തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസില്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി. ചിറയന്‍കീഴിന് സമീപത്ത് നിന്നാണ് കത്തി കണ്ടെത്തിയത്. കേസിലെ രണ്ടാം പ്രതി രാജേഷിനെ സ്ഥലത്ത് കൊണ്ടുപോയി അന്വേഷണ സംഘം തെളിവെടുത്തു. രാജേഷിനെ ഇന്ന് പുലർച്ചെ തമിഴ്‌നാട്ടിൽ നിന്നുമാണ് പിടികൂടിയത്. കേസിലെ 11 പ്രതികളും അറസ്റ്റിലായി.
കഴിഞ്ഞ ദിവസം ഒന്നാം പ്രതി ഊരുപൊയ്ക മങ്കാട്ടുമൂല എസ്എസ് ഭവനിൽ സുധീഷ് ഉണ്ണി, മൂന്നാം പ്രതി ചെമ്പകമംഗലം ഊരുകോണം ലക്ഷംവീട്ടിൽ മുട്ടായി ശ്യാംകുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്‌നാട്ടിൽ ഒളിവിൽ കഴിഞ്ഞ ശേഷം തിരിച്ചെത്തിയപ്പോഴാണ് ഇവർ പിടിയിലായത്.
കൃത്യം നടന്ന് ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് രാജേഷ് പിടിയിലാകുന്നത്. കഴിഞ്ഞ ദിവസം രാജേഷിനായി തിരച്ചിൽ നടത്തവെ വള്ളം മറിഞ്ഞു ഒരു പൊലീസുകാരൻ മരിച്ചിരുന്നു. എസ്എപി ക്യാംപിലെ ബാലു ആണ് മരിച്ചത്.
നേരത്തെ പിടിയിലായ ഉണ്ണി, ശ്യാംകുമാർ എന്നിവരെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വെട്ടിയെടുത്ത കാൽ എറിഞ്ഞ കല്ലൂർ ജങ്ഷനിലും ആയുധങ്ങൾ ഒളിപ്പിച്ച ചിറയിൻകീഴ് ശാസ്തവട്ടം അയ്യപ്പ ക്ഷേത്രത്തിന് സമീപത്തെ കളിസ്ഥലത്തും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സുധീഷിന്റെ കാല്‍ വെട്ടിയെടുത്തത് ബൈക്കിലെത്തി വലിച്ചെറിഞ്ഞത് ഒന്നാം പ്രതി ഉണ്ണിയാണ്.
Also Read: ആലപ്പുഴ ഇരട്ടക്കൊലപാതകം; ബിജെപി നേതാവിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്, കൂടുതൽ അറസ്റ്റിന് സാധ്യത
ഈ മാസം 12നാണ് കേസിനാസ്പദമായ സംഭവം. നേരത്തെ കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തിൽ ഉണ്ണിയേയും സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് ആക്രമിച്ചിരുന്നു. അന്ന് സുധീഷും സംഘവും എറിഞ്ഞ നടൻ ബോംബ് ഉണ്ണിയുടെ അമ്മയുടെ ദേഹത്ത് വീണിരുന്നു. ഇതിന്റെ പ്രതികാരമായാണ് സംഘം വീടാക്രമിച്ച് സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഓട്ടോറിക്ഷയിലും രണ്ടു ബൈക്കുകളിലുമായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
ആക്രമണം ഭയന്ന് കല്ലൂരിലെ വീട്ടില്‍ ഒളിവിലായിരുന്നസുധീഷിനെ ആക്രമികൾക്ക് കാണിച്ച് കൊടുത്തത് സുധീഷിന്റെ സഹോദരി ഭര്‍ത്താവ് ശ്യാമാണ്. ഇയാളെ സുധീഷ് നേരത്തെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് സുധീഷിനെ ഒറ്റികൊടുത്തത് എന്നാണ് വിവരം.