മൂന്നാറിൽ മന്ത്രി എം.എം. മണിക്കെതിരായ പൊമ്പിളൈ ഒരുമൈ നടത്തുന്ന നിരാഹാര സമരത്തിൽ ഭിന്നതയും സ്ഥലത്ത് സംഘർഷവും ആംആദ്മി പാർട്ടി (എഎപി) സമരം ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നുവെന്നു പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി ആരോപിച്ചു. എഎപി നിരാഹാരം ഇരിക്കാൻ വേണ്ട. പിന്തുണ മാത്രം നൽകിയാൽ മതി ഗോമതി പറഞ്ഞു.​ ​എ എ പി, പൊമ്പിളൈ ഒരുമ തർക്കം നടക്കുന്നതിനിടെ സമരപന്തൽ പൊളിക്കാൻ സി പി എം ശ്രമം നടത്തിയെന്നും അവർ ആരോപിച്ചു. സി പി എമ്മിന്റെയും സി ഐ ടിയുവിന്റെയും ആളുകളാണെന്ന് ഗോമതി പറഞ്ഞു.

പൊമ്പിളൈ ഒരുമൈ നേതാക്കൾക്കൊപ്പം നിരാഹാരം അനുഷ്ഠിക്കുന്ന ആം ആദ്‌മി സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠനെ ആരോഗ്യ നില വഷളായതിനെ തുടർന്നു നേരത്തെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് നീലകണ്ഠനെ മാറ്റിയത്. നീലകണ്ഠനെ ആശുപത്രിയിലേയ്ക്ക് മാറ്റിയതിനെ തുടർന്ന് പാർട്ടിയുടെ വനിതാ വിഭാഗം സംസ്ഥാന കൺവീനർ റാണി ആന്റോ നിരാഹാരം ആരംഭിച്ചു. തൊട്ടുപിന്നാലെയാണ് വിവാദവും ആരംഭിച്ചത്. സംഘർഷാവസ്ഥ രൂപപ്പെട്ടതിനെ തുടർന്ന് സ്ഥലത്ത് പൊലീസ് എത്തി.

പൊമ്പിളൈ ഒരുമൈ സമരത്തെ മന്ത്രി മണി ആക്ഷേപിച്ചുവെന്ന് ആരോപിച്ച് മന്ത്രി മൂന്നാറിലെത്തി തൊഴിലാളികളോട് മാപ്പുപറയണമെന്നാണ് സമരത്തിലെ പ്രധാന ആവശ്യങ്ങളിലൊന്ന്. മാപ്പ് പറയുന്നതുവരെ സമരം തുടരുമെന്നാണ് സമരക്കാർ വ്യക്തമാക്കുന്നത്. നിയമസഭയ്ക്ക് അകത്തും പുറത്തും പൊമ്പിളൈ ഒരുമൈ സമരത്തിന് വിവിധ വിഭാഗങ്ങൾ പിന്തുണ നൽകാൻ മുന്നോട്ട് വരുന്നതിനിടെയാണ് സമരം നടക്കുന്ന സ്ഥലത്ത് പുതിയ സംഭവവികാസങ്ങൾ രൂപപ്പെട്ടത്. കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പിന്നാലെ ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പിന്തുണയുമായി സമര സ്ഥലത്ത് എത്തിയിരുന്നു

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊമ്പിളൈ ഒരുമൈ നടത്തിയ തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാനുളള സമരമാണ് അവരെ ശ്രദ്ധേയമാക്കിയത്. അന്ന് വി എസ് അച്യുതാനന്ദൻ പിന്തുണയുമായി വന്നിരുന്നു. അന്നും ഇന്നും ഇടുക്കിയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രാദേശിക നേതൃത്വങ്ങൾ പൊമ്പിളൈ ഒരുമൈയ്ക്ക് എതിരായിട്ടായിരുന്നു നിലപാട് സ്വീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ