scorecardresearch
Latest News

ബലാത്സംഗം ഉള്‍പ്പടെ നിരവധിക്കേസുകളില്‍ പ്രതി; പി ആര്‍ സുനുവിനെ പൊലീസ് സേനയില്‍ നിന്ന് പിരിച്ചുവിട്ടു

15 പ്രാവശ്യം വകുപ്പുതല നടപടിയും ആറ് സസ്‌പെന്‍ഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു

sunu, kerala police, ie malayalam

തിരുവന്തപുരം:ബലാത്സംഗമടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിനെ പൊലീസ് സേനയില്‍ നിന്നും പിരിച്ചു വിട്ടു. ഡിജിപി അനില്‍കാന്ത് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. പൊലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ഡിജിപിയാണ് നടപടിയെടുത്തത്.

ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സേനയില്‍ നിന്നും പിരിച്ചുവിടുന്നത്. തുടര്‍ച്ചയായി കുറ്റകൃത്യം ചെയ്യുന്ന, ബലാല്‍സംഗം ഉള്‍പ്പെടെ ക്രിമിനല്‍ കേസില്‍ പ്രതിയായ വ്യക്തിക്ക് പൊലീസില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് ഡിജിപി ഉത്തരവില്‍ വ്യക്തമാക്കി. 15 പ്രാവശ്യം വകുപ്പുതല നടപടിയും ആറ് സസ്‌പെന്‍ഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു. പിരിച്ചുവിടല്‍ നടപടിയുടെ ഭാഗമായി സുനുവിനോട് നേരിട്ട് ഹാജരാകാന്‍ ഡിജിപി നോട്ടീസ് നല്‍കിയിരുന്നെങ്കിലും അതിന് തയ്യാറായിരുന്നില്ല.

തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ മൂന്നാം പ്രതിയാണ് പി ആര്‍ സുനു. കേസില്‍ പ്രതിയായതോടെ ബേപ്പൂര്‍ കോസ്റ്റല്‍ സിഐ ആയിരുന്ന പിആര്‍ സുനു സസ്‌പെന്‍ഷനിലായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു സസ്‌പെന്‍ഷന്‍ നടപടി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pr sunu terminated from kerala police