scorecardresearch

ദലിത് വിദ്യാര്‍ത്ഥിയുടെ അറസ്റ്റ്; ഫെയ്‌സ്ബുക്കില്‍ വിമര്‍ശിച്ച അദ്ധ്യാപകനെതിരെ കേന്ദ്ര സര്‍വ്വകലാശാലയുടെ നടപടി

ക്യാംപസില്‍ ഒത്തുതീര്‍പ്പാക്കേണ്ടിയിരുന്ന കേസ് പൊലീസിന് പരാതിയായി നല്‍കിയതിനെ അപലപിച്ചായിരുന്നു അദ്ധ്യാപകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌.

ക്യാംപസില്‍ ഒത്തുതീര്‍പ്പാക്കേണ്ടിയിരുന്ന കേസ് പൊലീസിന് പരാതിയായി നല്‍കിയതിനെ അപലപിച്ചായിരുന്നു അദ്ധ്യാപകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌.

author-image
WebDesk
New Update
ദലിത് വിദ്യാര്‍ത്ഥിയുടെ അറസ്റ്റ്; ഫെയ്‌സ്ബുക്കില്‍ വിമര്‍ശിച്ച അദ്ധ്യാപകനെതിരെ കേന്ദ്ര സര്‍വ്വകലാശാലയുടെ നടപടി

കാസര്‍ഗോഡ്‌: ദലിത് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത സംഭവം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ച അദ്ധ്യാപകനെതിരെ കാസര്‍ഗോഡ്‌ കേന്ദ്ര സര്‍വ്വകലാശാലയുടെ നടപടി. ഡോ.പ്രസാദ് പന്ന്യനെയാണ് ഇംഗ്ലീഷ്- താരതമ്യ പഠനസാഹിത്യം വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയത്. ഹോസ്റ്റലിലെ ഫയര്‍ അലാറത്തിന്റെ ചില്ല് പൊട്ടിച്ചു എന്നാരോപിച്ച് തെലുങ്കാന സ്വദേശിയായ ഗവേഷണ വിദ്യാര്‍ത്ഥിയെ കാസര്‍ഗോഡ്‌ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സര്‍വ്വകലാശാല റജിസ്ട്രാറിന്റെ പരാതിയിലാണ് ഗന്തോട്ടി നാഗരാജുവെന്ന വിദ്യാര്‍ത്ഥി അറസ്റ്റിലായത്.

Advertisment

പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ ഗന്തോട്ടി നാഗരാജുവിനെതിരെ സര്‍വ്വകലാശാല എടുത്ത നടപടിയെ സമൂഹ മാധ്യമങ്ങള്‍ വഴി വിമര്‍ശിച്ചു എന്നാരോപിച്ചാണ് നടപടി. ഡോ.പ്രസാദ് പന്ന്യന്‍ ചെയ്തത് 1964ലെ കേന്ദ്ര സിവില്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ് എന്നും വൈസ് ചാന്‍സിലറുടെ പേരില്‍ പുറത്തിറക്കിയ സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ പറയുന്നു.

നികുതി പണം ശമ്പളമായി പറ്റുന്നവരാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ എന്നും ഇന്ത്യന്‍ സര്‍ക്കാരിന്റെ സര്‍വീസ് ചട്ടങ്ങള്‍ എല്ലാ കേന്ദ്ര ജീവനക്കാര്‍ക്കും ബാധകമാണ് എന്നുമായിരുന്നു അദ്ധ്യാപകനെതിരായ നടപടിയെ കുറിച്ച് ആരാഞ്ഞപ്പോള്‍ പ്രൊ വൈസ് ചാന്‍സിലര്‍ ഡോ.കെ.ജയപ്രസാദ് പ്രതികരിച്ചത്.

നിലവില്‍ അദ്ധ്യാപകനെ ഒഴിവാക്കിയിരിക്കുന്നത് വകുപ്പ് മേധാവി എന്ന അഡ്മിനിസ്ട്രേറ്റീവ് പോസ്റ്റില്‍ നിന്നാണ്. സര്‍വ്വകലാശാല നടത്തിയ ഒരു പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് നടപടി. സര്‍വ്വകലാശാലയില്‍ ഭരണകര്‍ത്തവ്യം വഹിക്കുന്ന ഒരാള്‍ക്ക് തന്നെ അതിനെതിരെ നിലപാട് എടുക്കാനാകില്ല. മെമോ, ചാര്‍ജ്, അന്വേഷണം തുടങ്ങി അച്ചടക്കലംഘനവുമായി ബന്ധപ്പെട്ട് നടത്തുന്ന സ്വാഭാവിക നടപടികളെയൊക്കെ വരും ദിവസങ്ങളില്‍ ഉണ്ടാകും" ഡോ.കെ.ജയപ്രസാദ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

Advertisment

പ്രസാദ് പന്ന്യന്റെ ഫെയിസ്ബുക്ക് പോസ്റ്റ്‌

ക്യാംപസില്‍ ഒത്തുതീര്‍പ്പാക്കേണ്ടിയിരുന്ന കേസ് പൊലീസിന് പരാതിയായി നല്‍കിയതിനെ അപലപിച്ചായിരുന്നു അദ്ധ്യാപകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌. ഈയടുത്ത മാസങ്ങളിലായി അമ്മയെ നഷ്ടപ്പെട്ട നാഗരാജു കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്ന് പോകുന്നത് എന്ന് അദ്ധ്യാപകന്‍ പറയുകയുണ്ടായി. ഒരു ഗ്ലാസ് പൊട്ടിച്ചു എന്ന കുറ്റത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ തടവറകള്‍ക്കുള്ളിലേക്ക് തള്ളിവിടുന്നത് അത്യന്തം സങ്കടകരമായ അവസ്ഥയാണ് എന്നും അദ്ധ്യാപകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

അതേസമയം സര്‍വ്വകലാശാലയുടെ നടപടിയെ കുറിച്ച് തനിക്ക് യാതൊരു അറിവും ഇല്ലാ എന്നും ഇത് സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചിട്ടില്ല എന്നും ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന്റെ ചോദ്യത്തിന് മറുപടിയായി ഡോ.പ്രസാദ് പന്ന്യന്‍ പറഞ്ഞു.

Dalit Atrocity Kasargod Dalit Student

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: