തിരുവനന്തപുരം: പോസ്റ്റൽ വോട്ട് കൂട്ടത്തോടെ സമാഹരിക്കാൻ അസോസിയേഷൻ ഭാരവാഹികൾ ഇടപ്പെട്ടന്ന ആരോപണം ഇന്റലിജൻസ് അന്വേഷിക്കും. പോസ്റ്റൽ വോട്ട് സമാഹരിക്കുന്നതിൽ അസോസിയേഷൻ നേതാക്കളായ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശം പുറത്ത് വന്നതോടെയാണ് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടിരിക്കുന്നത്. ഇന്റലിജൻസ് വിഭാഗം എഡിജിപിയ്ക്കാണ് അന്വേഷണ ചുമതല.
തിരുവനന്തപുരത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് കൂട്ടായ്മയിൽ ഉദ്യോഗസ്ഥൻ ഇട്ട ശബ്ദസന്ദേശമാണ് പുറത്തുവന്നത്. എൽഡിഎഫിന് അനുകൂലമായി പോസ്റ്റൽ വോട്ട് സമാഹരിക്കാനാണ് നിർദേശം നൽകിയിതെന്നാണ് സൂചന. അസോസിയേഷന്‍റെ സമ്മർദ്ദം കൊണ്ടാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും സന്ദേശത്തിൽ പറയുന്നു.
ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടിരിക്കുന്നത്. പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്നത് സംബന്ധിച്ച് നേരത്തെ തന്നെ മാർദനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നതാണെന്ന് ഡിജിപി അറിയിച്ചു. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന പൊലീസുകർക്കെതിരെ കർശന നടപടിയുണ്ടകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്‌സഭ തിരഞ്ഞെടുപ്പിൽ മൂന്നാം ഘട്ടമായി കേരളത്തിൽ നടന്ന പോളിങ്ങിൽ വ്യാപകമായ രീതിയിൽ കള്ളവോട്ട് രേഖപ്പെടുത്തുതായുള്ള വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് പോസ്റ്റൽ വോട്ടുകളിലും തിരിമറി നടന്നതായുള്ള ആരോപണം സജീവമായത്. കള്ളവോട്ട് ആരോപണവുമായി ഇരുമുന്നണികളും സജീവമാണ്