തിരുവനന്തപുരം: വിവിധ തൊഴിലാളി സംഘടനകള്‍ സംയുക്തമായി നടത്തുന്ന തപാല്‍ സമരത്തില്‍ സംസ്ഥാനത്തെ തപാല്‍ സേവനങ്ങള്‍ പൂര്‍ണമായും നിലച്ചു. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡാക് സേവക് (ജിഡിഎസ്) ജീവനക്കാരുടെ സേവനവേതന വ്യവസ്ഥ പരിഷ്കരിക്കണം എന്നാവശ്യപ്പെട്ടുള്ള സമരം നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സംസ്ഥാനത്തെ അയ്യായിരത്തോളം പോസ്റ്റ് ഓഫീസുകളും മുപ്പത്തിയഞ്ച് റെയില്‍വേ മെയില്‍ സര്‍വീസ് കേന്ദ്രങ്ങളും പൂര്‍ണമായും പ്രവര്‍ത്തന രഹിതമാണ്.
സമരം ആരംഭിച്ചതോടെ തപാല്‍ സേവനം ആശ്രയിച്ചുള്ള അറിയിപ്പുകൾ, ആപ്ലിക്കേഷന്‍ ഫോമുകൾ എന്നിവയെല്ലാം കെട്ടികിടക്കുന്ന അവസ്ഥയാണ്. കൊറിയര്‍ സേവനങ്ങളെക്കാള്‍ ജനങ്ങള്‍ ആശ്രയിക്കുന്ന സ്പീഡ് പോസ്റ്റ് സേവനവും നിലച്ചിരിക്കുകയാണ്. സമരം പ്രഖ്യാപിച്ചത് മുതലുള്ള തപാലുകള്‍ വിവിധ കേന്ദ്രങ്ങളിലായി കെട്ടിക്കിടക്കുകയാണ്.
തപാല്‍ വകുപ്പിലുള്ള നാലര ലക്ഷം വരുന്ന ജീവനക്കാരില്‍ 2.63 ലക്ഷംപേര്‍ ജിഡിഎസ് ജീവനക്കാരാണ്. കേന്ദ്ര സര്‍വീസിലുള്ള ജീവനക്കാര്‍ ആണെങ്കിലും വേണ്ട ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. ചികിത്സ, വിരമിക്കല്‍ ആനുകൂല്യങ്ങളിലും വിവേചനമുണ്ട്. നാഷണല്‍ ഫെഡറേഷന് ഓഫ് പോസ്റ്റല്‍ എംപ്ലോയീസ്, ഫെഡറേഷന് ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്ഗനൈസേഷന് എന്നീ സംഘടനകളാണ് അനിശ്ചിതകാല തപാല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. മറ്റ് സംഘടനകളും ഐക്യദാര്‍ഢ്യവുമുണ്ട്.
തപാല്‍ വകുപ്പ് നല്കുന്ന മറ്റ് സേവനങ്ങളായ സേവിങ്സ് ബാങ്ക്, തപാല്‍ ലൈഫ് ഇൻഷുറന്‍സ് എന്നിവയും നിലച്ചിരിക്കുകയാണ്. മന്ത്രിതല ചര്‍ച്ച നടത്തി സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം എന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട് എങ്കിലും ഇതുവരെയും കേന്ദ്ര സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ല. ജിഡിഎസ് ശുപാര്‍ശകള്‍ നിലവില്‍ വരുന്നത് വരെ സമരം തുടരും എന്നാണ് തൊഴിലാളി സംഘടനകള്‍ അറിയിക്കുന്നത്.