കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും സ്ഥാപനത്തിന്റെ കോന്നിയിലെ ആസ്ഥാനം പൂട്ടി മുദ്രവച്ചതായും അഞ്ഞൂറോളം രേഖകൾ പിടിച്ചെടുത്തതായും സർക്കാർ അറിയിച്ചു.
നിക്ഷേപകരുടെ പണം തട്ടിയ കേസിൽ സിബിഐ അന്വേഷണവും സാമ്പത്തിക തട്ടിപ്പിന് പ്രത്യേക നിയമപ്രകാരവുമുള്ള അന്വേഷണവും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്. മൂവായിരത്തി ഇരുന്നൂറോളം പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Read Also: ജലീലിനെ കാണുമ്പോൾ ലീഗുകാരുടെ കണ്ണു പുകയും, തൊണ്ട വരളും; പരിഹസിച്ച് തോമസ് ഐസക്, ജലീലിനു പിന്തുണ
സംസ്ഥാനത്തുടനീളം പരാതികൾ ഉണ്ടെന്നും എന്നാൽ കോന്നിയിൽ മാത്രമാണ് കേസെടുക്കുന്നതെന്നും ഹർജിക്കാർ ആരോപിച്ചു. സർക്കാരിനോട് മുന്നു കാര്യങ്ങളിൽ നാളെ വിശദീകരണം നൽകാനും കോടതി ഉത്തരവിട്ടു.
എന്തുകൊണ്ട് വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്യുന്നില്ല, സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്നതിന് നിയമപ്രകാരം പ്രത്യേക കോടതി രൂപീകരിച്ചിട്ടുണ്ടോ, എല്ലാ പരാതികളും ഒരുമിച്ച് പരിഗണിച്ചാൽ മതിയെന്നു നിർദേശിക്കുന്ന ഡിജിപി ഇറക്കിയ വിജ്ഞാപനം തുടങ്ങിയ കാര്യങ്ങളിലാണ് സർക്കാർ വിശദീകരണം നൽകേണ്ടത്. കേസ് കോടതി നാളെ പരിഗണിക്കും.
പോപ്പുലർ ഫിനാൻസിലെ രണ്ടായിരം കോടിയുടെ നിക്ഷേപം മറ്റ് ധനകാര്യ സ്ഥാപനങ്ങൾ രൂപീകരിച്ച് വകമാറ്റി തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.