കൊച്ചി: ഏറെ വിവാദം സൃഷ്ടിച്ച പ്രീത ഷാജി കേസിൽ ബാങ്കിന്റെ ലേല നടപടികൾ ഹൈക്കോടതി റദ്ദാക്കി. വീട് സ്വന്തമാക്കാൻ പ്രീത ഷാജിക്ക് സമയം അനുവദിച്ച കോടതി പക്ഷെ വായ്പയും പലിശയും അടക്കം മുഴുവൻ തുകയും ഒരു മാസത്തിനുളളിൽ അടയ്ക്കണം എന്ന നിർദേശമാണ് വച്ചത്.
വായ്പ തുകയും പലിശയും അടക്കം ആകെ 43,51,362 രൂപ ഒരു മാസത്തിനകം ബാങ്കിന് നൽകണം. ഭൂമി ലേലത്തിൽ വാങ്ങിയ രതീഷിന്റെ ഹർജി കോടതി തളളി. 1.89 ലക്ഷം രൂപ രതീഷിന് നൽകണം എന്നും കോടതി വ്യക്തമാക്കി.
പ്രീത ഷാജിക്കെതിരായ എല്ലാ മുൻ ഉത്തരവുകളും കോടതി പിൻവലിച്ചെങ്കിലും ഒരു മാസത്തിനകം പണം അടയ്ക്കാൻ സാധിച്ചില്ലെങ്കിൽ വീടും സ്ഥലവും ലേലം ചെയ്യാമെന്നും കോടതി വ്യക്തമാക്കി. ലേലം റദ്ദാക്കിക്കൊണ്ടുളള ഹൈക്കോടതി വിധി, സർഫ്രാസി കുരുക്കിൽ പെട്ട് കഴിയുന്നവർക്ക് ആശ്വാസമാകുമെന്ന് പ്രീത ഷാജി പറഞ്ഞു. കോടതി നിർദേശിച്ച തുക കെട്ടിവച്ച് ഒരു മാസത്തിനകം വീട് സ്വന്തമാക്കുമെന്നും അവർ പറഞ്ഞു.
അയൽവാസിയായ സുഹൃത്തിന് വായ്പയെടുക്കുന്നതിന് ജാമ്യം നിന്നാണ് പ്രീത ഷാജി പ്രതിസന്ധിയിലായത്. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ പ്രീത ഷാജിയുടെ വീട് ബാങ്ക് ലേലം ചെയ്തു. പിന്നീട് വീടിന് മുന്നിൽ പ്രീത സമരം ചെയ്തു. ഏറെ വിവാദമായ കേസിൽ ഹൈക്കോടതി ഇടപെട്ടതോടെ നിർണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.