കൊച്ചി: ക്യാംപസുകളിൽ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി. ക്യാംപസുകളിലല്ല രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടത്. ഓരോന്നിനും അതിന്റേതായ സ്ഥലങ്ങളുണ്ട്. സമരം ചെയ്യേണ്ടത് ക്യാംപസിലല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പൊന്നാനി എംഇഎസ് കോളജിലെ വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതി ഉത്തരവ്. ക്യാംപസുകളിൽ രാഷ്ട്രീയം പാടില്ലെന്ന് ഹൈക്കോടതി നേരത്തെതന്നെ ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കുമ്പോഴും കടുത്ത നിരീക്ഷണങ്ങളും കർശന നിർദേശങ്ങളും ഹൈക്കോടതിയിൽ നിന്നുണ്ടായിരുന്നു. അന്യായമായ കാര്യങ്ങൾ നേടിയെടുക്കാനാണ് ധർണയും സത്യഗ്രഹവും പോലുള്ള സമരമുറകൾ പ്രയോഗിക്കുന്നത്. ന്യായമായ ഏത് കാര്യത്തിനും ഉചിതമായ മാർഗങ്ങളുണ്ട്, വേദികളുണ്ട്. നിയമപരമായ പരിഹാരത്തിന് ഹൈക്കോടതി വരെയുള്ള കോടതികളെയും സമീപിക്കാം. ഇതിനൊന്നും ശ്രമിക്കാതെ സമരവുമായി വിദ്യാലയങ്ങളുടെ അന്തരീക്ഷം നശിപ്പിക്കുന്നവരെ പുറത്താക്കാവുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.

പഠിക്കാനാണ് വിദ്യാലയങ്ങളിൽ പോകേണ്ടത്. സമരത്തിനല്ല. സമരങ്ങളിലൂടെ രാഷ്ട്രീയ ഭാവി ലക്ഷ്യമിടുന്നവർ പഠനം ഉപേക്ഷിച്ച് പുറത്തുപോകട്ടെ. രണ്ടും ഒന്നിച്ചുപോകില്ല. സമരത്തിനായി കെട്ടുന്ന പന്തലോ മറ്റ് സംവിധാനങ്ങളോ നിലനിർത്താൻ അനുവദിച്ചു കൂടാ. കോളജിനുള്ളിൽ മാത്രമല്ല, തൊട്ടടുത്ത പരിസരത്തൊന്നും അവ പാടില്ല, അങ്ങനെയുളളവ പൊളിച്ചുനീക്കേണ്ടതാണ്. കോളജിൽ നിന്ന് ആവശ്യപ്പെട്ടാൽ ഇതിനാവശ്യമായ എല്ലാ സഹായവും പൊലീസ് നൽകണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിർദേശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ