തിരുവനന്തപുരം: കോവിഡാനന്തര ചികിത്സയുടെ പ്രാധാന്യം കണക്കിലെടുത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പോസ്റ്റ് കോവിഡ് കെയർ സിസ്റ്റം ഒരുങ്ങുന്നു. കോവിഡ് രോഗബാധ വന്നു പോയതിനു ശേഷം നല്ല രീതിയിലുള്ള പരിചരണം രോഗികൾക്ക് ആവശ്യമാണ്. അതിനാവശ്യമായ അതിനുള്ള മാർഗനിർദേശം ഉടനെ തയാറാക്കും. ടെലിമെഡിസിൻ സൗകര്യവും കൂടുതൽ വിപുലപ്പെടുത്തും.

കോവിഡ് രോഗബാധിതരായവരിൽ മറ്റു അനാരോഗ്യങ്ങൾ ഉള്ളവർ കൃത്യമായ ഇടവേളകളിൽ കോവിഡ് ടെസ്റ്റ് വീണ്ടും ചെയ്യേണ്ടത് അവരുടെ സുരക്ഷയ്ക്ക് അനിവാര്യമാണ്. ഇക്കാര്യത്തിൽ ബോധവൽക്കരണം സംസ്ഥാനത്ത് നടത്തും. അതിനാവശ്യമായ ക്യാംപെയ്ൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്.

സ്വകാര്യ ആശുപത്രികളിൽ പത്ത് ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി റിസർവ് ചെയ്യണമെന്ന നിർദ്ദേശത്തിന് അനുസൃതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഐസിയു കിടക്കകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലേയും സ്വകാര്യ ആശുപത്രികളിലെ ഐസിയു ബെഡ്ഡുകൾ എംപാനൽ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തിയാവുകയാണ്.

Read More: കൂടിയും കുറഞ്ഞും കണക്കുകൾ; രാജ്യത്ത് 24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് കോവിഡ്

ടെസ്റ്റിംഗ് നിരക്കു കൂട്ടുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പൊതുസ്ഥലങ്ങളിൽ കിയോസ്‌കുകൾ കൂടുതലായി സ്ഥാപിക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി 167 സ്ഥലങ്ങൾ കണ്ടെത്തുകയും, അവയിൽ 57 ഇടങ്ങളിൽ ഇതിനകം കിയോസ്‌കുകൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.

സംസ്ഥാനത്ത് ഇന്നലെ 7020 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 54339 സാമ്പിളുകളാണ് പരിശോധിച്ചത്. അതേസമയം രോഗമുക്തി നേടിവരുടെ എണ്ണം കൂടുതലാണ്. ചികിത്സയിലായിരുന്ന 8474 പേരുടെ പരിശോധന ഫലം നെഗറ്റീവായി. ഇതോടെ സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 91784 ആണ്. സമ്പർക്ക ഉറവിടം വ്യക്തമല്ലാത്ത 734 കേസുകളും ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നത്തെ കണക്കിൽ 81 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. 26 മരണങ്ങൾ കോവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook