കോഴിക്കോട്: കോടഞ്ചേരിയിൽ ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി. കോടഞ്ചേരി കല്ലത്തറമേട് ബ്രാഞ്ച് സെക്രട്ടറി തെറ്റാലില്‍ തമ്പി ഉൾപ്പെടെ ആറുപേരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ യുവതിയുടെ ഗർഭം അലസിയിരുന്നു.

കഴിഞ്ഞ മാസം 28 ന് രാത്രിയിലാണ് യുവതിക്കും കുടുംബത്തിനും നേരെ ആക്രമണമുണ്ടായത്. സിബി ചാക്കോയെയും ഭാര്യ ജ്യോൽസനയെയും രണ്ടു മക്കളെയും അയൽവാസിയുടെ നേതൃത്വത്തിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. അയൽവാസിയും സിബി ചാക്കോയും തമ്മിൽ അതിർത്തി തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യം മൂലമാണ് ആക്രമണം നടത്തിയത്.

ഗർഭിണിയായ ജ്യോൽസനയുടെ വയറിൽ അക്രമികൾ ചവിട്ടി. ഇതിനെ തുടർന്ന് ജ്യോൽസനയ്ക്ക് രക്ത സ്രാവമുണ്ടായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ജ്യോൽസനയെ പ്രവേശിപ്പിച്ചുവെങ്കിലും നാലു മാസം പ്രായമുളള ഗർഭസ്ഥ ശിശു മരിച്ചിരുന്നു. അക്രമികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് വൈകുന്നതിനെതിരെ പ്രതിഷേധവുമായി കുടുംബം രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ