കൊച്ചി: മാലിന്യമില്ലാത്ത അന്തരീക്ഷം ജനത്തിന്റെ അവകാശമാണെന്ന് ഹൈക്കോടതി. ഈ അവകാശം കൊച്ചിയിലടക്കം പലയിടത്തും പൗരന് നഷ്ടമാകുന്നുണ്ട്. കൊച്ചിയിലെ വിഷപ്പുക പ്രശ്‌നത്തില്‍ കേസെടുത്തത് പൗരന്മാരുടെ അവകാശസംരക്ഷകരെന്ന നിലയിലാണന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ബ്രഹ്മപുരം തീപിടിത്തത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ഡിവിഷൻ ബഞ്ചിൻ്റെ പരാമർശം. ജസ്റ്റിസുമാരായ എസ് വി ഭട്ടിയും ബസന്ത് ബാലാജിയും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്. കൊച്ചിയിലെ മാലിന്യശ്നത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് കോടതി നിർദേശിച്ചു.
ബ്രഹ്മപുരത്തേക്ക് ഇന്നു തന്നെ വൈദ്യുതി എത്തിക്കാൻ കെ എസ് ഇ ബിക്ക് കോടതി നിർദേശം നൽകി. രാത്രി എട്ടുമണിക്കകം തീരുമാനമുണ്ടാകണം. ബ്രഹ്മപുരം മാലിന്യ പ്ലാന്റിനൽ വൈദ്യുതിയില്ലാത്തതിനാൽ തിപീടിച്ചപ്പോൾ വെളളം തളിക്കാൻ കഴിഞ്ഞില്ലെന്ന് കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഉത്തരവ്.
ഉന്നതതല യോഗത്തിന്റെ തീരുമാനം കൂടി ചേർത്ത് തദ്ദേശ ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആക്ഷൻ പ്ലാൻ സമർപ്പിക്കണം. സോളിഡ് വേസ്റ്റ് മാനേജ്മെന്റ് നിയമത്തിന്റെച പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും കോർപ്പറേഷൻ സെക്രട്ടറി നോട്ടീസ് നൽകണം.
സോഴ്സിൽ തന്നെ മാലിന്യം വേർതിരിക്കുന്നതിനും സംസ്കരിക്കുന്നതിനുളളമുളള സംവിധാനമുണ്ടെന്ന് ഉറപ്പാക്കണം. ജില്ലാ കലക്ടറുടെ നടപടികൾ വേണ്ടവിധം പൊതുജനശ്രദ്ധയിൽ എത്തിയില്ലെന്നും കോടതി വ്യക്തമാക്കി.