കോഴിക്കോട് സർവകലാശാലയിലെ കൊമേഴ്‌സ് ആൻഡ് മാനേജ്‌‌മെന്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്നും ഡോക്ടറേറ്റ് എടുത്ത ഗവേഷക വിദ്യാർത്ഥിനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ തരംഗമാകുന്നത്. ഹൃദയം കൊണ്ടെഴുതിയ ആ വരികൾ കടന്നുവന്ന കാലത്തെ അടയാളപ്പെടുത്തുന്നു. പഠിക്കാനയച്ച അച്ഛനെ പരിഹസിച്ചവർക്ക്, കുറ്റം പറഞ്ഞവർക്ക് എല്ലാം പഠിച്ചു നേടിയ നേട്ടം കൊണ്ട് മറുപടി നൽകിയ മകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.  പ്രീതി മാടമ്പി എന്ന യുവതിയുടെ പോസ്റ്റാണ് ഇത്.

preethi and father, facebook post, viral

പ്രീതി അച്ഛനൊപ്പം (പഴയ ചിത്രം)

പ്രീതി ഗവേഷക  വിദ്യാർത്ഥിയായിരിക്കെയാണ് അച്ഛൻ ലോകത്തോട് വിടപറഞ്ഞത്. നാല് വർഷം മുമ്പ് നിര്യാതനായ അച്ഛനെ, പ്രീതി  ഓർത്തെടുക്കുകയാണ്   ഈ ഫെയ്‌സ് ബുക്ക് പോസ്റ്റിങ്ങിലൂടെ. ഫീലിങ് മിസ്സിങ് സംവൺ സെപ്‌ഷ്യൽ എന്ന് ടാഗോടുകൂടിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

നവോദയ സ്കൂളിൽ ചേർന്നു പഠിച്ചതിനെ കുറിച്ചും അവിടെ നിന്നും 2017 ജൂൺ 30ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും കൊമേഴ്‌സ് ആൻഡ് മാനേജ്മെന്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്നും ഡോക്ടറേറ്റ് ലഭിക്കുന്നതുവരെയുളള കാലമാണ് വളരെ കുറഞ്ഞ വാക്കുകളിൽ പ്രീതി മാടമ്പി എഴുതിയിരിക്കുന്നത്. തൃശൂർ കുന്ദംകുളം സ്വദേശിയായ തേരത്ത് മാടമ്പിയുടെയും ശാന്തയുടെയും മകളാണ് പ്രീതി. മൂത്ത സഹോദരി ശിൽപ്പ ബിടെക് കഴിഞ്ഞ ശേഷം ഒരു സ്വാശ്രയ എഞ്ചിനിയറിങ് കോളജിൽ ട്രേഡ്‌മാനായി ജോലി ചെയ്യുന്നു. പ്രീതി ഇപ്പോൾ  തിരൂർ തുഞ്ചൻ സ്മാരക ഗവൺമെന്റ് കോളജിൽ കൊമേഴ്‌സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപികയാണ്.

സർക്കാർ, സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രികളിലെ ലഭിക്കുന്ന സേവനത്തിന്റെ ഗുണനിലവാരത്തിൽ രോഗികൾ എത്രമാത്രം സംതൃപ്തരാണ് എന്നവിഷയത്തിലാണ് പ്രീതി ഗവേഷണ ബിരുദം നേടിയത്.

കാലത്തിന്റെ മഴപെയ്‌ത്തിൽ ഒഴുകിയൊലിച്ചുപോകാത്ത ഓർമ്മകളുടെ രക്തയോട്ടമായ ആ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം :

“വലതു തോളിൽ കൈക്കോട്ടും ഇടതു കയ്യിൽ മുഷിഞ്ഞ പ്ലാസ്റ്റിക് സഞ്ചിയിൽ ഒഴിഞ്ഞ വെള്ളം കുപ്പിയും വെട്ടുകത്തിയും വെച്ച് ആകെ വിയർത്തു ചെളി പറ്റിയ ചുവന്ന തോർത്തുമുണ്ട് മാത്രമുടുത്തു എല്ലാ വൈകുന്നേരവും വീട്ടിൽ കേറി വന്നിരുന്ന ഒരു മനുഷ്യ രൂപമുണ്ട്. കയ്യിൽ ചുരുട്ടി പിടിച്ച നനഞ്ഞ 150 രൂപ എടുത്തു മുറ്റത്തു കളിക്കുന്ന എന്റെ കയ്യിൽ തന്നിട്ട് പറയും ” കൊണ്ടുപോയി അച്ഛന്റെ പേഴ്സിൽ വെക്ക്” എന്ന്.
പഠിക്കാൻ മിടുക്കികളായിരുന്ന പെണ്മക്കൾ ശൈശവം കഴിഞ്ഞു കൗമാരത്തിലേക് കടന്നപ്പോൾ ചെലവിനെ കുറിച്ചോർത്തു ആധി കൊള്ളുന്ന സമയത്താണ് എനിക്ക് നവോദയ സ്കൂൾ പ്രവേശനം ലഭിക്കുന്നത്. ” പോവാം അല്ലേ മോളെ ..”. ഞാൻ എതിർത്തൊന്നും പറഞ്ഞില്ല. ബന്ധുക്കളിൽ ചിലർ അച്ഛനോട് ചോദിച്ചു ” അനക്ക് എന്തിന്റെ കേടാ മാടമ്പ്യേ…..കുട്ട്യോളെ വല്ലോടത്തും കൊണ്ടിട്ടു പഠിപ്പിച്ചാ അവറ്റകള് വഴിതെറ്റി പോകില്ലേ..”.അച്ഛൻ പക്ഷെ പുഞ്ചിരിച്ചു.

പിന്നീടങ്ങോട്ട് ഏഴു വര്ഷം സ്വർഗ്ഗത്തിലെന്ന പോലെ ജീവിച്ചു. ചോറിനു കൂട്ടാൻ ചേമ്പും പപ്പായയും ചക്കയും ചമ്മന്തിയും അല്ലാതെ വേറെയും ചിലതുണ്ടെന്നറിഞ്ഞത് അവിടെ വെച്ചാണ്. ചോറിനും കറികൾക്കുമൊന്നും സ്വാദില്ലെന്നു പലരും പറഞ്ഞപ്പോഴും ഞാനതെല്ലാം ആർത്തിയോടെ തിന്നു. എല്ലാ മാസവും ക്ലാസ് ടീച്ചർ സഞ്ചയികയിലേക്കുള്ള കാശ്‌ ചോദിക്കുമ്പോൾ തന്റെ കുട്ടി മറ്റുള്ളവരുടെ മുന്നിൽ നാണം കെടാതിരിക്കാൻ സന്ദർശന ദിനത്തിൽ അമ്മയെയും ചേച്ചിയെയും കൂട്ടാതെ വന്നു ആ വണ്ടിക്കൂലിയും ലാഭിച്ചു മുടങ്ങാതെ 50 രൂപ അച്ഛൻ എന്റെ കയ്യിൽ വെച്ച് തരുമായിരുന്നു.

വർഷങ്ങൾ കടന്നു പോയി. ബിരുദം കഴിഞ്ഞു ബിരുദാനന്തര ബിരുദത്തിനു ചേർന്നപ്പോൾ ചുറ്റുമുള്ളവർ വീണ്ടും പരിഹസിച്ചു. ” മാടമ്പ്യേട്ടാ.. എന്തിനാ മക്കളെ ഇങ്ങനെ പഠിപ്പിച്ച കൂട്ടണത് …പിള്ളേര് പഠിച്ച് പഠിച്ച് ഡോക്ടറേറ്റ് എടുക്ക്വോ …”

ജൂൺ 30 2017 വെള്ളിയാഴ്ച കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ കോമേഴ്‌സ് ആൻഡ് മാനേജ്‌മന്റ് സ്റ്റഡീസ് സെമിനാർ ഹാളിൽ വെച്ച് എനിക്ക് ഡോക്ടറേറ്റ് അവാർഡ് ചെയ്തിരിക്കുന്നു.

പോയി പറയച്ഛാ ..എല്ലാരോടും …അച്ഛന്റെ മോള് ഡോക്ടറേറ്റ് എടുത്തു ന്ന്…”

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ