നിലമ്പൂർ: കവളപ്പാറ ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത മുസ്ലീം പള്ളിയിലെ വെള്ളിയാഴ്ച പ്രാർത്ഥനകൾ നടന്നത് തെരുവിൽ. മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും മറ്റൊരു മാതൃക കൂടി സമൂഹത്തിന് കാണിച്ചു കൊടുക്കുകയാണ് പോത്തുകല്ല് മഹല്ല് കമ്മിറ്റി. ഈ വെള്ളിയാഴ്ചയാണ് (ഇന്നലെ) മഹല്ല് കമ്മിറ്റി ജുമുഅ നമസ്കാരം തെരുവിലേക്കുമാറ്റിയത്. പള്ളി പോസ്റ്റുമോർട്ടത്തിനായി വിട്ടുനൽകിയാണ് പ്രാർത്ഥനകളും നമസ്കാരവും ബസ് സ്റ്റാൻഡിലേക്ക് മാറ്റിയത്

ബസ്സ്റ്റാൻഡിൽ മുസല്ല വിരിച്ച് പോത്തുകല്ല് ഗ്രാമം പ്രാർത്ഥനകളും നമസ്കാരവും നടത്തി. പള്ളി പോസ്റ്റുമോർട്ടം നടത്താൻ വിട്ടുനൽകിയ മസ്ജിദുൽ മുജാഹിദീൻ കമ്മിറ്റിയാണ് ജുമുഅ പുറത്തേക്കുമാറ്റിയത്. ബസ് സ്റ്റാൻഡിലെ പന്തലിൽനടന്ന നമസ്കാരത്തിനായി സ്ത്രീകളും എത്തി. നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് മറ്റുള്ളവർക്ക് പങ്കുവെക്കുമ്പോഴാണ് മതം പൂർണമാകുന്നതെന്ന് ഇമാം സി.എച്ച്.ഇഖ്ബാൽ ഓർമിപ്പിച്ചു. നിലമ്പൂർ എം.എൽ.എ. പി.വി. അൻവറും ജുമുഅ നമസ്കാരത്തിൽ പങ്കെടുത്തു.

Read Also: മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ മുസ്‌ലിം പള്ളിയില്‍ സൗകര്യമൊരുക്കി

പള്ളിയില്‍ നമസ്‌കാരം നടക്കുന്ന ഹാളും അതിനോടു ചേര്‍ന്ന് കൈകാലുകള്‍ കഴുകാന്‍ ഉപയോഗിക്കുന്ന സ്ഥലവുമാണ് മഹല്ല് കമ്മിറ്റി പോസ്റ്റുമോർട്ടം നടപടികൾക്കായി വിട്ടുനൽകിയത്. കവളപ്പാറയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കാന്‍ സാങ്കേതിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പോത്തുകല്ല് മഹല്ല് കമ്മിറ്റി സൗകര്യമൊരുക്കിയത്.

മദ്രസയില്‍ നിന്നുള്ള ബെഞ്ചും ഡെസ്കുകളും മയ്യത്ത് കഴുകാന്‍ ഉപയോഗിക്കുന്ന ടേബിളുമെല്ലാം സൗകര്യങ്ങൾക്കുവേണ്ടി പള്ളിയിലുള്ളവര്‍ വിട്ടുകൊടുത്തു. അഞ്ച് പോസ്റ്റുമോര്‍ട്ടം ടേബിളുകളാണ് മദ്രസയുടെ ഡെസ്‌കുകള്‍ ചേര്‍ത്തുവച്ച് തയ്യാറാക്കിയിരിക്കുന്നത്. ഇതുവരെ ഏഴ് മൃതദേഹങ്ങൾ ഇവിടെ പോസ്റ്റുമോർട്ടം നടത്തുകയും ചെയ്തു. ചില സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും പരമാവധി സാധിക്കുന്ന വിധം പോസ്റ്റുമോർട്ടം ചെയ്യാൻ സാധിച്ചുവെന്ന് ഡോക്ടർമാർ പറയുന്നു.

അപകടങ്ങള്‍ നടന്ന ദിവസങ്ങള്‍ പിന്നിട്ടതോടെ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മിക്ക മൃതദേഹങ്ങളുമെന്ന് പോസ്റ്റുമോർട്ടം നടത്തിയ സംഘത്തിലെ ഡോ.സഞ്ജയ് പറഞ്ഞു. പുണ്യസ്ഥലമായ പള്ളിയിൽ വച്ച് പോസ്റ്റുമോർട്ടം നടത്തേണ്ടി വന്നതിൽ മാനസികമായി വിഷമമുണ്ടായിരുന്നുവെന്നും ഡോ.സഞ്ജയ് പറഞ്ഞു. പോസ്റ്റുമോർട്ടം നടത്താൻ സ്ഥലത്തിനായി അന്വേഷണം നടക്കുന്നതിനിടെ പള്ളിയിൽ ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ച് മഹല്ല് കമ്മിറ്റി എത്തുകയായിരുന്നു. ഡോ.സഞ്ജയെ കൂടാതെ ഡോ.ലെവിസ്‌ വസീം, ഡോ.പാർഥസാരതി, ഡോ.അജേഷ്‌ എന്നിവരും പോസ്റ്റ്‌മോർട്ടത്തിനുണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.