തിരുവനന്തപുരം: ജീവിത പോരാട്ടത്തിലൂടെ മറ്റുള്ളവര്‍ക്ക് മാതൃകയായ ഹനാന് വീടു വയ്ക്കാന്‍ സ്ഥലം നല്‍കാമെന്ന് പ്രവാസി മലയാളി. ഹനാന് വീടുവയ്ക്കാനായി അഞ്ച് സെന്റ് ഭൂമി നല്‍കാമെന്ന് കുവൈത്തിലുള്ള സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനായ ജോയി മുണ്ടക്കാടന്‍ ആണ് അറിയിച്ചത്. നേരത്തെ ഹനാനെ സഹായിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുമനസുകളോടായി അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത്. രമേശ് ചെന്നിത്തലയെയാണ് വീടു വയ്ക്കാന്‍ ഭൂമി നല്‍കാമെന്ന് അറിയിച്ചത്.

ഹനാന്‍ പഠിക്കുന്ന തൊടുപുഴ അല്‍ അസര്‍ കോളേജില്‍ പോയി വരാനുളള സൗകര്യം പരിഗണിച്ച് പാല രാമപുരത്ത് അന്ത്യാളത്ത് അഞ്ച് സെന്റ് ഭൂമി നല്‍കാം എന്നാണ് ജോയി അറിയിച്ചിരിക്കുന്നത്.

മീന്‍ വില്‍പന നടത്തിയതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഹനാനെ അവഹേളിച്ച വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖിനെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനിടെ അയാള്‍ തനിക്ക് ചുറ്റും നടക്കുന്നത് കണ്ടിരുന്നതായി ഹനാന്‍ പറഞ്ഞു.

‘കോളജില്‍ നിന്ന് അയച്ച വാഹനത്തിലാണ് അന്നേ ദിവസം ഞാന്‍ മാധ്യമ പ്രവര്‍ത്തകരെ കാണാനായി പോയത്. അവിടെ എത്തിയത് മുതല്‍ കാണുന്നതാണ് ഈ നൂറുദ്ദീന്‍ ഷെയ്ഖിനെ. ഒരു മാനസിക രോഗിയെപോലെ ഇയാള്‍ തന്റെ പുറകില്‍ നടക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന ഒരു വനിതാ റിപ്പോര്‍ട്ടറോട് തന്നെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്രയും ഉപദ്രവകാരിയാണ് ഇയാള്‍ എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. നിയമം നിയമത്തിന്റെ രീതിയില്‍ പോകുന്നുണ്ട്. സര്‍ക്കാരിന്റെയും കോളേജിന്റെയും ഭാഗത്ത് നിന്ന് എല്ലാ സഹായങ്ങളുമുണ്ട്’- ഹനാന്‍ പറഞ്ഞു.

കൊച്ചി സിറ്റി പൊലീസ് ഇന്നലെ നൂറുദ്ദീനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ഇയാള്‍ ഹനാനെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. തുടര്‍ന്ന് ഈ വീഡിയോ വൈറലായി മാറി. കൂടാതെ ഇതിന് വിശദീകരണം നല്‍കിയും ഇയാള്‍ വെള്ളിയാഴ്ച വീഡിയോ തയ്യാറാക്കി.

ഈ ലൈവ് വീഡിയോയിലും ഹനാനെതിരെ അധിക്ഷേപപരമായ പരാമര്‍ശങ്ങളുണ്ട്. വയനാട് സ്വദേശിയായ ഇയാള്‍ കൊച്ചിയിലാണ് താമസിക്കുന്നത്. ഹനാനെ അപകീര്‍ത്തിപ്പെടുത്തിയ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴി ഹനാനെ അപമാനിച്ച മുഴുവന്‍ പേര്‍ക്കെതിരെയും കേസെടുക്കും. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് കേസ് അന്വേഷണം.
Read More: ഹനാന് മീൻ കച്ചവടം നടത്താൻ കിയോസ്ക് നൽകും: കൊച്ചി നഗരസഭ

ഹനാന്‍ എന്ന വിദ്യാര്‍ത്ഥിനി ജീവിതമാര്‍ഗമായി എറണാകുളം തമ്മനത്ത് മീന്‍ വില്‍ക്കുന്നതായി വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ആ കുട്ടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ അപവാദ പ്രചരണവും ആക്രമണങ്ങളും നടന്നിരുന്നു. മാധ്യമങ്ങളെ ആക്രമിക്കുന്നു എന്ന രീതിയില്‍ പെണ്‍കുട്ടിക്ക് നേരെയാണ് സൈബര്‍ ലോകത്ത് നിന്നും ആക്രമണമുണ്ടായത്.

സൈബര്‍ ആക്രമണം കടുത്തതോടെ തന്നെ ജീവിക്കാന്‍ വിടണമെന്ന് ഹനാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു. ‘എന്റെ അക്കൗണ്ടിലേക്ക് ഒന്നരലക്ഷത്തോളം രൂപ വന്നിട്ടുണ്ടെന്നാണറിഞ്ഞത്. എനിക്കൊരാളുടെയും പണം വേണ്ട. എന്നെ ഇങ്ങനെ സ്‌നേഹിക്കരുത്. ജീവിക്കാന്‍ അനുവദിക്കണം. പണിയെടുത്ത് എങ്ങനെയെങ്കിലും ജീവിച്ചോളാം. കൂലിപ്പണിയെടുത്തിട്ടാണെങ്കിലും പാത്രം കഴുകയിട്ടാണെങ്കിലും,’ ഹനാന്‍ പറഞ്ഞു.

വിവാദ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തമ്മനത്ത് മീന്‍ കച്ചവടം നടത്താനെത്തിയ ഹനാന് കച്ചവടം ചെയ്യാന്‍ പൊലീസ് അനുമതി നല്‍കിയില്ല. ഇതോടെ ഹനാന് തന്റെ ഉപജീവന മാര്‍ഗമായ മീന്‍ കച്ചവടം നടത്താന്‍ കൊച്ചി നഗരസഭ കിയോസ്‌ക് നല്‍കുമെന്ന് മേയര്‍ സൗമിനി ജെയിന്‍ അറിയിച്ചു. നഗരസഭമേഖലയിലെ സൗകര്യമുളള സ്ഥലം ഇതിനായി നല്‍കും. നഗരസഭ നേരിട്ട് ഹനാന് ലൈസന്‍സ് നല്‍കുമെന്നും മേയര്‍ പറഞ്ഞു.

Alsp Read: സ്വന്തം കാലില്‍ നിന്ന് പഠിക്കുകയെന്നത് ഏറെ അഭിമാനകരം; ഹനാനെ പിന്തുണച്ച് പിണറായി വിജയൻ

ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദന്‍, സംസ്ഥാന വനിതാ കമ്മീഷന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.