്‍ ഏലയ്ക്കയ്ക്കു ഗുണനിലവാരമുണ്ടെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ തിരുവനന്തപുരം അനലറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനി സാന്നിധ്യമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നാണു കേന്ദ്ര ലബോറട്ടറിയില്‍ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.

ഈ മണ്ഡലക്കാലത്തു പൊതുവിപണിയില്‍നിന്നാണ് ദേവസ്വം ബോര്‍ഡ് ഏലയ്ക്ക വാങ്ങിയത്. ദേവസ്വം ബോര്‍ഡിന് ഏലയ്ക്ക വിതരണം ചെയ്തിരുന്ന അയ്യപ്പ സ്പൈസസാണ് ഏലയ്ക്കാ തിരുവനന്തപുരത്തെ ലാബില്‍ പരിശോധിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് ഹാജരാക്കിയത്. തുടര്‍ന്നാണു കേന്ദ്രലാബില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അരവണ വിതരണം നിര്‍ത്തുമെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏലക്ക ഇല്ലാതെ അരവണ നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Presence of pesticides in cardamom hc directs to stop distribution of sabarimala aravana