തിരുവനന്തപുരം: അമ്പൂരിയിൽ യുവതിയെകൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ കേസിൽ നിര്‍ണായക വഴിത്തിരിവ്. കൊല്ലപ്പെട്ട രാഖിയും കാമുകനും മുഖ്യപ്രതിയുമായ അമ്പൂരി തട്ടാരുമുക്ക് സ്വദേശി അഖിലും വിവാഹിതരായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഫെബ്രുവരിയില്‍ എറണാകുളത്തെ ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരായിരുന്നെന്ന് പൊലീസ് കോടതിയെ അറിയിച്ചു. മൂന്നാം പ്രതി ആദര്‍ശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കുന്നത്.
ഇതിന് ശേഷമാണ് മറ്റൊരു വിവാഹത്തിന് അഖില്‍ ശ്രമിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മൃതദേഹത്തില്‍ നിന്നും രാഖിയുടെ താലിയും കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പട്ട രാഖി നെയ്യാറ്റികര ബസ് സ്‌റ്റേഷന് സമീപത്ത് കൂടി നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. 21ന് എറണാകുളത്തേക്കെന്നും പറഞ്ഞ് ഇറങ്ങിയ രാഖി കാമുകൻ അഖിലിനെ കാണാൻ പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ദൃശ്യങ്ങളിൽ കാണുന്നത് രാഖി തന്നെയാണെന്ന് അച്ഛൻ സ്ഥിരീകരിച്ചിട്ടുണ്ട്. നെയ്യാറ്റിൻകരയിൽ നിന്നും രാഖിയെ കൂടെക്കൂട്ടിയ അഖിൽ യാത്രാ മധ്യേ തന്റെ വിവാഹം മുടക്കാനുള്ള ശ്രമത്തിൽ നിന്ന് പിൻമാറണമെന്നും രാഖിയുമായി ബന്ധം മുന്നോട്ട് കൊണ്ടുപോവാനാവില്ലെന്നും പറഞ്ഞു.
എന്നാൽ ഇത് അംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന രാഖിയെ സന്ധ്യയോടെ സുഹൃത്തിന്റേതെന്ന് പറയപ്പെടുന്ന ഐ ടെൻ കാറിൽ വീടിന് സമീപമെത്തിച്ചു. കാർ നിർത്തിയശേഷം ഡ്രൈവിങ് സീറ്റിൽ ഇരിക്കുകയായിരുന്ന അഖിൽ രാഖിമോളുടെ രണ്ട് കൈകളും കൂട്ടിപ്പിടിച്ചു. ഈ സമയം പിൻസീറ്റിൽ ഇരിക്കുകയായിരുന്ന സഹോദരൻ രാഹുൽ കയർ കഴുത്തിൽ കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Read More: രാഖിയുടെ മൃതദേഹം കുഴിച്ച് മൂടി ഉപ്പ് വിതറിയതിന് പിന്നിലെ രഹസ്യം; പ്രതി സൈനികനെന്ന് സൂചന
കഴുത്തിൽ കുരുക്ക് മുറുകിയപ്പോൾ നിലവിളിക്കാനും ബഹളം വയ്ക്കാനും ശ്രമിച്ചെങ്കിലും കാർ സ്റ്റാർട്ട് ചെയ്ത് അഖിൽ ആക്സിലേറ്റർ ഇരപ്പിച്ചതിനാൽ നിലവിളിയും ബഹളവുമൊന്നും പുറം ലോകം അറിഞ്ഞില്ല. അഖിലിന്റെ പറമ്പിൽ നഗ്നയായ നിലയിൽ മൃതദേഹം മറവ് ചെയ്ത സംഘം രാത്രിതന്നെ അവിടെ നിന്ന് പോയി. ഏതാനും ദിവസത്തിനുശേഷം അവധികഴിഞ്ഞ് ഡൽഹിയിലേക്ക് അഖിൽ തിരികെ മടങ്ങി.
അതേസമയം, താന്‍ രാഖിയെ കൊന്നിട്ടില്ലെന്നാണ് അഖില്‍ പ്രതികരിച്ചതായി റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ‘എനിക്കിപ്പോൾ 25 വസായി. രാഖിക്ക് അഞ്ച് വയസ് അധികമുണ്ട്. അവളോട് പിന്മാറാൻ പറഞ്ഞിരുന്നു. അവൾ പിന്മാറാതെ തന്റെ പിറകെ തന്നെ നടക്കുകയായിരുന്നുവെന്നാണ് അഖിലിന്റെ വാദം. കൊല്ലണമെങ്കിൽ മുന്നേ കൊല്ലാമായിരുന്നു. ജോലി നഷ്ടപ്പെടുത്തി ജയിലിൽ കിടക്കേണ്ട അവസ്ഥയില്ല. കഴിഞ്ഞ മാസം 29ന് യൂണിറ്റിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അഖിൽ പറയുന്നു.
അഖിലിന്റെ അനിയനും രണ്ടാം പ്രതിയുമായ രാഹുൽ കീഴടങ്ങിയെന്ന് പിതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. നെയ്യാറ്റിൻകര ഡിവൈഎസ്‌പി ഓഫീസിലാണ് ഇയാൾ കീഴടങ്ങിയതെന്നും പിതാവ് മണിയൻ പറഞ്ഞു. എന്നാൽ രാഹുൽ കീഴടങ്ങിയിട്ടില്ലെന്നും അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമാണ് ബന്ധുക്കളുടേതെന്നും പൊലീസ് വ്യക്തമാക്കി. പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും ഇവരെ പിടികൂടിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണം വഴിതെറ്റിക്കാൻ നേരത്തെയും പ്രതികൾ ശ്രമിച്ചിരുന്നതായും പൊലീസ് പറഞ്ഞു. പുത്തന്‍കടയില്‍ ചായക്കട നടത്തിയിരുന്ന രാജന്റെ (മോഹനന്‍) രണ്ടാമത്തെ മകളാണ് രാഖി. രാഖിയുടെ ചെറുപ്പത്തില്‍ത്തന്നെ അമ്മ മരിച്ചു. മോഹനന്‍ രണ്ടാമത് വിവാഹം കഴിച്ച സില്‍വിയാണ് മൂന്നുമക്കളേയും വളര്‍ത്തിയത്.