തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസില്‍ ഒരാൾ കൂടി പിടിയിൽ. സുധീഷിന്റെ സുഹൃത്ത് ഷിബിനാണ് പിടിയിലായത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെത്തി.
സുധീഷ് ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലം പ്രതികൾക്ക് പറഞ്ഞു കൊടുത്തത് ഷിബിനെന്നാണ് വിവരം. കേസിൽ രണ്ടു പേർ കൂടിയാണ് ഇനി പിടിയിലാവാനുള്ളത്. ഇതിൽ ഒരാൾ സുധീഷിന്റെ സഹോദരി ഭർത്താവാണ്.
സംഭവമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. നന്ദു, ജിഷ്ണു, വിഷ്ണു, അരുണ്‍, സച്ചിന് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സുധീഷിന്റെ വെട്ടിയെടുത്ത കാലുമായി ബൈക്കില്‍ കടന്ന മൂന്ന് പേരില്‍ ഒരാളാണ് അരുണെന്നാണ് വിവരം.
ഒമ്പതു പ്രതികളിൽ മൂന്ന് പേരെ ഞായറാഴ്ചയാണ് പൊലീസ് പിടികൂടിയത്. പ്രതികള്‍ ആയുധവുമായി കൊലപാതകത്തിനെത്തിയ ഓട്ടോ ഡ്രൈവര്‍ രഞ്ജിത്ത്, ശാസ്തവട്ടം സ്വദേശികളായ നന്ദീഷ്, നിധീഷ് എന്നിവരാണ് അറസ്റ്റിലായത്.
കഞ്ചാവ് വിൽപ്പനയെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊലയ്ക്കു പിന്നില്‍ ഗുണ്ടാപ്പകയാണെന്ന് റൂറല്‍ എസ് പി പി.കെ. മധു വ്യക്തമാക്കിയിരുന്നു. കൊലപാതകം നടത്തിയത് 11 പേര് ചേര്‍ന്നാണെന്നും പൊലീസ് അറിയിച്ചു. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ശനിയാഴ്ചാണ് ബൈക്കുകളിലും ഓട്ടോയിലുമായി എത്തിയ സംഘമാണ് സുധീഷിനെ ആക്രമിച്ചത്. അക്രമികൾ പിന്തുടർന്നതോടെ ബന്ധുവീട്ടിലേക്ക് ഓടി കയറിയ സുധീഷിനെ സംഘം വീട്ടിൽ കയറി ആക്രമിക്കുകയും കാൽ വെട്ടിയെടുത്ത് റോഡിലുപേക്ഷിക്കുകയും ചെയ്തു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുധീഷിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Also Read: പിജി ഡോക്ടർമാരുടെ സമരം: സമവായത്തിന് സർക്കാർ, ഇന്ന് ചർച്ച