scorecardresearch

ഭൂമി വിൽപ്പന വിവാദം: മാറ്റിവച്ച വൈദിക സമിതിയോഗം ഇന്ന് ചേരും

ജനുവരി നാലിന് കർദിനാളിനെ ചിലർ തടഞ്ഞുവച്ചുവെന്ന് ആരോപിച്ച് മാറ്റിവച്ച വൈദികസമിതി യോഗമാണ് ഏറെ വിവാദങ്ങളുടെയും ഭിന്നതകളുടെയും ഇടയിൽ ഇന്ന് വീണ്ടും ചേരുന്നത്

ഭൂമി വിൽപ്പന വിവാദം: മാറ്റിവച്ച വൈദിക സമിതിയോഗം ഇന്ന് ചേരും

കൊച്ചി: ഭൂമി വിൽപ്പന കുംഭകോണ വിവാദം തുടരുന്ന എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഇന്ന് വീണ്ടും വൈദിക സമിതിയോഗം ചേരും. ജനുവരി നാലിന് വൈദിക സമിതി യോഗം വിളിച്ചിരുന്നുവെങ്കിലും അന്ന് നടന്നിരുന്നില്ല. ഭൂമി പ്രശ്നം സീറോ മലബാർ സഭയ്ക്കുളളിൽ സംഘർഷാവസ്ഥ സൃഷ്ടിച്ച സാഹചര്യത്തിലാണ് ഇന്ന് വൈദിക സമിതിയോഗം ചേരുന്നത്.

പ്രശ്നം താഴെതട്ടിൽ​ വിശ്വാസികളിൽ തുടങ്ങി മേൽതട്ട് വരെ എത്തിക്കഴിഞ്ഞ സാഹചര്യത്തിൽ പ്രശ്നം പരിഹരിക്കാതെ മുന്നോട്ട് പോകാനാകാത്ത അന്തരീക്ഷത്തിലേയ്ക്ക് കാര്യങ്ങൾ എത്തിയിരുന്നു. സഭയ്ക്കുളളിലെ ഒരു വിഭാഗം വൈദികർ ഭൂമി വിൽപ്പന സംബന്ധിച്ച് മാർപാപ്പയ്ക്ക് പരാതി അയച്ചിരുന്നു. അതിന് ശേഷമാണ് വൈദിക സമിതിയോഗം വിളിക്കാൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി തീരുമാനിച്ചത്.

ഇതിനായി നേരത്തെ സമ്മർദം ഉയർന്നിരുന്നുവെങ്കിലും അദ്ദേഹം വഴങ്ങുന്നില്ലെന്നായിരുന്നു വൈദികരുടെ പരാതി. ഇന്ന് സഭാ ആസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട വൈദികരും സഹായമെത്രാന്‍മാരും കര്‍ദിനാളുമുള്‍പ്പെടുന്ന പ്രിസ്ബിറ്റല്‍ കൗണ്‍സിലാണ് വിളിച്ചിരിക്കുന്നത്. യോഗത്തില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും ഭൂമി വിവാദവുമായി ബന്ധപ്പെട്ട നടപടികളും ചര്‍ച്ച ചെയ്യുമെന്നാണ് സഭാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ജനുവരി നാലിന് ഭൂമി വിവാദവും ഇതുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്യാന്‍ വിളിച്ച പ്രിസ്ബിറ്റല്‍ കൗണ്‍സില്‍ യോഗം കര്‍ദിനാളിനെ ഒരു സംഘം വിശ്വാസികള്‍ തടഞ്ഞുവച്ചുവെന്നു ചൂണ്ടിക്കാട്ടി മാറ്റിവച്ചിരുന്നു. പിന്നീടു നടന്ന സീറോ മലബാര്‍ സഭാ സിനഡ് ഭൂമിവിഷയം വിശദമായി ചര്‍ച്ച ചെയ്യുകയും പഠിക്കാന്‍ അഞ്ചംഗ മെത്രാന്‍ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.

ഭൂമി വിവാദത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന വൈദികരോട് സമവായമുണ്ടാക്കണമെന്നു സിനഡ് ആവശ്യപ്പെട്ടെങ്കിലും വൈദിക സമൂഹം ഇതു തള്ളുകയായിരുന്നു. തുടര്‍ന്ന് കര്‍ദിനാള്‍ ഭൂമി വിഷയം പഠിക്കാന്‍ രണ്ടു വൈദികരുള്‍പ്പെട്ട അഞ്ചംഗ സമിതിയെ വീണ്ടും നിയോഗിച്ചിരുന്നു. എന്നാല്‍ ഇതിനിടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കോപ്പിയും പരാതിയും ഒരു വിഭാഗം വൈദികര്‍ കര്‍ദിനാളിന്റെ സമ്മതം വാങ്ങാതെ തന്നെ റോമിലേയ്ക്ക് അയച്ചിരുന്നു. ഈ പരാതിയില്‍ വത്തിക്കാന്‍ അന്വേഷണം തുടങ്ങിയതായാണ് സഭാകേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്.

എറണാകുളം- അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് തുടങ്ങാനായി കാലടിക്കടുത്തു മറ്റുരൂല്‍ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ കടങ്ങള്‍ വീട്ടാന്‍ രൂപതയുടെ അഞ്ചു സ്ഥലങ്ങള്‍ വിറ്റതുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് എറണാകുളം-അങ്കമാലി അതിരൂപതയെയും സീറോ മലബാര്‍ സഭയെ തന്നെയും പിടിച്ചുകുലുക്കിയ ഭൂമി വിൽപ്പന വിവാദമായി മാറിയത്.

ജനുവരി 28ന് ചേർന്ന സീറോ മലബാർ സഭയിലെ അൽമായരുടെ യോഗം ബഹളത്തിൽ കലാശിച്ചു. ഭൂമി വിൽപ്പന വിവാദം സംബന്ധിച്ച് പ്രശ്നങ്ങളുടെ സാഹചര്യത്തിലാണ് യോഗം ചേർന്നത്. അങ്കമാലിയിലെ സുബോധന സെന്രറിൽ ചേർന്ന സീറോ മലബാർ സഭയിലെ അൽമായരുടെ സംഘടനയുടെ യോഗത്തിലാണ് നാടകീയമായ പ്രതിഷേധ രംഗങ്ങളുണ്ടായത്. ചങ്ങനാശേരി, അങ്കമാലി അതിരുപതകളിലുളളവരാണ് ബഹളമുണ്ടാക്കിയത്. ആർച്ച് ഡയോസിയൻ ഫോർ ട്രാൻസ്പേരൻസി എന്ന സംഘടനയാണ് യോഗം വിളിച്ചത്.

ഭൂമി ഇടപാടിലെ വസ്തുതകൾ അൽമായരെ ബോധ്യപ്പെടുത്താനായിരുന്നു യോഗം വിളിച്ചത്. എന്നാൽ സീറോ മലബാർ സഭയിലെ ഭൂമി വിൽപ്പന തർക്കത്തിൽ ഇരുഭാഗത്തായി നിൽക്കുന്ന ചങ്ങനാശേരി, അങ്കമാലി അതിരൂപതകളിലെ വിശ്വാസികളാണ് ഈ വിഷയത്തിൽ ബഹളമുണ്ടാക്കിയത്. തുടർന്ന് പൊലീസ് ഇടപെട്ട് ബഹളം അവസാനിപ്പിക്കുകയായിരന്നു. പ്രതിഷേധക്കാരെ പൊലീസ് നീക്കി.

നേരത്തെ എ​എംടി എന്ന സംഘടനയുടെ നേതൃത്വത്തിൽ ജനുവരി 21 ന് എഎംടി എന്ന സംഘടന പളളികളിൽ നോട്ടീസ് വിതരണം ചെയ്തിരുന്നു. ഭൂമി വിവാദത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും രണ്ട് വൈദികർക്കുമെതിരെ പളളികളിൽ നോട്ടീസ് വിതരണം നടന്നത്. തിന്മയ്ക്കെതിരെയുളള നന്മയുടെ പോരാട്ടമെന്നാണ് ഈ നടപടിയെ നോട്ടീസ് വിശേഷിപ്പിക്കുന്നത്. പുല്ല് പറിച്ചില്ലെങ്കിൽ കാടാകും പാമ്പ് വരും അത് പാമ്പിന്റെ കുറ്റമല്ല, വീട്ടുകാരന്റെ കുറ്റമാണെന്നും നോട്ടീസിൽ ഒളിയമ്പ് എയ്യുന്നുണ്ട്.

“കാനോനിക സമിതികളിലോ അതിരൂപത കച്ചേരിയിലോ ചർച്ച ചെയ്യാതെയും സഹായ മെത്രാന്മാർ പോലും അറിയാതെയും ആലഞ്ചേരി പിതാവും സ്ഥാപനങ്ങളുടെ ഡയറക്ടർ വടക്കുംപാടനച്ചനും പ്രോക്യൂറേറ്റർ ജോഷി പുതുവനച്ചനും ചേർന്ന് നടത്തിയ രഹസ്യ ഇടപാടായിരുന്നു ഇവ” എന്നും നോട്ടീസിൽ ആരോപിച്ചിരുന്നു. ഭൂമി വിവാദത്തിൽ പ്രതികരണവുമായി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും അന്ന് തന്നെ രംഗത്തെത്തിയിരുന്നു. ഏതാനും നാളുകൾക്കകം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും താനുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവർക്കിടയിൽ ഭിന്നതക്ക് സ്ഥാനമില്ലെന്നും ആലഞ്ചേരി പറഞ്ഞു. ഭൂമി വിവാദത്തിൽ ആദ്യമായാണ് ജനുവരി 21 ആലഞ്ചേരി പ്രതികരിച്ചത്.

കത്തോലിക്ക സഭയുടെ മുഖപത്രമായ സത്യദീപത്തിൽ കഴിഞ്ഞ രണ്ട് ലക്കത്തിലും വന്ന ലേഖനങ്ങളിൽ ഭൂമി വിൽപ്പന സംബന്ധിച്ച് കർദിനാളിനെതിരെ ശക്തമായ വിമർശനമുയർന്നിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Presbyter council meeting today to discuss land issue of ernakulam angamali archdiocese zero malabar sabha