scorecardresearch

‘തപാലില്‍ തല കുടുങ്ങി പൊതു ജീവിതം’; പണിമുടക്ക് ഏഴാം ദിവസത്തിലേക്ക്, നിഷേധാത്മക നിലപാടിൽ കേന്ദ്രസർക്കാർ

സമരത്തെത്തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തപാല്‍ ഓഫീസ് വഴിയുള്ള സേവനങ്ങളെല്ലാം സ്തംഭിച്ചിരിക്കുകയാണ്

തിരുവനന്തപുരം: തപാല്‍ വകുപ്പിലെ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് തുടര്‍ച്ചായ ഏഴാം ദിവസത്തിലേക്ക്. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡാക്ക് സേവക് (ജിഡിഎസ്) ജീവനക്കാരുടെ സേവന വേതന പരിഷ്കരണം ആവശ്യപ്പെട്ട് മെയ്‌ 22ന് തുടങ്ങിയ സമരമാണ് ഒത്തുതീര്‍പ്പാകാതെ തുടരുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചര്‍ച്ച നടന്നെങ്കിലും ഫലം കാണാതെ പിരിയുകയായിരുന്നു.

സമരം ഏഴാം ദിവസത്തിലേക്ക് കടന്നിട്ടും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും നിഷേധാത്മകമായ നിലപാട് തുടരുകയാണ്. സാധാരണ ജനജീവിതത്തെ സമരം സാരമായി ബാധിച്ചിട്ടും കേന്ദ്ര സർക്കാർ അത് കണ്ടില്ലെന്ന് നടിക്കുകയാണ്. പ്രശ്നത്തില്‍ എത്രയും വേഗം പരിഹാരം കാണണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചിട്ടും ഫലമുണ്ടായിട്ടില്ല.

തപാല്‍ വകുപ്പിലെ 60 ശതമാനത്തോളം വരുന്ന ജിഡിഎസ് തൊഴിലാളികള്‍ ഉള്‍പ്പെടുന്ന നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസ്, ഫെഡറേഷന്‍ ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍ എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനമിട്ടത്. മറ്റ് സംഘടനകളുടെയും ഐക്യദാര്‍ഢ്യവുമുണ്ട്. എല്ലാ തപാല്‍ ജീവനക്കാരുടെയും പിന്തുണയില്‍ തുടങ്ങിയ സമരത്തില്‍ നാല് ജിഡിഎസ് യുണിയനുകളും പങ്കാളിത്തം വഹിക്കുന്നുണ്ട്. സമരത്തെത്തുടര്‍ന്ന് ഏകദേശം 1,29,500 പോസ്റ്റ്‌ ഓഫീസുകള്‍ അടച്ചിട്ടിരിക്കുകയാണ്.

അതേസമയം, സമരത്തെത്തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തപാല്‍ ഓഫീസ് വഴിയുള്ള സേവനങ്ങളെല്ലാം സ്തംഭിച്ചിരിക്കുകയാണ്. വിവിധ ആവശ്യങ്ങള്‍ക്കായി പോസ്റ്റ്‌ ഓഫീസില്‍ പണം നിക്ഷേപിച്ചവര്‍ അത് തിരിച്ചെടുക്കാനാകാതെ ബുദ്ധിമുട്ടിലാണ്. ഒന്നേമുക്കാല്‍ കോടി പേര്‍ക്കാണ് തപാല്‍ വകുപ്പ് നല്‍കുന്ന സേവിങ്സ് ബാങ്കില്‍ അക്കൗണ്ടുള്ളത്. സ്‌പീഡ് പോസ്റ്റ്‌ സംവിധാനം നിലച്ചതോടെ പാസ്‌പോര്‍ട്ട് വിതരണവും മുടങ്ങിയ അവസ്ഥയാണ്. 18,000 പാസ്‌പോര്‍ട്ടുകള്‍ വിവിധ കേന്ദ്രങ്ങളിലായി കെട്ടി കിടക്കുന്നതായാണ് അറിയാന്‍ കഴിയുന്നത്. പിഎസ്‌സിയുടെ ഓഫീസുകളില്‍ നിന്നുള്ള വിവിധ തസ്തികളിലേക്കുള്ളവര്‍ക്ക് അയച്ച നിയമന ശുപാര്‍ശകളും ഇതില്‍പ്പെടുന്നു.

നവംബര്‍ 2016നാണ് തൊഴിലാളികളുടെ അവസ്ഥയെപ്പറ്റി കമലേഷ് ചന്ദ്രാ കമ്മിറ്റി കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള എല്ലാ ആനൂകല്യങ്ങളും നല്‍കുമെന്നാണ് യുണിയന്‍ മന്ത്രി വാക്ക് നല്‍കിയിരുന്നത്. എന്നാല്‍ 18 മാസത്തിന് ശേഷവും യാതൊരു വിധ മാറ്റങ്ങളും സംഭവിച്ചില്ല. ഇതിനെത്തുടര്‍ന്നാണ് അനിശ്ചിതകാല പണിമുടക്ക് തുടങ്ങാന്‍ സംഘടനകള്‍ നിര്‍ബന്ധിതരായത്.

Read also: തൊഴിലാളി സമരത്തില്‍‍ പൂര്‍ണമായും സ്തംഭിച്ച് തപാല്‍ വകുപ്പ്

തപാല്‍ പണിമുടക്കിനെത്തുടര്‍ന്ന് പൊതു ജനങ്ങള്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കേന്ദ്രമായിരിക്കും ഉത്തരവാദികളെന്നാണ് എന്‍എഫ്പിഇയുടെയും, എഫ്എന്‍പിഒയുടെയും സംസ്ഥാന കണ്‍വീനര്‍മാരായ കെ.മുരളീധരനും ഡി.അവോക്കാരനും പ്രതികരിച്ചത്. പണിമുടക്കിന്‍റെ ഭാഗമായി ഇന്ന് എല്ലാ തപാല്‍ ഡിവിഷനുകളിലെയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ പ്രതിരോധ മാര്‍ച്ച് നടത്താനും, സംസ്ഥാനങ്ങളിലെ ഗവര്‍ണമാരെ കാണാനും സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Postal department indefinite strike 7th day