പത്തനംതിട്ട: താന്‍ ബിജെപിയില്‍ ചേരുമെന്ന പ്രചരണത്തെ തളളി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. താന്‍ അച്ഛന് പിറന്നവനാണെന്നും ആര്‍എസ്എസിലേക്ക് പോവില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്നു. യുവതികളെ തടയാനല്ല. അത് തടയേണ്ടത് പൊലീസാണ്. ഇവിടെ നാളെ വിശ്വാസികളുടേതായ ഒരു സര്‍ക്കാരുണ്ടാകും. അത് കോണ്‍ഗ്രസാകാം. അല്ലെങ്കില്‍ മറ്റൊരു പാര്‍ട്ടിയാകാം. ഞാന്‍ ആര്‍എസ്എസിലേക്ക് പോകുന്നുവെന്നാണ് ചിലര്‍ പറയുന്നത്. ഞാന്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയാണ്. ഞാനൊരു അച്ഛന് പിറന്നവനാണ്. ആര്‍എസ്എസിലേക്ക് പോകില്ല,’ പ്രയാര്‍ മനോരമ ന്യൂസിനോട് വ്യക്തമാക്കി.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ താന്‍ ശബരിമല ദര്‍ശിക്കാന്‍ പോകുന്നത് നിര്‍ത്തുമെന്നും അദ്ദേഹം പ്രസ്താവന നടത്തിയിട്ടുണ്ട്. പ്രതിഷേധങ്ങള്‍ക്കില്ലെന്നും അതേസമയം, പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ജീവന് ത്യാഗം ചെയ്യേണ്ടി വന്നാല്‍ അതിനും തയ്യാറാണെന്നും പ്രയാര്‍ പറഞ്ഞു.
സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്തവര്‍ക്ക് നേരെ പൊലീസ് നടപടിയെടുത്തത് ശരിയായില്ല. അടിച്ചമര്‍ത്താനാണ് ശ്രമമെങ്കില്‍ ചെയ്യട്ടെ. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കാനായി താന്‍ ശബരിമലയിലേക്ക് പോകുകയാണെന്നും പ്രയാര്‍ പറഞ്ഞു. ആചാരം തെറ്റിച്ച് സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ താന്‍ പിന്നെ ശബരിമലയില്‍ പോകില്ല. വിശ്വാസികള്‍ അധികാരത്തില്‍ വരികയും നിയമത്തില്‍ മാറ്റമുണ്ടാകുകയും ചെയ്താല്‍ മാത്രമേ പിന്നീട് ശബരിമലയില്‍ പോകൂവെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ആര്‍എസ്എസുകാരനല്ലെന്നും കോണ്‍ഗ്രസുകാരനാണെന്നും പ്രയാര്‍ കൂട്ടിച്ചേര്‍ത്തു. പമ്പയില്‍ നാമജപ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ശബരിമലയില്‍ എത്തിയപ്പോഴാണ് പ്രയാര്‍ സംസാരിച്ചത്. പമ്പയില്‍ രാവിലെ തന്നെ നാമജപ പ്രതിഷേധം ആരംഭിച്ചിരുന്നു.