കൊച്ചി: കിടപ്പാടം ജപ്തി ചെയ്യാനുളള ബാങ്ക് നീക്കത്തിനെതിരെ സമരവുമായി എത്തിയ പ്രീതാ ഷാജി ഉൾപ്പെടയുളളവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിന് മുന്നിൽ ദ്വിദിന രാപ്പകൽ സമരം നടത്താനെത്തിയവരെയാണ് അറസ്റ്റ് ചെയ്തത്.

രാവിലെ 11.30 ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിന് മുന്നിൽ​ സമരം ചെയ്യാനെത്തിയ മുപ്പതോളം പേരെ കസ്റ്റഡിയിലെടുത്തു. ജപ്തിക്കെതിരെ രാപ്പകൽ സമരം നടത്താൻ എത്തിയ പ്രീത ഷാജിയെയും അവർക്കൊപ്പം എത്തിയവരെയുമാണ് അറസ്റ്റ് ചെയ്തത്. ഇതിൽ 12 പേർക്കെതിരെ കേസ്സെടുത്തതായാണ് ആദ്യ വിവരം.

പ്രകോപനങ്ങളില്ലാതെയാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്ന് സമരക്കാർ പറഞ്ഞു. സമരം ആരംഭിക്കുന്നതിന് മുന്പ് തന്നെ തങ്ങളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പ്രതിഷേധവുമായി എത്തിയവർ മാധ്യമങ്ങളോട് പറഞ്ഞു.

കോഴ ലേലങ്ങള്‍ റദ്ദ് ചെയ്യുക, വഴിവിട്ട കടം പിടിച്ചെടുക്കല്‍ വിലയിരുത്താന്‍ ജുഡീഷ്യല്‍ കമ്മീഷനേയും റിയല്‍ എസ്റ്റേറ്റ് കോഴ ലേലം അന്വേഷിക്കാന്‍ സിബിഐയെയും നിയോഗിക്കുക എന്നീ ആവശ്യങ്ങളുമായാണ് രാപ്പകല്‍ സമരം സംഘടിപ്പിച്ചത്. ഇന്നും നാളെയുമായി രണ്ട് ദിവസ സമരമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സമരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

ജാമ്യം നിന്നതിന്റെ പേരിൽ കിടപ്പാടം നഷ്ടമാകുന്ന സാഹചര്യത്തിൽ അതിജീവന സമരം ചെയ്യുകയാണ് പ്രീതാ ഷാജിയും കുടുംബവും.

ബാങ്കുകള്‍ മോദിയോടും മല്ല്യയോടും ചെയ്യാത്തതും പത്തടിപ്പാലം ഷാജിയോട് ചെയ്യുന്നതും ഇതാണ്

സുഹൃത്തിനായി 24 വർഷം മുമ്പ് രണ്ട് ലക്ഷം രൂപയ്ക്ക് ജാമ്യം നിന്നതാണ് ഇവരുടെ കിടപ്പാടം ജപ്തി ചെയ്യുന്നതിന് ബാങ്ക് തീരുമാനിച്ചത്. രണ്ട് ലക്ഷം രൂപയുടെ കുറേ പണം തിരിച്ചടച്ചുവെങ്കിലും ഇവരുടെ 23 സെന്റോളം സ്ഥലമാണ് രണ്ട് ലക്ഷം രൂപയ്ക്ക് വേണ്ടി ജപ്തി ചെയ്യാൻ തീരുമാനിച്ചത്. നിസ്സാര വിലയ്ക്കാണ് ജപ്തി ചെയ്യാൻ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ റിക്കവറി ഓഫീസർ നടപ്പാക്കുന്നതെന്നും ഇതിൽ അഴിമതിയുണ്ടെന്നും സമരക്കാർ ആരോപിക്കുന്നു.

നേരത്തെ ഇവരുടെ കിടപ്പാടം ജപ്തി ചെയ്യാൻ എത്തിയവരെ സർഫാസി വിരുദ്ധ​സമര സമിതിയും സർഫാസി ഇരകളും ഇവർക്കൊപ്പം നിന്ന് എതിർത്തതിനെ തുടർന്ന് ജപ്തി നടപടി നടക്കാതെ പോയിരുന്നു. കുടിയൊഴിപ്പിക്കല്‍ പ്രതിരോധിക്കാനെത്തിയ സമര സമിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റമടക്കം ചുമത്തിയാണ് സമര സമിതി പ്രവര്‍ത്തകരെ ജയിലില്‍ അടച്ചത്. ഇവർക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.

പ്രീതാ ഷാജിയെയും കുടുംബത്തെയും വഴിയാധാരമാക്കുന്ന ബാങ്ക് നടപടിക്കെതിരെ ധനമന്ത്രി തോമസ് ഐസക് നേരത്തെ പരസ്യ പിന്തുണയുമായി രംഗത്ത് വന്നിരുന്നു. വിജയ്‌ മല്യയെ പോലെയുള്ളവർ അനേകം കോടി രൂപ ലോണെടുത്ത്‌ മുങ്ങുമ്പോൾ കാണിക്കാത്ത വികാരവും പരവേശവുമൊന്നും ഇക്കാര്യത്തിൽ ബാങ്കുകൾ കാണിക്കേണ്ട കാര്യമില്ലെന്നും ഐസക്‌ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.