തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കാമെന്നും ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ശേഷമുള്ള 48 മണിക്കൂറിൽ ശക്തിപ്പെട്ട് തീവ്ര ന്യൂനമർദമായി മാറിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചില ജില്ലകളില്‍ഒറ്റപെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

കേരള തീരം, തെക്ക് കിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ്, മാലിദ്വീപ് , മധ്യ കിഴക്കൻ അറബിക്കടൽ എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെയും ചില അവസരങ്ങളിൽ 65 കിമീ വരെ വേഗതയിലും വീശിയടിക്കുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദ സാധ്യതയെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. അതിനാല്‍ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെമത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നത് കര്‍ശനമായി വിലക്കി.

ആഗോള കാലാവസ്ഥ പ്രതിഭാസമായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ വരുന്ന ആഴ്ചകളില്‍ ബംഗാള്‍ഉള്‍ക്കടലിലേക്ക് നീങ്ങുന്നതോടെ അവിടെയും ന്യൂനമര്‍ദ്ദ സാധ്യത സജീവമാകുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook