കൊച്ചി:  ഇടപ്പള്ളി പത്തടിപ്പാലത്ത് പ്രീത ഷാജിയേയും കുടുംബത്തേയും വഴിയാധാരമാക്കി വീട്‌ ജപ്തി ചെയ്യാനുള്ള നടപടിയിൽനിന്ന്‌ ബാങ്ക്‌ പിന്മാറണമെന്നും ജപ്‌തി നടപടികൾ നിർത്തിവയ്‌ക്കണമെന്നും ധനമന്ത്രി തോമസ്‌ ഐസക്‌. ജപ്‌തിക്കിടയാക്കിയ കാര്യങ്ങളടക്കം സർക്കാരുമായി ചർച്ച നടത്താൻ ബാങ്ക്‌ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഒരു കുടുംബത്തെ തെരുവിലിറക്കിവിട്ടുള്ള ജപ്‌തി നടപടിയെ സർക്കാർ അംഗീകരിക്കുന്നില്ല. ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട്‌ വളരെ വ്യക്‌തമാണ്‌. അത്തരം നടപടികൾ ഒഴിവാക്കണമെന്ന്‌ തന്നെയാണ്‌ നേരത്തെയും പറഞ്ഞിട്ടുള്ളത്‌. വിജയ്‌ മല്യയെ പോലെയുള്ളവർ അനേകം കോടി രൂപ ലോണെടുത്ത്‌ മുങ്ങുമ്പോൾ കാണിക്കാത്ത വികാരവും പരവേശവുമൊന്നും ഇക്കാര്യത്തിൽ ബാങ്കുകൾ കാണിക്കേണ്ട കാര്യമില്ലെന്നും ഐസക്‌ പറഞ്ഞു.

Read More : 

ബാങ്കുകള്‍ മോദിയോടും മല്ല്യയോടും ചെയ്യാത്തതും പത്തടിപ്പാലം ഷാജിയോട് ചെയ്യുന്നതും ഇതാണ്

ഇടപ്പള്ളി മാനത്തുപാടത്ത് വീട്ടില്‍ പ്രീത ഷാജിയുടെ വീടും സ്ഥലവും ഏറ്റെടുക്കുന്ന വിഷയത്തിലാണ്‌ ബാങ്കിനോട്‌ ജപ്‌തി നടപടി നിർത്തി വയ്‌ക്കാൻ ആവശ്യപ്പെട്ടത്‌. ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ വീട് ജപ്തിയ്ക്കുള്ള നീക്കത്തെ തുടർന്ന്‌ രാവിലെ സംഘര്‍ഷമുണ്ടായിരുന്നു. 9ന് രാവിലെ 8.30 ന് മുമ്പ് ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കാനായിരുന്നു കോടതി ഉത്തരവ്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിക്കുകയായിരുന്നു.

1994ല്‍ എച്ച്ഡിഎഫ്‌സി ബാങ്കില്‍ നിന്ന് സുഹൃത്തിന് രണ്ടുലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്നതാണ് പ്രീതയുടെ ഭര്‍ത്താവ് ഷാജി. ഇപ്പോള്‍ രണ്ടുകോടി മുപ്പതുലക്ഷം രൂപ കുടിശികയാണെന്നാണ് ബാങ്കിന്റെ കണക്ക്. ഇതിന്റെ പേരില്‍ രണ്ടരക്കോടി രൂപ വില കണക്കാക്കുന്ന പ്രീതയുടെ കിടപ്പാടം 38 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വിറ്റുവെന്ന് പറയുന്നു.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ജപ്തി നടപടികള്‍. ഇതിനായി അഭിഭാഷക കമ്മീഷന്‍ തിങ്കളാഴ്ച രാവിലെ എത്തിയതോടെയാണ് സംഘര്‍ഷം ഉണ്ടായത്.

Read More : ജാമ്യം നിന്നതിന് ജപ്‌തി നടപടി, ആത്മഹത്യക്കൊരുങ്ങി വീട്ടമ്മ, നാട്ടുകാരുടെ പ്രതിഷേധം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.