പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് ആരോപണം നേരിടുന്ന ധനകാര്യ സ്ഥാപനമായ പോപ്പുലര്‍ ഫിനാന്‍സിന്റെ ഉടമ തോമസ് ഡാനിയേലിന്റെ മക്കള്‍ അറസ്റ്റില്‍. ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവര്‍ അറസ്റ്റിലായത്. ഇവര്‍ ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. റിനു പോപ്പുലര്‍ ഫിനാന്‍സിന്റെ സിഇഒയും റിയ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്.
കമ്പനിയുടെ മാനേജിങ് ഡയറക്ടറായ തോമസ് ഡാനിയേലും ഭാര്യ പ്രഭ ഡാനിയേലും ഒളിവിലാണ്. നേരത്തേ പോപ്പുലർ ഫിനാൻസിന്റെ ആസ്ഥാന ഓഫീസ് ജപ്തി ചെയ്തു. നിക്ഷേപകനായ അടൂർ സ്വദേശിയുടെ ഹർജിയുടെ അടിസ്ഥാനത്തിൽ സബ് കോടതിയാണ് ജപ്തി ഉത്തരവ് പുറപ്പെടുവിച്ചത്. സ്ഥാപനത്തില്‍ വലിയ തോതില്‍ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നും നിക്ഷേപിച്ച തുകയ്ക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സുരേഷ് കെവി കോടതിയെ സമീപിച്ചത്.
നിക്ഷേപമായി സ്വീകരിച്ച തുക കാലാവധി കഴിഞ്ഞിട്ടും മടക്കി നൽകാതെ വന്നതോടെയാണ് സ്ഥാപനത്തിനെതിരെ പരാതിയുയർന്നത്. കോന്നി പൊലീസ് സ്റ്റേഷനിൽ പോപ്പുലർ ഫിനാൻസ് മാനേജിങ് പാര്‍ട്ണറായ തോമസ് ഡാനിയല്‍, ഭാര്യയും സ്ഥാപനത്തിന്റെ പാര്‍ട്ണറുമായ പ്രഭ ഡാനിയേല്‍ എന്നിവര്‍ക്കെതിരെ വഞ്ചനക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇരുവരും ഒളിവിലാണ്.
Also Read: ശശി തരൂർ രാഷ്ട്രീയക്കാരനല്ല, ഗസ്റ്റ് ആർട്ടിസ്റ്റ്; കടന്നാക്രമിച്ച് കൊടിക്കുന്നിൽ
2000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. 200 ലേറെ പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ചിരിക്കുന്നത്. 46 ലക്ഷത്തിന് ഈട് നല്‍കിയില്ലെങ്കില്‍ വസ്തുക്കള്‍ ജപ്തിചെയ്യും. നിക്ഷേപ തട്ടിപ്പിനിരയാവർ പത്തനംതിട്ട വകയാറിലുള്ള പോപ്പുലർ ഫിനാൻസ് ഹെഡ് ഓഫിസിനു മുന്നിൽ നിക്ഷേപകർ നാളെ ധർണ നടത്തും.
Also Read: അയ്യൻകാളിയുടെ ഓർമകൾ എല്ലാ പുരോഗമന പ്രസ്ഥാനങ്ങൾക്കും വഴികാട്ടിയാകണം: പിണറായി
അതേസമയം പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും. നിലവില്‍ അടൂര്‍ സിഐയുടെ നേതൃത്വത്തില്‍ നാല് സിഐമാര്‍ ഉള്‍പ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.