തിരുവനന്തപുരം: അമ്പൂരിയിലെ രാഖി മോളുടെ കൊലപാതകത്തില്‍ ചുരുളഴിയാനുള്ളത് നിരവധി കാര്യങ്ങള്‍ക്ക്. രാഖിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിക്കാത്തതും പ്രധാന പ്രതികളെ പിടികൂടാന്‍ കഴിയാത്തതും അന്വേഷണ സംഘത്തെ വലയ്ക്കുന്നു. പ്രതികളായ അഖിലും സഹോദരനും ലഡാക്കിലേക്ക് കടന്നു എന്ന കാര്യത്തില്‍ ഇതുവരെയും സ്ഥിരീകരണമില്ല. അഖിലിന്റെ അച്ഛനാണ് അഖില്‍ ലഡാക്കിലേക്കാണ് പോയിരിക്കുന്നത് എന്ന് പറഞ്ഞത്. എന്നാല്‍, അതില്‍ എത്രത്തോളം വാസ്തവുമുണ്ടെന്ന് പറയാന്‍ സാധിക്കില്ലെന്ന് അന്വേഷണ ചുമതലയുള്ള പൂവാര്‍ എസ്‌ഐ രാജീവ് പറഞ്ഞു.

അഖിലിന്റെ അച്ഛന്‍ പറഞ്ഞിട്ടുള്ള വിവരങ്ങളാണ് ആകെയുള്ളത്. അന്വേഷണം തുടരുകയാണ്. എന്നാല്‍, അഖില്‍ ലഡാക്കിലാണോ ഉള്ളതെന്ന് വ്യക്തമല്ല. രാഖിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഫോണ്‍ കണ്ടെത്തിയാല്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ സാധിക്കും. രാഖിയുടെ വസ്ത്രങ്ങളും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അന്വേഷണം നടക്കുന്നുണ്ട്. അഖിലിനെ കണ്ടെത്തിയാലേ പല കാര്യങ്ങളിലും വ്യക്തത ലഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

അഖിലും രാഖിയും വിവാഹം കഴിച്ചിട്ടുണ്ടെന്ന് ആദര്‍ശ് പറഞ്ഞാണ് അറിയുന്നത്. മാത്രമല്ല, രാഖിയുടെ കഴുത്തില്‍ നിന്ന് താലിമാലയും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇവരുടെ വിവാഹം നിയമപരമായാണോ കഴിഞ്ഞതെന്ന കാര്യത്തില്‍ വ്യക്തതയില്ല. വിവാഹം എവിടെയങ്കെിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് അറിയണമെങ്കില്‍ അഖിലിനെ കണ്ടെത്തണം. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

പ്ലാസ്റ്റിക് കയറോ ചരട് പോലുള്ള സാധനം കൊണ്ടോ രാഖിയുടെ കഴുത്ത് മുറുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഷാളുകൊണ്ടല്ല കഴുത്ത് മുറുക്കിയിരിക്കുന്നത്. ഡോക്ടര്‍ പറഞ്ഞതില്‍ നിന്നും മറ്റ് അന്വേഷണങ്ങളില്‍ നിന്നും അതാണ് വ്യക്തമായിരിക്കുന്നതെന്നും എസ്‌ഐ രാജീവ് പറഞ്ഞു. അഖിലും സഹോദരൻ രാഹുലും ഒന്നിച്ചാണോ പോയിരിക്കുന്നതെന്ന കാര്യത്തിലും വ്യക്തതയില്ല എന്ന് രാജീവ് പറഞ്ഞു.

അമ്പൂരിൽ കൊല്ലപ്പെട്ട രാഖിയുടെ കാമുകനും പട്ടാളക്കാരനുമായ അഖിൽ രണ്ട് ദിവസത്തിനകം കീഴടങ്ങുമെന്നാണ് അച്ഛൻ മണിയൻ നേരത്തെ പറഞ്ഞത്. കഴിഞ്ഞ ദിവസം നിരവധി തവണ മകൻ കുടുംബത്തെ ഫോൺ വഴി ബന്ധപ്പെട്ടെന്നും മകൻ നിരപരാധിയാണെന്നും മണിയൻ വ്യക്തമാക്കി. കൊലപാതകത്തിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

കൊല്ലപ്പെട്ട രാഖിയും കാമുകനും മുഖ്യപ്രതിയുമായ അമ്പൂരി തട്ടാരുമുക്ക് സ്വദേശി അഖിലും വിവാഹിതരായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഫെബ്രുവരിയില്‍ എറണാകുളത്തെ ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരായിരുന്നെന്ന് പൊലീസ് കോടതിയെ അറിയിച്ചു. മൂന്നാം പ്രതി ആദര്‍ശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കുന്നത്.

കൊല്ലപ്പട്ട രാഖി നെയ്യാറ്റികര ബസ് സ്‌റ്റേഷന് സമീപത്ത് കൂടി നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. 21ന് എറണാകുളത്തേക്കെന്നും പറഞ്ഞ് ഇറങ്ങിയ രാഖി കാമുകൻ അഖിലിനെ കാണാൻ പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ദൃശ്യങ്ങളിൽ കാണുന്നത് രാഖി തന്നെയാണെന്ന് അച്ഛൻ സ്ഥിരീകരിച്ചിട്ടുണ്ട്. നെയ്യാറ്റിൻകരയിൽ നിന്നും രാഖിയെ കൂടെക്കൂട്ടിയ അഖിൽ യാത്രാ മധ്യേ തന്റെ വിവാഹം മുടക്കാനുള്ള ശ്രമത്തിൽ നിന്ന് പിൻമാറണമെന്നും രാഖിയുമായി ബന്ധം മുന്നോട്ട് കൊണ്ടുപോവാനാവില്ലെന്നും പറഞ്ഞു.

എന്നാൽ ഇത് അംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന രാഖിയെ സന്ധ്യയോടെ സുഹൃത്തിന്റേതെന്ന് പറയപ്പെടുന്ന ഐ ടെൻ കാറിൽ വീടിന് സമീപമെത്തിച്ചു. കാർ നിർത്തിയശേഷം ഡ്രൈവിങ് സീറ്റിൽ ഇരിക്കുകയായിരുന്ന അഖിൽ രാഖിമോളുടെ രണ്ട് കൈകളും കൂട്ടിപ്പിടിച്ചു. ഈ സമയം പിൻസീറ്റിൽ ഇരിക്കുകയായിരുന്ന സഹോദരൻ രാഹുൽ കയർ കഴുത്തിൽ കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കഴുത്തിൽ കുരുക്ക് മുറുകിയപ്പോൾ നിലവിളിക്കാനും ബഹളം വയ്ക്കാനും ശ്രമിച്ചെങ്കിലും കാർ സ്റ്റാർട്ട് ചെയ്ത് അഖിൽ ആക്സിലേറ്റർ ഇരപ്പിച്ചതിനാൽ നിലവിളിയും ബഹളവുമൊന്നും പുറം ലോകം അറിഞ്ഞില്ല. അഖിലിന്റെ പറമ്പിൽ നഗ്നയായ നിലയിൽ മൃതദേഹം മറവ് ചെയ്ത സംഘം രാത്രിതന്നെ അവിടെ നിന്ന് പോയി. ഏതാനും ദിവസത്തിനുശേഷം അവധികഴിഞ്ഞ് ഡൽഹിയിലേക്ക് അഖിൽ തിരികെ മടങ്ങി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.