കൊച്ചി: ദേശീയ, സംസ്ഥാന നേതാക്കളെ എന്‍ ഐ എ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണു ഹര്‍ത്താല്‍.
എന്‍ ഐ നടപടി ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നു പി എഫ് ഐ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ആര്‍എസ്എസ് നിയന്ത്രിത ഫാസിസ്റ്റ് സര്‍ക്കാരിന്റെ ഭരണകൂട വേട്ടയൊണ് നടക്കുന്നത്. പൗരാവകാശങ്ങളെ ചവിട്ടിമെതിച്ച് തേര്‍വാഴ്ച നടത്തുകയാണെന്നും പി എഫ് ഐ ആരോപിച്ചു.
അതേസമയം, ഹർത്താലുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയായതായി പൊലീസ് അറിയിച്ചു.
ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്കി.
അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടൻ അറസ്റ്റ് ചെയ്യും. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പൊലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദേശിച്ചിട്ടുണ്ട്.
മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡി ഐ ജിമാര്‍, സോണല്‍ ഐ ജിമാര്‍, ക്രമസമാധാന വിഭാഗം എ ഡി ജി പി എന്നിവര്‍ക്കാണ്.
ദേശീയ പ്രസിഡന്റ് ഒ എം എ സലാം, സെക്രട്ടറി നസറുദ്ദീൻ എളമരം, വൈസ് പ്രസിഡന്റ് കളമശേരി അബ്ദുൾ റഹ്മാൻ കളമശേരി, സംസ്ഥാന പ്രസിഡൻറ് സി പി മുഹമ്മദ് ബഷീർ, പി. കോയ, ഇടുക്കി ജില്ലാ സെക്രട്ടറി സൈനുദ്ദീൻ, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് മുഹമ്മദ്, മുണ്ടക്കയം സ്വദേശി നജിമുദ്ദീൻ, തമിഴ്നാട് സ്വദേശി മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിദ് എന്നിവർ ഉൾപ്പെടെ 25 നേതാക്കളെയാണ് എൻ ഐ എ കസ്റ്റഡിയിലെടുത്തത്. മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിദിനെയും കോട്ടയത്തുനിന്നാണു കസ്റ്റഡിയിലെടുത്തത്.
ഇവരിൽ 14 പേരെ ഡൽഹിയിലേക്കു കൊണ്ടുപോയി. ബാക്കി 11 പേരെ ഉടൻ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കുമെന്നാണു വിവരം. അതേസമയം കേരളത്തിൽനിന്ന് 19 പേരെ അറസ്റ്റ് ചെയ്തതായാണ് എൻ ഐ ഐ ഡൽഹിയിൽ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻ ഐ എ ഇന്നു പുലർച്ചെയണ് എൻ ഐ എ റെയ്ഡ് തുടങ്ങിയത്. സി ആര് പി എഫ് സുരക്ഷയോടെയായിരുന്നു റെയ്ഡ്
കോഴിക്കോട്ടെ സംസ്ഥാന സമിതി ഓഫീസ് ഉൾപ്പെടെ സംസ്ഥാനത്ത് എഴുപതോളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. നേതാക്കളായ അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും എറണാകുളത്ത് ഇ.എം.അബ്ദുൾ റഹ്മാന്റെ വീട്ടിലും, കോട്ടയം ജില്ലാ പ്രസിഡന്റ് സൈനുദീന്റെ വീട്ടിലും പാലക്കാട് സംസ്ഥാന സമിതിയംഗം റൗഫിന്റെറെ കരിമ്പുള്ളിയിലെ വീട്ടിലും പരിശോധന നടത്തി.
റെയ്ഡിനെതിരെ പലയിടത്തും പി എഫ് ഐ പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി. മുൻ ദേശീയ പ്രസിഡന്റ് ഇ.അബൂബക്കറുടെ കോഴിക്കോട് പരപ്പൻ പൊയിലിലെ വീട്ടിൽ എൻ ഐ എ റെയ്ഡിന് എത്തിയപ്പോൾ പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി. തിരുവനന്തപുരത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസിന് മുന്നിലെ പ്രതിഷേധം സംഘർഷത്തിലേക്കു നീങ്ങിയതോടെ കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തി.