തൃശൂർ: പൊലീസ് പിടിയിലായ പൂമ്പാറ്റ സിനിയുടെ കുറ്റകൃത്യ പരമ്പര കേട്ടാൽ ആരും ഞെട്ടിപ്പോകും. സമ്പന്നരായ വ്യവസായികളെയാണ് സിനി തട്ടിപ്പിനായി തന്റെ വലയിലാക്കിയിരുന്നത്. ജുവലറി ഉടമയുമായി സൗഹൃദം നടിച്ച് സിനി തട്ടിയെടുത്തത് ലക്ഷങ്ങൾ. തൃശൂരിൽനിന്നുമാണ് സിനി ഉൾപ്പെടെയുളള തട്ടിപ്പ് സംഘത്തെ പൊലീസ് വലയിലാക്കിയത്.

സിനിയെ കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ :

“എറണാകുളം കുമ്പളങ്ങി സ്വദേശിനിയാണ് പൂമ്പാറ്റ സിനി എന്ന സിനി ലാലു. ചെത്തുകാരെ വാചകമടിച്ച് വീഴ്ത്തി അന്തിക്കള്ളു വാങ്ങി കൊണ്ടു പോയി വിറ്റ് പണമുണ്ടാക്കുന്നതായിരുന്നു സിനിയുടെ രീതി. അങ്ങനെ ചെത്തുകാരനുമായി പ്രണയത്തിലായി. ഇയാളെ വിവാഹം കഴിച്ചു. ഒരു മകളുണ്ട്. ഭർത്താവ് മരിച്ചതോടെ തട്ടിപ്പുമായി ഇറങ്ങി. എട്ടുവര്‍ഷം മുന്‍പ് വ്യവസായിയെ ഭീഷണിപ്പെടുത്തി ആത്മഹത്യക്കു പ്രേരിപ്പിച്ച കുറ്റത്തിന് സിനി പൊലീസ് പിടിയിലായി. വ്യാപാരിക്കൊപ്പം രാത്രി കഴിഞ്ഞപ്പോള്‍ ഇരുവരും ഒന്നിച്ചുള്ള നഗ്നചിത്രമെടുത്ത് ഇയാളെ പല തവണ ഭീഷണിപ്പെടുത്തി 21 ലക്ഷം രൂപ വരെ വാങ്ങി. പിന്നെയും ഭീഷണി തുടർന്നപ്പോൾ വ്യാപാരി ജീവനൊടുക്കി. മുംബൈയിലേക്ക് കടക്കാന്‍ പദ്ധതിയിടുന്നതിനിടെയാണ് സിനിയെ ചെല്ലാനത്ത് വച്ച് 2008 ൽ പൊലീസ് പിടികൂടുന്നത്. പിന്നീട് ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷവും സിനി തട്ടിപ്പ് തുടര്‍ന്നു.

തൃശൂർ ഹൈറോഡിലുളള പ്രമുഖ ജുവലറിയിൽ ആറുമാസങ്ങൾക്കു മുൻപ് സിനിയെത്തി തട്ടിപ്പ് നടത്തി. ആഡംബര കാറിലാണ് സിനി സ്വർണം വാങ്ങാനെത്തിയത്. ആറ് ലക്ഷം രൂപയുടെ സ്വർണം വാങ്ങി. മൂന്ന്  ലക്ഷം രൂപ ഉടൻ തന്നെ നൽകി. ഏകമകള്‍ എംബിബിഎസിന് പഠിക്കുന്നതിനാല്‍ ഉടന്‍ ഫീസ് അടയ്ക്കണമെന്നും ബാക്കി മൂന്ന്  ലക്ഷം പിന്നെ തരാമെന്നും പറഞ്ഞു. സിനിയുടെ വാചകമടിയിൽ ജുവലറി ഉടമ വീണു. അടുത്ത ദിവസം സിനി വീണ്ടും ജുവലറിയിലെത്തി. തരാനുളള മൂന്ന് ലക്ഷം രൂപ കൈയ്യിൽ ഇല്ലെന്നും 17 ലക്ഷം രൂപയുടെ സ്വര്‍ണം തൃശൂരിലെ ഒരു സ്ഥാപനത്തില്‍ പണയംവച്ചിട്ടുണ്ടെന്നും ഈ സ്വര്‍ണമെടുത്ത് തരാമെന്നും പറഞ്ഞു. സിനിയുടെ വാക്കുകൾ വിശ്വസിച്ച് പണവുമായി ജുവലറി ഉടമ സിനിക്കൊപ്പം കാറിൽ പോയി. വഴിമധ്യേ ബൈക്കിൽ എത്തിയ യുവാവിന് പണം കൈമാറാൻ ആവശ്യപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോൾ സിനിയുടെ ഫോണിലേക്ക് ഒരു കോൾ വന്നു. യുവാവിനെ പൊലീസ് പിടിച്ചെന്നും യുവാവിനെ പൊലീസ് പിടിയിൽനിന്നും ഇറക്കാൻ ഒരു ലക്ഷം രൂപ നൽകണമെന്നും പറഞ്ഞു. ജുവലറി ഉടമ അതും നൽകി. എല്ലാം കൂടി 21 ലക്ഷം കൈയ്യിൽ കിട്ടിയതോടെ സിനി മുങ്ങി. തട്ടിപ്പാണെന്ന് മനസ്സിലായ ജുവലറി ഉടമ പൊലീസിൽ പരാതി നൽകി. ഈ പരാതിയിലാണ് സിനി ഇപ്പോൾ അറസ്റ്റിലായത്.

കൊച്ചിയിലെ സിനിയുടെ വീട്ടില്‍ പൊലീസ് റെയ്ഡിന് നടത്തിയപ്പോൾ കിട്ടിയത് പുകയില  ഉല്‍പന്നങ്ങളുടെ വലിയ ശേഖരം. വനിതാ സ്റ്റേഷനില്‍ എത്തിച്ച സിനിയെ ദേഹപരിശോധന നടത്തിയപ്പോൾ ഹാന്‍സിന്റെ അരഡസന്‍ പായ്ക്കറ്റുകൾ ലഭിച്ചു.  തട്ടിപ്പിലൂടെ കിട്ടിയ പണം ഉപയോഗിച്ച് ആഡംബര ജീവിതമായിരുന്നു സിനി നയിച്ചിരുന്നത്. സിനിയുടെ കാർ ഡ്രൈവറുടെ ഒരു മാസത്തെ ശമ്പളം കേട്ട് പൊലീസ് പോലും ഞെട്ടി, മാസ ശമ്പളം ഒരു ലക്ഷം രൂപ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ