പമ്പ: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹന വ്യൂഹം പൊലീസ് തടഞ്ഞു. പമ്പ കെഎസ്ആർടിസി സ്റ്റാന്റിന് സമീപത്തുവച്ച് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു മന്ത്രി. സ്വകാര്യ വാഹനത്തിലായിരുന്നു മന്ത്രിയുടെ യാത്ര. ഒപ്പം മറ്റു രണ്ടു വാഹനങ്ങളും ഉണ്ടായിരുന്നു. പ്രതിഷേധക്കാരുടെ വാഹനമാണെന്ന് തെറ്റിദ്ധരിച്ചാണ് വാഹനം പൊലീസ് തടഞ്ഞതെന്നാണ് വിവരം.

പമ്പയിലും നിലയ്ക്കലിലും പ്രതിഷേധം നടത്തിയവർ വീണ്ടും പ്രതിഷേധത്തിനായി എത്തിയേക്കാമെന്നതിനാൽ പമ്പയിലെത്തുന്ന സ്വകാര്യ വാഹനങ്ങളെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിയാണെന്ന് മനസ്സിലാകാതെ അദ്ദേഹത്തിന്റെ വാഹന വ്യൂഹവും പൊലീസുകാർ തടഞ്ഞത്. ഇവർക്ക് കേന്ദ്രമന്ത്രിയെ മനസ്സിലായില്ല. മന്ത്രിയാണെന്ന് മനസ്സിലായതോട ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് എസ്‌പി ഹരിശങ്കർ അവിടെ എത്തി.

വാഹനം തടഞ്ഞതിലുളള നീരസം മന്ത്രി പ്രകടിപ്പിച്ചു. മാത്രമല്ല മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു ബിജെപി നേതാക്കളും പ്രതിഷേധിച്ചു. തുടർന്ന് പ്രതിഷേധക്കാരുടെ വാഹനമാണെന്ന് കരുതിയാണ് തടഞ്ഞതെന്ന് എസ്‌പി അറിയിക്കുകയും വിശദീകരണം എഴുതി നൽകുകയും ചെയ്തു.


(വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

ഇന്നലെ പമ്പയിൽ എത്തിയ കേന്ദ്രമന്ത്രി സ്വകാര്യ വാഹനങ്ങളെ കടത്തി വിടാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സ്വകാര്യ വാഹനങ്ങളെ കടത്തി വിടണമെന്ന് മന്ത്രി പറഞ്ഞപ്പോൾ അതിന് എസ്‌പി യതീഷ് ചന്ദ്ര നൽകിയ മറുപടി ബിജെപിയുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സ്വകാര്യ വാഹനങ്ങൾ കടത്തി വിടാൻ തയ്യാറാണെന്നും ഗതാഗതക്കുരുക്ക് ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്നുമാണ് എസ്‌പി ചോദിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.