scorecardresearch
Latest News

നേതൃമാറ്റം: കോൺഗ്രസിൽ പടയൊരുക്കം ശക്തമാകുന്നു; ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ രഹസ്യയോഗം

സംഘടനാ സംവിധാനത്തില്‍ സമൂല അഴിച്ചുപണി വേണമെന്ന് മുതിര്‍ന്ന നേതാക്കളായ ജോസഫ് വാഴയ്ക്കനും സണ്ണിജോസഫും ആവശ്യപ്പെട്ടു

നേതൃമാറ്റം: കോൺഗ്രസിൽ പടയൊരുക്കം ശക്തമാകുന്നു; ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ രഹസ്യയോഗം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കെപിസിസി രാഷ്ട്രീയകാര്യ യോഗം വെള്ളിയാഴ്ച നടക്കാനിരിക്കെ കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനുള്ള ആവശ്യം ശക്തമാകുന്നു. സംഘടനാ സംവിധാനത്തില്‍ അഴിച്ചുപണി വേണമെന്ന് മുതിര്‍ന്ന നേതാക്കളായ ജോസഫ് വാഴയ്ക്കനും സണ്ണിജോസഫും ആവശ്യപ്പെട്ടു. അതിനിടെ, എ ഗ്രൂപ്പ് നേതാക്കള്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് രഹസ്യയോഗം ചേര്‍ന്നു. എന്നാല്‍ തിരക്കിട്ടുള്ള നേതൃമാറ്റം ആവശ്യമില്ലെന്ന നിലപാടിലാണ് കെ മുരളീധരനും കെ സുധാകരനും.

നേതൃമാറ്റം സംബന്ധിച്ച ആവശ്യമുയരുന്നതിനിടെ ആര്യാടന്‍ മുഹമ്മദിന്റെ കവടിയാറിലെ ഫ്‌ളാറ്റിലാണ് എ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്നത്. ഇദ്ദേഹത്തെക്കൂടാതെ ഉമ്മൻചാണ്ടി, കെസി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബെന്നി ബെഹ്നാന്‍, കെ ബാബു, തുടങ്ങിയവര്‍ പങ്കെടുത്തു. എന്നാല്‍ രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ആര്യാടന്‍ മുഹമ്മദിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത് അന്വേഷിക്കാന്‍ എത്തിയതെന്നായിരുന്നു എംഎം ഹസന്‍ പ്രതികരിച്ചത്. നേതൃമാറ്റം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അടുത്ത ദിവസത്തെ രാഷ്ട്രീയകാര്യസമിതിയില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഇനിയുള്ള മുനോട്ടുപോക്കിനു മേജര്‍ ഓപ്പറേഷന്‍ ആവശ്യമുണ്ടെന്നും സംഘടനാ സംവിധാനത്തില്‍ സമൂല മാറ്റം വരുത്തണമെന്നും ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. സംഘടനയുടെ രൂപവും ഭാവവും നഷ്ടപ്പെട്ടിട്ട് കുറേ കാലമായി. കേഡര്‍ സംവിധാനത്തിലേക്കു കോണ്‍ഗ്രസിനെ കൊണ്ടുവരണം. വളരെ ഉത്തരവാദപ്പെട്ടവരെ നേതൃത്വത്തില്‍ വരണം. പ്രാദേശിക നേതൃത്വത്തെ ശക്തിപ്പെടുത്താത്ത പാര്‍ട്ടി രക്ഷപ്പെടില്ല. പ്രസ്ഥാനം എങ്ങനെ പോകണമെന്നതിനെക്കുറിച്ച് കൃത്യമായ മാസ്റ്റര്‍ പ്ലാന്‍ വേണം. അതല്ലാതെ ഏതെങ്കിലുമൊരു വ്യക്തിയെ പിടിച്ചുമാറ്റി വേറൊരാളെ ഡല്‍ഹിയില്‍നിന്നു നിയമിക്കുന്നതുകൊണ്ട് പ്രശ്‌നത്തിനു പരിഹാരമാകില്ലെന്നും ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു.

Also Read: 10 വർഷം പ്രതിപക്ഷത്ത് ഇരുന്നാലും തളരുന്ന പാർട്ടിയല്ല കോൺഗ്രസെന്ന് കെ.മുരളീധരൻ

സംഘടനാ തലത്തില്‍ മൊത്തത്തില്‍ അഴിച്ചുപണി ആവശ്യമാണെന്നും പോരായ്മകളുടെ പേരില്‍ ഒരു വ്യക്തിക്കെതിരെ മാത്രമല്ല വിമര്‍ശമെന്നാണ് സണ്ണിജോസഫിന്റെ നിലപാട്. കരുത്തുറ്റ കൂട്ടുനേതൃത്വം ഉണ്ടാവണം. സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയ തെളിയിക്കപ്പെട്ട ആരോപണങ്ങള്‍ ജനങ്ങളിലേക്കെത്തിക്കന്‍ കഴിഞ്ഞില്ല. വളരെ കാര്യക്ഷമമായി ഇടപെടുന്ന, ജനപിന്തുണയുള്ള നേതാവായ കെ സുധാകരന്‍ നേതൃത്വത്തിലേക്ക് എത്തിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

അതേസമയം, തിരക്കിട്ട് നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്നാണു നേതൃത്വത്തിനെതിരെ മുന്‍ കാലങ്ങളില്‍ കടുത്ത വിമര്‍ശമയുര്‍ത്തിയ കെ മുരളീധരന്റെയും കെ സുധാകരന്റെയും ഇപ്പോഴത്തെ നിലപാട് അദ്ഭുതാവഹമാണ്. ഇരുവരില്‍ ആരെയെങ്കിലും കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു കൊണ്ടുവരണമെന്ന ആവശ്യം പാർട്ടിക്കുള്ളില്‍ പൊതുവെ ഉയര്‍ന്നിട്ടുണ്ട്.

ആലോചിച്ച് ബുദ്ധിപൂര്‍വ്വം തീരുമാനിച്ച് സാവധാനം തിരുത്തല്‍ മതിയെന്നു കെ സുധാകരന്‍ പറഞ്ഞു. നേതൃമാറ്റം, പാര്‍ട്ടിയും ഹൈക്കമാന്‍ഡും ഉചിതമായി തീരുമാനിക്കും. കൂട്ടത്തോല്‍വിയില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഇതേനിലപാടാണ് കെ മുരളീധരനും സ്വീകരിച്ചിരിക്കുന്നത്. തിരക്കിട്ട് നേതൃമാറ്റത്തിന്റെ ആവശ്യം ഇല്ലെന്നും സാവകാശമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. തിരിച്ചടിയില്‍ പരസ്പരം ആരോപണമുയര്‍ത്തുന്നത് പ്രവര്‍ത്തകരെ അപമാനിക്കുന്നതിന് തുല്യമാണ്. വികാരത്തിന്റെ പുറത്ത് തീരുമാനമെടുക്കരുത്. കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണം. പക്ഷേ, മുഴുവന്‍ പേരെയും മാറ്റിയാല്‍ ഉള്ളതുകൂടി പോകും. ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരുമായി മുരളീധരന്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.

തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ രൂക്ഷ വിമര്‍ശനമാണ് മുരളീധരന്‍ ഉയര്‍ത്തിയിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് സീറ്റ് വിഭജനം, സ്ഥാനാര്‍ഥി നിര്‍ണയം എന്നിവ സംബന്ധിച്ച പരസ്യമായി വെടിപൊട്ടിച്ച സുധാകരനാവട്ടെ, ഫലം വന്നാലുടന്‍ പറയാനുള്ളതു പറയുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ സുധാകരന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിൽ നേതൃത്വത്തിനെതിരെ ഒന്നും പ്രതികരിച്ചില്ല. ”ആടിയുലയുന്ന കടല്‍ തിരകളിലും ആഞ്ഞുവീശുന്ന കൊടുങ്കാറ്റിലും തിമിര്‍ത്ത് പെയ്യുന്ന മഴയിലും ചുട്ട് പൊള്ളുന്ന വെയിലത്തും വാടുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്. കാലം കരുതിവച്ച പുത്തന്‍ തളിരുകള്‍ നെഞ്ചിലേറ്റി കോണ്‍ഗ്രസ് ഒരു കൊടുങ്കാറ്റായി തിരിച്ചു വരും…”എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലെ വരികള്‍.

Also Read: വിശ്വാസം രക്ഷിച്ചില്ല, ആചാരം കൈവിട്ടു; തോറ്റമ്പി കോൺഗ്രസും ബിജെപിയും

നേതൃമാറ്റം വേണമെന്ന് കെ.ബാബു, ഹൈബി ഈഡന്‍, കെസി ജോസഫ്, ആര്യാടന്‍ മുഹമ്മദ്, എം ലിജു, പിസി വിഷ്ണുനാഥ് തുടങ്ങിയവര്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവര്‍ അത് ഏറ്റെടുത്തേ മതിയാവൂയെന്നാണ് കെ ബാബു പറഞ്ഞത്. അത് ആരൊക്കെയാണെന്നത് പിന്നീട് ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതിനു പിന്നാലെ യുവ നേതാവ് ഹൈബി ഈഡന്‍, ‘ഉറങ്ങുന്ന പ്രസിഡന്റിനെ നമുക്കിപ്പോഴും ആവശ്യമുണ്ടോ’ എന്ന ചോദ്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചുകൊണ്ടായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കടന്നാക്രമണം നടത്തി.

തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ലെന്നും പാര്‍ട്ടിയില്‍ പുനഃസംഘടന വേണമെന്നാണു കെസി ജോസഫ് ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയകാര്യ സമിതി ഉടന്‍ വിളിച്ച് ചേര്‍ക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം, തോല്‍വിയില്‍ നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്നും പറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണ് യുഡിഎഫിനുണ്ടായിട്ടുള്ളതെന്നും ഇത് എങ്ങനെ സംഭവിച്ചുവെന്നുമാണ് ആര്യാടന്‍ മുഹമ്മദ് പറഞ്ഞത്.

കോണ്‍ഗ്രസില്‍ പരിശോധനയും പഠനവുമില്ലെന്നായിരുന്നു തോല്‍വിയെത്തുടര്‍ന്ന് ആലപ്പുഴ ഡിസിസി അധ്യക്ഷസ്ഥാനം രാജിവച്ച എം ലിജുവിന്റെ പ്രതികരണം. പരാജയകാരണം പരിശോധിക്കുമെന്നോ അല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നോയുള്ള ക്ലീഷേ ഡയലോഗുകളല്ല വേണ്ടതെന്ന് പിസി വിഷ്ണുനാഥും പറഞ്ഞു. കേരളത്തിലെ യു ഡി എഫിനുള്ളില്‍ ആത്മാര്‍ഥതയുള്ള തെറ്റ് തിരുത്തലുകളോ സംഘടനാതലത്തിലുള്ള പരിശോധനയോ നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ രക്തത്തിനുവേണ്ടിയാണു പ്രധാനമായും മുറവിളി ഉയരുന്നതെങ്കിലും രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷ നേതൃത്വ സ്ഥാനത്തിനെതിരെയും ചോദ്യങ്ങളുയര്‍ന്നുകഴിഞ്ഞു. അതേസമയം, സര്‍ക്കാരിനെതിരെ ചെന്നിത്തല നിരന്തരം നടത്തിയ ഇടപെടലുകളാണു കോണ്‍ഗ്രസിന്റെ മുഖം രക്ഷിച്ചതെന്നും അദ്ദേഹത്തിനു വേണ്ടത്ര പിന്തുണ പാര്‍ട്ടിയില്‍നിന്നും ലഭിച്ചില്ലെന്ന വാദവും ഉയര്‍ന്നുകഴിഞ്ഞത്.

എന്നാല്‍, തോല്‍വിയുടെ ഉത്തരവാദിത്തം എല്ലാ നേതാക്കള്‍ക്കുമെന്ന നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രനെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. സ്വയം മാറാന്‍ തയാറല്ല. രാജിയെങ്കില്‍ അതു എല്ലാവര്‍ക്കും ബാധകം. അധ്യക്ഷ സ്ഥാനം സ്വയം ഒഴിയില്ല. ഹൈക്കമാന്‍ഡിന് ഉചിതമായ തീരുമാനമെടുക്കാം എന്നതാണു മുല്ലപ്പള്ളിയുടെ നിലപാടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയില്ലെങ്കില്‍ താനായി എന്തിന് ഒഴിയണമെന്നതാണ് മുല്ലപ്പള്ളി ചോദിക്കുന്നത്. അതിനിടെ പ്രതിപക്ഷ നേതൃസ്ഥാനം ചെന്നിത്തല ഒഴിയേണ്ടതില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. ഇക്കാര്യങ്ങളിലെല്ലാം ഹൈക്കമാന്‍ഡ് ഉടന്‍ നിലപാട് എടുത്തേക്കും. തോല്‍വിയെക്കുറിച്ച് സംസ്ഥാന നേതൃത്വത്തില്‍നിന്ന് ഹൈക്കമാന്‍ഡ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Poor show in assembly elections congress factions likely to target mullapplly ramachandran at fridays kpcc meeting493490