തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തിൽ മുതിർന്ന നേതാവ് കെ.ഇ.ഇസ്മയിലിന്റെ നിലപാടിനെ തളളി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. സംഘടനാപരമായ അറിവില്ലായ്മയും ജാഗ്രതക്കുറവും കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണമെന്നാണ് പ്രകാശ് ബാബു വ്യക്തമാക്കിയത്. അതേസമയം തോമസ് ചാണ്ടി വിഷയത്തിൽ സിപിഐയിൽ ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം വേണ്ടെന്ന് പാർട്ടി ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി. തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച കെ.ഇ.ഇസ്‌മയിലിന്‍റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും പന്ന്യൻ പറഞ്ഞു.

ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നായിരുന്നു കെ.ഇ.ഇസ്മയില്‍ ഇന്നലെ വ്യക്തമാക്കിയത്. ‘തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ല. പ്രശ്‌നങ്ങള്‍ പരിശോധിക്കാനുള്ള സാവകാശം മാത്രമേ എടുത്തിട്ടുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് സിപിഐയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യും. തന്നോടു പറഞ്ഞിരുന്നെങ്കിലും നേതൃത്വത്തില്‍ എല്ലാവരും ഇക്കാര്യം അറിഞ്ഞിരിക്കാനിടയില്ലെന്നും’ ഇസ്മയില്‍ തുറന്നടിച്ചു. ഇതോടെ പാര്‍ട്ടിക്കുള്ളിലെ വിവാദത്തിനു ആക്കംകൂടിയതോടെയാണ് പ്രകാശ് ബാബു രംഗത്തെത്തിയത്.

‘പാര്‍ട്ടി മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. സംസ്ഥാനത്ത് നടക്കുന്ന വിഷയങ്ങളില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളേണ്ടി വരുമ്പോള്‍ അതെല്ലാം ദേശീയ നേതൃത്വവുമായോ ദേശീയ എക്‌സിക്യൂട്ടീവുമായോ ആലോചിക്കാനാവില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.

‘മന്ത്രിസഭയിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കുന്നില്ലെന്ന കാര്യം ഇസ്മയിൽ അറിഞ്ഞില്ലെന്ന കാര്യം ശരിയായിരിക്കും. അദ്ദേഹം ദേശീയ കമ്മിറ്റി അംഗമാണ്. കേരളത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ദേശീയ കമ്മിറ്റി അംഗങ്ങളെ അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ