കേരള പൊലീസ് നിയമഭേദഗതി പിൻവലിക്കുന്നെന്ന തീരുമാനത്തെ പ്രശംസിച്ച് മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. പൊതു ജനാഭിപ്രായത്തെ മാനിക്കുന്ന ചില മുഖ്യമന്ത്രിമാർ ഇപ്പോഴും ഉണ്ടെന്നറിയുന്നതിൽ ഏറെ സന്തോഷമെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു. ‘പിണറായി വിജയന്, ഇത് കേള്‍ക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. പൊതു ജനാഭിപ്രായം മാനിക്കുന്ന ചില മുഖ്യമന്ത്രിമാര്‍ നമ്മുടെ നാട്ടില്‍ ഇപ്പോഴുമുണ്ടെന്നറിയുന്നത് വലിയ സംതൃപ്തി തരുന്ന കാര്യമാണ്,’ പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തു.
Glad to hear this @vijayanpinarayi. It is gratifying to learn that there are still some CMs who are sensitive to Independent public opinion https://t.co/95teH5OoUK
— Prashant Bhushan (@pbhushan1) November 23, 2020
നേരത്തെ, പൊലീസ് ആക്ട് ഭേദഗതിക്കെതിരെ പ്രശാന്ത് ഭൂഷൺ വിമർശനമുന്നയിച്ചിരുന്നു. കേരള സര്‍ക്കാര്‍ പൊലീസ് നിയമങ്ങളില്‍ ഭേദഗതി വരുത്തിയ നടപടി നിര്‍ദ്ദയവും വിമതശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതാണെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Kerala has amended the Kerala PoliceAct by ordinance that provides jail term for any social media or cyber post that is deemed “offensive” or threatening.This is draconian& bound to be abused to silence dissent.Similar Sec 66A of the IT Act was struck downhttps://t.co/Z6V6EcfFk7
— Prashant Bhushan (@pbhushan1) November 22, 2020
“കുറ്റകരമായി കരുതപ്പെടുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് ജയില്‍ ശിക്ഷ നല്കുന്ന ഓര്‍ഡിനന്‍സിലൂടെ കേരള പൊലീസ് ആക്ടില്‍ സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇത് ക്രൂരവും വിമത ശബ്ദങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്ന നിയമമാണ്. ഐടി ആക്ടില്‍ നിന്ന് ഒഴിവാക്കിയ സെക്ഷന്‍ 66 (എ)യ്ക്ക് സമാനമാണിത്,” പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയ്ക്ക് ഗവർണർ അംഗീകാരം നല്‍കിയത്. പൊലീസ് നിയമത്തില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്താണ് ഭേദഗതി ചെയ്തത്. കേരള പോലീസ് നിയമത്തിൽ 118 (എ) എന്ന പുതിയ വകുപ്പ് ഉൾക്കൊള്ളുന്ന ഓർഡിനൻസിൽ ഒപ്പിട്ടതായി ഗവർണറുടെ ഓഫീസ് ശനിയാഴ്ച സ്ഥിരീകരിച്ചു. ഈ വകുപ്പ് പ്രകാരം ഏതെങ്കിലും ആശയവിനിമയത്തിലൂടെ ഏതെങ്കിലും വ്യക്തിയെ അപകീർത്തിപ്പെടുത്തുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ വിവരങ്ങൾ സൃഷ്ടിക്കുകയോ അയയ്ക്കുകയോ ചെയ്യുന്നയാൾക്ക് അഞ്ച് വർഷം തടവും 10,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ചുമത്താനായിരുന്നു ഭേദഗതി.
എന്നാൽ, ഈ ഭേദഗതി പൊലീസിന് കൂടുതൽ അധികാരം നൽകുക വഴി മാധ്യമസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുമെന്ന് പരക്കെ വിമർശനം ഉയർന്നു. ഇടതുപക്ഷ സഹയാത്രികർ പോലും പൊലീസ് ആക്ട് ഭേദഗതിയെ രൂക്ഷമായി വിമർശിച്ചു രംഗത്തെത്തിയിരുന്നു. വിമർശനം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് നിയമ ഭേദഗതി ഉടൻ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചത്.
ഇടതുമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരുമടക്കം ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിൽ നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇക്കാര്യത്തില്‍ നിയമസഭയില്‍ വിശദമായ ചര്‍ച്ച നടത്തി, എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.