തിരുവനന്തപുരം: പൊന്തൻപുഴ ഭൂമിയിടപാട് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് കെ.എം.മാണി നോട്ടിസ് നൽകി. വനം വകുപ്പിന്റെ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറാൻ ഒത്തുകളി നടന്നെന്ന് മന്ത്രി ആരോപിച്ചു. സഭ നിർത്തിവച്ച് ഇക്കാര്യം ചർച്ച ചെയ്യണമെന്നാണ് കെ.എം.മാണി ആവശ്യപ്പെട്ടത്.

ബാർ കോഴ കേസിൽ വിജിലൻസിന്റെ പിടിയിൽ നിന്ന് വീണ്ടും രക്ഷപ്പെട്ട കെ.എം.മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിന് തടസം നിൽക്കുന്ന സിപിഐയെ പ്രതിരോധത്തിലാക്കാനാണ് ഈ ആരോപണം ഉയർത്തിയത്. ഇതിനെ വനം മന്ത്രിയും സിപിഐ നേതാവുമായ കെ.രാജു നേരിട്ടു.

കേസിൽ സർക്കാരിന് വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്ന് വനംമന്ത്രി കെ.രാജു പറഞ്ഞു. ഒരിഞ്ച് ഭൂമിപോലും സ്വകാര്യവ്യക്തിക്ക് വിട്ടുകൊടുക്കില്ലെന്നും കേസിൽ പുനഃപരിശോധന ഹർജി നൽകിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

കേസ് നടത്താൻ സർക്കാർ ആർജ്ജവം കാണിച്ചില്ലെന്നും ഒത്തുകളി നടത്തിയെന്നുമുളള ആരോപണമാണ് കെ.എം.മാണി ഉയർത്തിയത്. സർക്കാരിന്‍റെ അനാസ്ഥ മൂലമാണ് കോടതി വിധി എതിരായതെന്നും മാണി കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ