തിരുവനന്തപുരം: 2018-19 അധ്യയന വര്‍ഷത്തേയ്ക്കുള്ള സംസ്ഥാന ഗവണ്‍മെന്റ്/എയ്ഡഡ്/സ്വാശ്രയ പോളിടെക്‌നിക്കുകളിലേക്കുള്ള അഡ്മിഷന് മെയ് 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷകള്‍ പ്രിന്റ്ഔട്ട് എടുത്ത് ഏതെങ്കിലും ഗവണ്‍മെന്റ്/എയ്ഡഡ് പോളിടെക്‌നിക്കുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കി വെരിഫിക്കേഷന്‍ ഓഫീസറുടെ ഒപ്പ് വാങ്ങിയ ശേഷം ഫീസ് അടച്ച് റജിസ്റ്റര്‍ ചെയ്യണം. ഗവണ്‍മെന്റ്/എയ്ഡഡ് പോളിടെക്‌നിക്കുകളില്‍ മെയ് 31 വരെ ഫീസ് അടച്ച് റജിസ്റ്റര്‍ ചെയ്യാം.

സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വിദ്യാര്‍ത്ഥിക്ക് 30 ഓപ്ഷനുകള്‍ വരെ നല്‍കാം. www.polyadmission.org മുഖേന ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം.

എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി/സിബിഎസ്ഇഎക്‌സ്/മറ്റ് തുല്യ പരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ കണക്ക്, സയന്‍സ്, ഇംഗ്ലീഷ് വിഷയങ്ങള്‍ ഓരോ വിഷയങ്ങളായി പഠിച്ചവര്‍ക്ക് എന്‍ജിനീയറിങ് സ്ട്രീമിലേയ്ക്കും (സ്ട്രീം ഒന്ന്) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവര്‍ക്ക് നോണ്‍ എന്‍ജിനീയറിങ് സ്ട്രീമിലേക്കും (സ്ട്രീം രണ്ട്) അപേക്ഷിക്കാം.

കേരളത്തിലെ 45 ഗവണ്‍മെന്റ് പോളിടെക്‌നിക്കുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും ആറ് എയ്ഡഡ് പോളിടെക്‌നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേയ്ക്കും 22500 രൂപ വീതം ഫീസ് നല്‍കേണ്ട സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ ഗവണ്‍മെന്റ് സീറ്റുകളിലേയ്ക്കുമുളള പ്രവേശനമാണ് ഓണ്‍ലൈനായി നടക്കുക.

കേരളത്തിലാകെ 14,725 സീറ്റുകളാണ് പോളിടെക്‌നിക്കുകളിലുളളത്. ഇതില്‍ ഗവണ്‍മെന്റ്, എയിഡഡ് പോളിടെക്‌നിക്കുകളില്‍ ആകെ 11,670 സീറ്റുകളും സ്വാശ്രയ പോളിടെക്‌നിക്കുകളില്‍ 3055 സീറ്റുകളുമാണുളളത്.

അപേക്ഷകര്‍ക്ക് സ്വന്തമായോ അക്ഷയ സെന്ററുകള്‍ വഴിയോ അപേക്ഷ തയ്യാറാക്കാം. അപേക്ഷകള്‍ പോളിടെക്‌നിക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക്കുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കണം. ഇത്തരത്തില്‍ ഹാജരാക്കിയ അപേക്ഷകള്‍ വെരിഫിക്കേഷന്‍ ഓഫീസറുടെ ഒപ്പ് നേടിയതിനുശേഷം മാത്രമേ ഫീസ് അടച്ച് റജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കൂ.

ഹെല്‍പ് ഡെസ്‌ക്കുകളുടെ സഹായം എല്ലാ പോളിടെക്‌നിക് കോളേജുകളിലും ലഭ്യമാണെങ്കിലും ഫീസ് അടച്ച് അപേക്ഷ റജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഗവണ്‍മെന്റ്/എയ്ഡഡ് പോളിടെക്‌നിക് കോളേജുകളില്‍ മാത്രമാണ് ലഭ്യമാകുക.

ടിഎച്ച്എസ്എല്‍സി/ഐടിഐ/കെജിസിഇ/വിഎച്ച്എസ്ഇ എന്നിവ പാസായവര്‍ക്ക് യഥാക്രമം 10, അഞ്ച്, രണ്ട് ശതമാനം വീതം റിസര്‍വേഷനുണ്ട്. ഐടിഐ/കെജിസിഇ/വിഎച്ച്എസ്ഇ പാസായവര്‍ക്ക് അവരവരുടെ ട്രേഡുകള്‍ അനുസരിച്ചാണ് ബ്രാഞ്ചുകള്‍ തിരഞ്ഞെടുക്കാനാവുക. സഞ്ചാരം, കാഴ്ച, കേള്‍വി ഭിന്നശേഷിയുളളവര്‍ക്ക് മൂന്ന് ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. വിശദവിവരം
www.polyadmission.org. എന്ന സൈറ്റിൽ ലഭ്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.