ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ കലക്ടര്‍ പ്രശാന്ത് നായരെ നിയമിച്ചു. അഞ്ചു വര്‍ഷത്തേക്കാണു നിയമനം. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.
കോഴിക്കോട് കലക്ടറായിരുന്നപ്പോള്‍ നിരവധി ജനകീയ പദ്ധതികള്‍ നടപ്പിലാക്കിയ പ്രശാന്ത് നായര്‍ “കലക്ടര്‍ ബ്രോ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സമൂഹമാധ്യമങ്ങളിലെ ഇടപെടലാണ് പ്രശാന്ത് നായരെ പ്രശസ്തനാക്കിയത്. കോഴിക്കോട് കലക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിയപ്പോള്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചിരുന്നെങ്കിലും ചുമതല ഏറ്റെടുക്കാതെ അദ്ദേഹം അവധിയില്‍ പോകുകയായിരുന്നു.
കോഴിക്കോട് കലക്ടറായിരുന്ന കാലത്ത് വിശപ്പില്ലാത്തവരുടെ നഗരത്തിനായി ഒരുക്കിയ ഓപ്പറേഷന് സുലൈമാനിയും വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയാറാക്കിയ സവാരി ഗിരി ഗിരിയും തുടങ്ങി നിരവധി ജനകീയ പദ്ധതികളിലൂടെയും പ്രശാന്ത് നായർ ഏവരുടെയും ശ്രദ്ധനേടി.