നിലമ്പൂര്‍: നിലമ്പൂര്‍ പോത്തുകല്ലിലെ കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സൗകര്യമൊരുക്കി പോത്തുകല്ല് മഹല്ല് കമ്മിറ്റി. പള്ളിയില്‍ നമസ്കാരം നടക്കുന്ന ഹാളും അതിനോടു ചേര്‍ന്ന് കൈകാലുകള്‍ കഴുകാന്‍ ഉപയോഗിക്കുന്ന സ്ഥലവും ഇതിനായി വിട്ടുകൊടുത്ത് മനുഷ്യത്വത്തിന്റെ വലിയ മാതൃക കാണിച്ചിരിക്കുകയാണ് പോത്തുകല്ല് മഹല്ല് കമ്മിറ്റി. കവളപ്പാറയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കാന്‍ സാങ്കേതിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പോത്തുകല്ല് മഹല്ല് കമ്മിറ്റി സൗകര്യമൊരുക്കിയത്.
മദ്രസയില്‍ നിന്നുള്ള ബെഞ്ചും ഡെസ്കുകളും മയ്യത്ത് കഴുകാന്‍ ഉപയോഗിക്കുന്ന ടേബിളുമെല്ലാം സൗകര്യങ്ങൾക്കുവേണ്ടി പള്ളിയിലുള്ളവര്‍ വിട്ടുകൊടുത്തു. അഞ്ച് പോസ്റ്റുമോര്‍ട്ടം ടേബിളുകളാണ് മദ്രസയുടെ ഡെസ്കുകള്‍ ചേര്‍ത്തുവച്ച് തയ്യാറാക്കിയിരിക്കുന്നത്. ഇതുവരെ ഏഴ് മൃതദേഹങ്ങൾ ഇവിടെ പോസ്റ്റുമോർട്ടം നടത്തുകയും ചെയ്തു. ചില സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും പരമാവധി സാധിക്കുന്ന വിധം പോസ്റ്റുമോർട്ടം ചെയ്യാൻ സാധിച്ചുവെന്ന് ഡോക്ടർമാർ പറയുന്നു.
Read Also: ‘എനിക്ക് ഹിന്ദി അറിയില്ലെന്ന് ഇംഗ്ലീഷിലാണ് പറഞ്ഞത്’; മുരളീധരനെ തള്ളി പിണറായി
അപകടങ്ങള്‍ നടന്ന ദിവസങ്ങള്‍ പിന്നിട്ടതോടെ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മിക്ക മൃതദേഹങ്ങളുമെന്ന് പോസ്റ്റുമോർട്ടം നടത്തിയ സംഘത്തിലെ ഡോ.സഞ്ജയ് പറഞ്ഞു. പുണ്യസ്ഥലമായ പള്ളിയിൽ വച്ച് പോസ്റ്റുമോർട്ടം നടത്തേണ്ടി വന്നതിൽ മാനസികമായി വിഷമമുണ്ടായിരുന്നുവെന്നും ഡോ.സഞ്ജയ് പറഞ്ഞു. പോസ്റ്റുമോർട്ടം നടത്താൻ സ്ഥലത്തിനായി അന്വേഷണം നടക്കുന്നതിനിടെ പള്ളിയിൽ ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ച് മഹല്ല് കമ്മിറ്റി എത്തുകയായിരുന്നു. ഡോ.സഞ്ജയെ കൂടാതെ ഡോ.ലെവിസ് വസീം, ഡോ.പാർഥസാരതി, ഡോ.അജേഷ് എന്നിവരും പോസ്റ്റ്മോർട്ടത്തിനുണ്ടായിരുന്നു.
ഇന്ന് മാത്രം കവളപ്പാറയിൽ നിന്ന് കണ്ടെടുത്തത് ഏഴ് മൃതദേഹങ്ങളാണ്. ആകെ 30 മൃതദേഹങ്ങളാണ് കവളപ്പാറയിൽ നിന്ന് ഇതുവരെ കണ്ടെത്തിയത്. ഇനിയും ഏതാനും മൃതദേഹങ്ങൾ കണ്ടെത്താനുണ്ട്.