തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് കൊലപാതക കേസില്‍ രണ്ട് പേര് കൂടി പിടിയിലായി. ഒന്നാം പ്രതി സുധീഷ് ഉണ്ണിയും മൂന്നാം പ്രതി ശ്യാമുമാണ് പിടിയിലായത്. രണ്ടാം പ്രതി രാജേഷിനെയാണ് ഇനി പിടികൂടാനുള്ളത്. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കടവൂര്‍ സ്വദേശി അരുണ്‍, വെഞ്ഞാറമൂട് സ്വദേശി സച്ചിന്, കോരാണി സ്വദേശി വിഷ്ണു, തോന്നയ്ക്കല്‍ ജീഷ്ണു, ശ്രീനാഥ് എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. പ്രതികള്‍ ആയുധവുമായി കൊലപാതകത്തിനെത്തിയ ഓട്ടോ ഡ്രൈവര്‍ രഞ്ജിത്ത്, ശാസ്തവട്ടം സ്വദേശികളായ നന്ദീഷ്, നിധീഷ് എന്നിവരെ ഞായറാഴ്ച പൊലീസ് പിടീകൂടിയിരുന്നു.
കഞ്ചാവ് വിൽപ്പനയെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊലയ്ക്കു പിന്നില്‍ ഗുണ്ടാപ്പകയാണെന്ന് റൂറല്‍ എസ് പി പി.കെ. മധു വ്യക്തമാക്കിയിരുന്നു. കൊലപാതകം നടത്തിയത് 11 പേര് ചേര്‍ന്നാണെന്നും പൊലീസ് അറിയിച്ചു. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ശനിയാഴ്ചാണ് ബൈക്കുകളിലും ഓട്ടോയിലുമായി എത്തിയ സംഘമാണ് സുധീഷിനെ ആക്രമിച്ചത്. അക്രമികൾ പിന്തുടർന്നതോടെ ബന്ധുവീട്ടിലേക്ക് ഓടി കയറിയ സുധീഷിനെ സംഘം വീട്ടിൽ കയറി ആക്രമിക്കുകയും കാൽ വെട്ടിയെടുത്ത് റോഡിലുപേക്ഷിക്കുകയും ചെയ്തു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുധീഷിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Also Read: മുല്ലപ്പെരിയാര്‍: കേരളത്തിന് തിരിച്ചടി; മേല്‍നോട്ട സമിതിയെ സമീപിക്കൂയെന്ന് സുപ്രീം കോടതി