മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ വൈകിട്ട് നാലു മണി വരെ 68.40 ശതമാനം പോളിങ്. മലപ്പുറം, മഞ്ചേരി മണ്ഡലങ്ങളിലാണ് മികച്ച പോളിങ് നടന്നത്. വളളിക്കുന്നിലും പെരിന്തൽമണ്ണയിലുമാണ് കുറവ്. ഇന്ന് രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ മന്ദഗതിയിലാണ് വോട്ടെടുപ്പ് തുടങ്ങിയത്. എന്നാൽ ഒൻപതു മണിയോടെ വോട്ടെടുപ്പ് കൂടി. വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടർന്ന് പതിനൊന്ന് ഇടങ്ങളിൽ വോട്ടിങ് തുടങ്ങാൻ വൈകി. ഇവിടങ്ങളിൽ വോട്ടിങ് യന്ത്രം മാറ്റിവച്ചു.

പാണക്കാട് സികെഎംഎം എഎൽപി സ്കൂളിൽ ആദ്യ വോട്ടറായി യുഡിഎഫ് സ്ഥാനാർത്ഥി പി.കുഞ്ഞാലിക്കുട്ടിയെത്തി. രാവിലെ 9 മണിയോട് കൂടി ഇടത് സ്ഥാനാർത്ഥി അഡ്വ.എം.ബി.ഫൈസലും ബിജെപി നേതാവ് എൻ.ശ്രീപ്രകാശും വോട്ട് ചെയ്തു.

യുഡിഎഫ് സ്ഥാനാർത്ഥി പി.കുഞ്ഞാലിക്കുട്ടിയും, എൽഡിഎഫ് സ്ഥാനാർത്ഥി എം.ബി.ഫൈസലും ബിജെപി സ്ഥാനാർത്ഥി എൻ.ശ്രീപ്രകാശ് എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ. ആകെ ഒൻപത് സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്.
malappuram bye election, kunhalikutty,faizal

ഭൂരിപക്ഷം ഉയരുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പി.കുഞ്ഞാലിക്കുട്ടിയും ആത്മവിശ്വാസം പ്രകടിപ്പിച്ചപ്പോൾ സിപിഎം നേതാവ് ടി.കെ.ഹംസയും രാവിലെ പോളിങ് ബൂത്തിന് മുന്നിൽ വിജയപ്രതീക്ഷ പങ്കുവച്ചു. എന്നാൽ ആര് ജയിച്ചാലും ഭൂരിപക്ഷം കുറവായിരിക്കുമെന്നാണ് ടി.കെ.ഹംസ പറഞ്ഞത്.

സിപിഎം സ്ഥാനാർത്ഥി പി.കെ.സൈനബയെ പിന്തള്ളി 2014 ലെ തിരഞ്ഞെടുപ്പിൽ ഇ.അഹമ്മദ് 1.94ലക്ഷത്തിന്റെ ഭൂരിപക്ഷം നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ