കൊച്ചി: സീറോ മലബാർ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് വിവാദം സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ വരുന്ന ഞായറാഴ്ച കർദിനാളിന്റെ സർക്കുലർ പളളികളിൽ വായിക്കാൻ ഇന്ന് ചേർന്ന വൈദിക സമിതിയോഗം തീരുമാനിച്ചു.

കർദിനാൾ​ മാർ ജോർജ് ആലഞ്ചേരിയും സഹായ മെത്രാന്മാരും ചേർന്നായിരിക്കും ഈ സർക്കുലർ തയ്യറാക്കുക. എറണാകുളം അങ്കമാലി അതിരൂപതയുടെ വൈദിക സമിതി യോഗത്തിൽ 47 അംഗങ്ങൾ പങ്കെടുത്തു. അതിൽ ഭൂമി ഇടപാട് സംബന്ധിച്ച് ഫാ. ബെന്നി മാരാംപറമ്പിൽ കൺവീനറായ സമതിയുടെ റിപ്പോർട്ട് ചർച്ച ചെയ്തു. അതിനെ കുറിച്ച് വിശദമായ ചർച്ചയ്ക്ക് വീണ്ടും വൈദിക സമിതി ചേരും. അതിന് ശേഷം മാത്രമേ അടുത്തതായി രൂപീകരിച്ച അൽമായരുൾപ്പെട്ട പാസ്റ്ററാൽ കൗൺസിൽ ചേരുകയുളളൂ. ഫെബ്രുവരി പത്തിന് പാസ്റ്ററാൽ കൗൺസിൽ ചേരാൻ തീരുമാനിച്ചുവെങ്കിലും ഇന്നത്തെ വൈദിക സമിതി യോഗ തീരുമാനത്തിന്രെ അടിസ്ഥാനത്തിൽ അത് മാറ്റിവച്ചതായി വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മൂണ്ടാടൻ അറിയിച്ചു.

സീറോ മലബാർ സഭയുടെ മെത്രാൻ സിനഡ് ആവശ്യപ്പെട്ടത് അനുസരിച്ച് അതിരൂപതയുടെ ദൈനംദിന ഭരണ കാര്യങ്ങൾ ഇനി നിർവഹിക്കുക സഹായമെത്രാന്മാരും കൂടെ ചേർന്നായിരിക്കും എന്ന തീരുമാനം ഇന്ന് വൈദിക സമിതിയെ അറിയിച്ചു.

എറണാകുളം അങ്കമാലി അതിരൂപതയിൽ നടക്കുന്ന വിഷയം ആരാധനക്രമവുമായി ബന്ധപ്പെട്ട തർക്കമല്ലെന്നും അതിരൂപതയിലെ ഭരണപരമായ വിഷയം മാത്രമാണെന്നും വൈദിക സമിതി യോഗം വിലയിരുത്തി. ഈ സാഹചര്യത്തിൽ ഭൂമി ഇടപടുകളുടെ പേരിൽ കർദിനാളിനെയും സഹായമെത്രന്മാരെയും അതിരൂപതാ വൈദികരെയും അധിക്ഷേപിച്ചും കുറ്റപ്പെടുത്തിയും സോഷ്യൽ നെറ്റ് വർക്കുകളിലും മറ്റും സ്ഥാപിത താൽപര്യക്കാർ നടത്തുന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വൈദിക സമിതി യോഗം  കുറ്റപ്പെടുത്തി.

ഈ കുറ്റപ്പെടുത്തലിന് തൊട്ടുപിന്നാലെ ‘സത്യദീപം’ എന്ന സഭാ പ്രസിദ്ധീകരണം കത്തിച്ചവരെയും വൈദിക സഭ അപലപിച്ചു. അടുത്തടുത്ത രണ്ട് ലക്കങ്ങളിലായി ഭൂമി ഇടപാട് സംബന്ധിച്ച മുഖപ്രസംഗവും മുഖലേഖനവും വന്ന സത്യദീപമാണ് ചങ്ങനാശേരി അതിരൂപതയിൽ ഉൾപ്പെട്ടവർ എന്ന് ആരോപിക്കപ്പെടുന്ന ചിലർ കഴിഞ്ഞ ദിവസം കത്തിച്ചത്. സത്യദീപത്തിന്റെ രണ്ട് ലക്കത്തിലും  പേര് എടുത്തു പറയുന്നില്ലെങ്കിൽ പോലും കർദിനാളിനെതിരായ രൂക്ഷ വിമർശനമാണ് ഉന്നയിച്ചിട്ടുളളത്. ഈ സത്യദീപം കത്തിച്ചവരെ അപലപിച്ച വൈദിക സമിതിയോഗം ഇതേ സമയം കർദിനാളിനും സഹായമെത്രാന്മാർക്കുമെതിരായ ആരോപണങ്ങളെ കുറിച്ച് വന്ന വാർത്തകൾ ശരിയല്ലെന്നും  പറയുന്നു.

സത്യദീപം കത്തിക്കുക മാത്രമല്ല, അൽമായർ രൂപം നൽകിയ സംഘടന അങ്കമാലി സുബോധന പാസ്റ്ററൽ സെന്രറിൽ വിളിച്ചു ചേർത്ത യോഗം അലങ്കോലപ്പെടുത്തിയതിനെയും വൈദിക സഭ അപലപിച്ചു. സമാധാനപരമായി നടത്താൻ ശ്രമിച്ച യോഗം അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നതിനെ അപലപിക്കുന്നുവെന്നാണ് വൈദിക സമിതി തീരുമാനമായി അറിയിച്ചിട്ടുളളത്.

ഭൂമി ഇടപാട് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കരിക്കപ്പെടാനുളള സാധ്യത വീണ്ടും അകലുകയാണെന്നാണ് ഈ വൈദിക സമിതിയോഗം കഴിയുമ്പോഴും ലഭിക്കുന്ന സൂചന. ഇതിലെ പണമിടപാട് സംബന്ധിച്ച് പ്രശ്നങ്ങൾ​ കൂടുതൽ ദുരൂഹമാണെന്നും ഇതിന് പിന്നിലെ മുഴുവൻ വിഷയങ്ങളും പുറത്തുകൊണ്ടുവരണമെന്നുമുളള നിലപാടിലാണ് ഒരു വിഭാഗം വൈദികരും അൽമായരും. ഞായറാഴ്ചത്തെ കർദിനാളിന്രെ സർക്കുലർ വായിച്ച ശേഷം മറ്റ് കാര്യങ്ങളിലേയ്ക്ക് കടക്കാം. അതുവരെ കർദിനാളിനെ വിശ്വാസത്തിലെടുക്കാം എന്നതാണ് ഇപ്പോൾ ഇവർ സ്വീകരിച്ചിരിക്കുന്ന നിലപാട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ