തിരുവനന്തപുരം: മഴ ശക്തമായില്ലെങ്കിൽ ഈ മാസം 16 മുതൽ ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി. 16 ന് കെഎസ്ഇബി യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എൻ.എസ്.പിള്ള അറിയിച്ചു. ഈ മാസം നല്ല മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതിനാലാണ് 16 ന് സ്ഥിതി വിലയിരുത്താൻ യോഗം ചേരാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം യോഗം ചേർന്നപ്പോൾ തൽക്കാലം ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തില്ലെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. മഴയുടെ അളവ് കുറഞ്ഞപ്പോൾ തന്നെ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തണമെന്ന ആവശ്യം ബോർഡ് സർക്കാരിനു മുന്നിൽ വച്ചിരുന്നു. പക്ഷേ സർക്കാർ ഇതിന് അനുവാദം നൽകിയില്ല. എന്നാൽ ഇപ്പോഴും മഴ ശക്തിപ്പെടാത്തതാണ് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്താനുളള നീക്കത്തിലേക്ക് കെഎസ്ഇബി നീങ്ങുന്നത്.
മൺസൂൺ ദുർബലമായതോടെ സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് കുറഞ്ഞു. പ്രധാന അണക്കെട്ടുകളിൽ ഒന്നിൽപ്പോലും 50 ശതമാനത്തിനുമുകളിൽ വെള്ളമില്ല. ഇത് വൈദ്യുതി ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്. ദിവസം 60 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിന് ആവശ്യം. ഇതിൽ 30 ശതമാനവും ജലവൈദ്യുതോത്പാദനത്തിലൂടെയാണ്. പക്ഷേ നിലവിൽ വളരെ കുറച്ച് ദിവസങ്ങൾ വൈദ്യുതി ഉത്പാദിപ്പിക്കാനുളള വെളളമേ അണക്കെട്ടുകളിലുളളൂ.
കേരളത്തിൽ ഇത്തവണ മഴയുടെ അളവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മഴക്കാലത്ത് സാധാരണ ലഭിക്കുന്നതിൽനിന്നും 31 ശതമാനം മഴയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 1343 മില്ലിമീറ്റർ മഴ ലഭിക്കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും 930 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. കോഴിക്കോട് ജില്ലയിൽ മാത്രമാണ് ഇത്തവണ ഭേദപ്പെട്ട മഴ ലഭിച്ചത്.