കൊച്ചി: സംസ്ഥാനത്ത് റെയ്ഡിനിടെ തുടർന്ന് എൻഐഎ അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാക്കളെ ഏഴ് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൊച്ചി എൻഐഎ പ്രത്യേക കോടതിയാണ് 11 പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോവുന്നതിനിടെ പ്രതികള്‍ കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ചതിനെ ജഡ്ജി താക്കീത് ചെയ്തു. ഇത് ആവര്‍ത്തിക്കരുതെന്നും കോടതി വളപ്പ് പ്രതിഷേധത്തിനുള്ള വേദിയാക്കരുതെന്നും പ്രതികളോട് കോടതി ആവശ്യപ്പെട്ടു.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ നടത്തിയ റെയ്ഡിൽ 45 പേർ അറസ്റ്റിലായിരുന്നു. ഇവരിൽ 19 പേർ കേരളത്തിൽനിന്നുള്ളവരാണ്. പിടിയിലായവരിൽ ദേശീയ പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടുന്നു. ഡൽഹിയിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ റെയ്ഡ് നടന്നത്.
കേരളത്തിൽനിന്നു 19 പേരെ അറസ്റ്റ് ചെയ്തതതായാണു ഡൽഹിയിലെ എൻഐഎ വ്യക്തമാക്കുന്നതെങ്കിലും 25 പേരെ കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇതിൽ 14 പേരെ ഡൽഹിയിലേക്കു കൊണ്ടുപോയതായും വിവരമുണ്ട്. 11 പേരെയാണ് കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കിയത്. രാജ്യത്തുടനീളമായി മൊത്തം 106 പേരെ കസ്റ്റഡിയിലെടുത്തതായാണ് അറിയുന്നത്. ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായതു കേരളത്തിൽനിന്നാണ്.
ദേശീയ പ്രസിഡന്റ് ഒ.എം.എ.സലാം, സെക്രട്ടറി നസറുദ്ദീൻ എളമരം, വൈസ് പ്രസിഡന്റ് അബ്ദുൾ റഹ്മാൻ കളമശേരി, സംസ്ഥാന പ്രസിഡൻറ് സി.പി.മുഹമ്മദ് ബഷീർ, പി.കോയ, ഇടുക്കി ജില്ലാ സെക്രട്ടറി സൈനുദ്ദീൻ, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് മുഹമ്മദ്, മുണ്ടക്കയം സ്വദേശി നജിമുദ്ദീൻ, കരമന അഷ്റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിയാസ്, അൻസാരി, മുജീബ്, നജ്മുദ്ദീൻ, സൈനുദ്ദീൻ, ഉസ്മാൻ, യഹിയ തങ്ങൾ, മുഹമ്മദലി, സുലൈമാൻ തമിഴ്നാട് സ്വദേശി മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിദ് എന്നിവർ ഉൾപ്പെടെ 25 നേതാക്കളെയാണു കേരളത്തിൽനിന്നു കസ്റ്റഡിയിലെടുത്തത്. മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിദിനെയും കോട്ടയത്തുനിന്നാണു കസ്റ്റഡിയിലെടുത്തത്.