തൃശൂർ: തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ ഒളിവിൽ കഴിയാനുള്ള പണത്തിനായ് വിവാഹ മോതിരം വിറ്റതായി സേഫ് ആൻഡ് സ്ട്രോങ് തട്ടിപ്പുകേസിലെ പ്രതി പ്രവീൺ റാണ. സുഹൃത്തുക്കളായ പലരോടും പണം ചോദിച്ചെങ്കിലും കിട്ടിയില്ല. തുടർന്നാണ് കോയമ്പത്തൂരിലെത്തി കയ്യിലുണ്ടായിരുന്ന വിവാഹ മോതിരം 75000 രൂപയ്ക്ക് വിറ്റത്. പൊലീസ് ചോദ്യം ചെയ്യലിലാണ് റാണ ഇക്കാര്യം പറഞ്ഞതെന്നാണ് പുറത്തുവരുന്ന മാധ്യമ റിപ്പോർട്ടുകൾ.
റാണയുടെ അക്കൗണ്ടുകളും കാലിയാണ്. സുഹൃത്ത് ഷൗക്കത്തിന് 16 കോടി കടം കൊടുത്തതായി റാണ പൊലീസിന് മൊഴി നൽകിയതായാണ് സൂചന. വിവാഹത്തിനായി കോടികൾ ധൂർത്തടിച്ചെന്നും ധൂർത്ത് തന്നെ ദരിദ്രനാക്കിയെന്നും റാണ പറഞ്ഞതായി വിവരമുണ്ട്. തന്റെ കൈവശമുള്ളത് പാലക്കാട്ടെ 52 സെന്റ് സ്ഥലവും സുഹൃത്തിന് കടം കൊടുത്ത 16 കോടിയുമാണെന്നും റാണ പൊലീസിനോട് പറഞ്ഞതായാണ് സൂചന. പ്രവീൺ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി.
പൊള്ളാച്ചി-കോയമ്പത്തൂർ റൂട്ടിൽ കിണത്തുക്കടവിന് സമീപമുള്ള കുഗ്രാമമായ ദേവരായപുരത്ത് റാണ ഒളിവിൽ കഴിഞ്ഞത് സന്യാസി വേഷത്തിലാണ്. കേരള അതിർത്തിയായ വേലന്താവളത്തുനിന്ന് 15 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. ഇവിടെയുള്ള കരിങ്കൽക്വാറിക്കടുത്തുള്ള വീട്ടിൽ ഒരു തൊഴിലാളിയുടെ കൂടെയായിരുന്നു റാണെയുടെ താമസം. ആളെ തിരിച്ചറിയാതിരിക്കാനായിരുന്നു സന്യാസിയുടെ വേഷം കെട്ടിയത്.
അതിഥി തൊഴിലാളിയുടെ ഫോണിൽനിന്ന് റാണ വീട്ടുകാരെ ബന്ധപ്പെട്ടതാണ് പൊലീസിന് വഴിത്തിരിവായത്. ഫോൺ പിന്തുടർന്നുള്ള അന്വേഷണമാണ് ദേവരായപുരത്ത് എത്തിയതും റാണയുടെ അറസ്റ്റിലേക്ക് വഴിവച്ചതും. കമ്മിഷണറുടെ നേതൃത്വത്തിൽ 2 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണസംഘം റാണയെ അറസ്റ്റ് ചെയ്യാനെത്തിയത്.
തട്ടിപ്പ് കേസില്‍ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ ജനുവരി ആറിനാണ് റാണ സംസ്ഥാനം വിട്ടത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയ്ക്ക് എതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരധി പരാതികള്‍ ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇയാളുടെ സുഹൃത്തുക്കളുള്ള സംസ്ഥാനങ്ങളില്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.
തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച സേഫ് ആന്‍ഡ് സ്ട്രോങ്ങ് കമ്പനിയുടെ ചെയര്‍മാനായിരുന്നു പ്രവീണ്‍. വന്‍ പലിശ വാഗ്ധാനം ചെയ്തായിരുന്നു കോടികളുടെ തട്ടിപ്പ്. 150 കോടിയിലധികം തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക നിഗമനം.