കൊച്ചി: ഇടപ്പള്ളി പത്തടിപ്പാലത്ത് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ കുടിയൊഴിപ്പിക്കല്‍ ഭീഷണിക്കെതിരെ സമരം ചെയ്യുന്ന പ്രീത ഷാജിക്ക് പിന്തുണയുമായി എത്തിയ സര്‍ഫാസി ഇരകള്‍ പൊലീസ് കസ്റ്റഡിയില്‍. പ്രീത ഷാജിയുടെ വീട്ടില്‍ നിന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയിലാണ് സ്ത്രീകളടക്കം വരുന്ന നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആലപ്പുഴ സ്വദേശികളായ ടി.പി.ജയകുമാര്‍, നൈസി, മൂവാറ്റുപുഴ സ്വദേശി ബിജീഷ്, തൊടുപുഴ സ്വദേശി പ്രകാശ് എന്നിവരെയാണ് കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂലൈ ഒൻപതിന് വീടും പറമ്പും ഒഴിപ്പിക്കണം എന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ജപ്‌തി നടപടി ആരംഭിച്ചതോടെ നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധിക്കുകയും ജപ്തി തടയുകയുമായിരുന്നു. വീട്ടിലേക്കുള്ള വഴിയില്‍ പെട്രോള്‍ ഒഴിച്ച് തീയിട്ടായിരുന്നു ജനങ്ങളുടെ പ്രതിഷേധം. സമരക്കാരെ തീയണയ്ക്കാനുള്ള വെള്ളവും ദ്രാവകവും ചീറ്റിയാണ് പൊലീസ് പ്രതിരോധിച്ചത്.
ഇരുപത്തിനാല് വര്‍ഷം മുന്‍പാണ് സുഹൃത്തിനുവേണ്ടി രണ്ട് ലക്ഷം രൂപ വായ്‌പയ്ക്ക് ഷാജിയുടെ 22.5 സെന്റ് ഭൂമി ഈട് വയ്ക്കുന്നത്. ലോര്‍ഡ് കൃഷ്ണാ ബാങ്കില്‍ നിന്ന ജാമ്യം ലോര്‍ഡ് കൃഷ്ണ സെഞ്ചൂറിയന്‍ ബാങ്കില്‍ ലയിച്ചതോടെ സെഞ്ചൂറിയനിലും, സെഞ്ചൂറിയന്‍ എച്ച്ഡിഎഫ്‌സി വാങ്ങിയതോടെ എച്ച്ഡിഎഫ്‌സി ബാങ്കിലും വന്നുചേരുകയായിരുന്നു. 2014 ഫെബ്രുവരിയില്‍ ഓണ്‍ലൈന്‍ ലേലം വഴിയാണ് എച്ച്ഡിഎഫ്സി ബാങ്ക് സ്ഥലത്തിന്‍റെ ലേലം പൂര്‍ത്തിയാക്കുന്നത്. തങ്ങളുടെ സ്ഥലം ലേലം ചെയ്തതായി വീട്ടുകാര്‍ അറിയുന്നത് തന്നെ ഏറെ വൈകിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് പ്രീത ഷാജിയുടെ സമരം അവസാനിപ്പിച്ചത്.
ബാങ്കുകള്‍ മോദിയോടും മല്ല്യയോടും ചെയ്യാത്തതും പത്തടിപ്പാലം ഷാജിയോട് ചെയ്യുന്നതും ഇതാണ്
അതേസമയം, കസ്റ്റഡിയിലായവര്‍ക്കെതിരെ ഇതുവരെയും കേസ് ഒന്നും എടുത്തിട്ടില്ല എന്ന് കളമശ്ശേരി പൊലീസ് ഇന്ത്യന്‍ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. എസ്ഐ സ്ഥലത്ത് ഇല്ലാ എന്നും എസ്ഐ വന്ന ശേഷം നടപടിയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകും എന്നായിരുന്നു പൊലീസിന്റെ വിശദീകരണം.
സമരസ്ഥലത്ത് നിന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാതെ വഴിക്ക് വച്ച് തടഞ്ഞ് കസ്റ്റഡിയിലെടുത്തത് പൊലീസിന്റെ പകപോക്കല്‍ നടപടിയാണ് എന്ന് സര്‍ഫാസി വിരുദ്ധ സമരസമിതിയും ആരോപിച്ചു.
നേരത്തെ തന്നെ പ്രീത ഷാജിയേയും കുടുംബത്തേയും വഴിയാധാരമാക്കി വീട് ജപ്തി ചെയ്യാനുള്ള നടപടിയിൽനിന്ന് ബാങ്ക് പിന്മാറണമെന്നും ജപ്‌തി നടപടികൾ നിർത്തിവയ്‌ക്കണമെന്നും ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടിരുന്നു. ജപ്‌തിക്കിടയാക്കിയ കാര്യങ്ങളടക്കം സർക്കാരുമായി ചർച്ച നടത്താൻ ബാങ്ക് തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
ഒരു കുടുംബത്തെ തെരുവിലിറക്കിവിട്ടുള്ള ജപ്‌തി നടപടിയെ സർക്കാർ അംഗീകരിക്കുന്നില്ല. ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് വളരെ വ്യക്‌തമാണ്. അത്തരം നടപടികൾ ഒഴിവാക്കണമെന്ന് തന്നെയാണ് നേരത്തെയും പറഞ്ഞിട്ടുള്ളത്. വിജയ് മല്യയെ പോലെയുള്ളവർ അനേകം കോടി രൂപ ലോണെടുത്ത് മുങ്ങുമ്പോൾ കാണിക്കാത്ത വികാരവും പരവേശവുമൊന്നും ഇക്കാര്യത്തിൽ ബാങ്കുകൾ കാണിക്കേണ്ട കാര്യമില്ലെന്നും ഐസക് പറഞ്ഞു.