തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളിലെ കലാപ തീ അണയുന്നില്ല. മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഇന്ദിരാ ഭവന് മുന്നില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റാക്കുന്നത് മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതിന് തുല്യമെന്നാണ് പോസ്റ്റര്‍. കോണ്‍ഗ്രസിനുള്ളില്‍ നിപ്പ വൈറസുകളുണ്ടെന്നും അവയെ തൂത്തെറിയണമെന്നും പോസ്റ്ററില്‍ പറയുന്നു.

മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റാക്കിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. എം.എം.ഹസന്‍ പ്രസിഡന്റായിരുന്നപ്പോള്‍ പാര്‍ട്ടി ഐസിയുവിലായിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രനെ പ്രസിഡന്റാക്കിയാല്‍ പാര്‍ട്ടിയെ വെന്റിലേറ്ററിലാക്കുന്നതിന് തുല്യമാകുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

ഇന്ദിരാ ഭവന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ ഫ്‌ളക്‌സിനു മുകളിലാണ് മുല്ലപ്പള്ളിയ്‌ക്കെതിരായ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. കെപിസിസി രാഷ്ട്രീയ സമിതി യോഗം ചേരാനിരിക്കെയാണ് പോസ്റ്റര്‍. സേവ് കോണ്‍ഗ്രസ് എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.

അതേസമയം, രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ രാജ്യസഭാ സീറ്റ് സംബന്ധിച്ച് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉമ്മന്‍ ചാണ്ടിക്കെതിരെ പി.ജെ.കുര്യന്‍ പരസ്യമായി രംഗത്തു വന്നതും സുധീരനടക്കമുള്ള നേതാക്കള്‍ പരസ്യമായി വിമര്‍ശനമുന്നയിച്ചതുമെല്ലാം ചര്‍ച്ചയാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ