/indian-express-malayalam/media/media_files/uploads/2018/02/Sachidanandan.jpg)
അണികളെ കൊലയ്ക്ക് കൊടുത്ത് രക്തസാക്ഷിളുടെ എണ്ണം കൂട്ടാൻ മത്സരിക്കുകയാണ് കണ്ണൂരിലെ രാഷ്ട്രീ പാർട്ടി നേതാക്കളെന്ന് കവി സച്ചിദാനന്ദൻ. ഷുഹൈബ് വധക്കേസിൽ പ്രതിഷേധിച്ച് അദ്ദേഹമെഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് രാഷ്ട്രീയ നേതാക്കൾക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചിട്ടുളളത്.
സാധാരണ കുടുംബങ്ങളിൽ നിന്നും വരുന്ന അണികളാണ് പ്രതികാരകൊലകളുടെ ഇരകളാകുന്നത്. അല്ലാതെ വൻ നേതാക്കളല്ലെന്നും അദ്ദേഹം പറയുന്നു.
നേതാക്കള്‍ സുരക്ഷിതരായിരുന്നു സാധാരണ അണികളെ കൊലയ്ക്കു കൊടുത്തു രക്തസാക്ഷികളുടെ എണ്ണം കൂട്ടുവാന്‍ മത്സരിക്കുന്ന കാഴ്ചയാണ് കണ്ണൂരില്‍ കാണുന്നതെന്നും സച്ചിദാനന്ദൻ എഴുതുന്നു.
കൂടുതല്‍ പേര്‍ ഒപ്പിട്ട ഒരു പ്രസ്താവന ഈ വിഷയത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കണ്ണൂരിലെ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിന്റെ കൊലപാതകം നടന്നത്. ഈ കൊലപാതകത്തിൽ സാംസ്കാരിക രംഗത്ത് നിന്നും ആരും പ്രതികരിച്ചില്ലെന്ന് ആരോപണം ഉയർന്നിരുന്നു.
സച്ചിദാനന്ദന്റെ കുറിപ്പിന്റെ പൂർണരൂപം ഇതാണ്:
എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിന്റെ കൊലപാതകം കണ്ണൂരില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന കൊലപാതകപരമ്പരയില്‍ ഒരു പുതിയ വഴിത്തിരിവാണ്. തുടര്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പാര്‍ട്ടികള്‍ക്ക് പുറത്തുള്ള ഒരാള്‍ കൂടി വധിക്കപ്പെട്ടതോടെ അത് ഒരു ഭീകരമായ സാംക്രമികരോഗത്തിന്റെ സ്വഭാവം കൈവരിക്കുന്നു. കേരളത്തിലെയും ഇന്ത്യയിലെ തന്നെയും പൊതുജനങ്ങളുടെ കണ്ണില്‍ കണ്ണൂരിനെത്തന്നെ ഒരു കൊലനിലമാക്കിയിരിക്കുന്നു വര്‍ഷങ്ങളായി തുടരുന്ന ഈ കൊലപാതകപരമ്പര. ഇവയില്‍ ഇരകളാകുന്നവര്‍ സാധാരണ കുടുംബങ്ങളില്‍ നിന്ന് വരുന്ന യുവാക്കളാണ്, പ്രതികാരക്കൊലകളില്‍ ഉള്‍പ്പെട്ട കക്ഷികളുടെ വന്‍നേതാക്കള്‍ അല്ല. വേറൊരു തരത്തില്‍ പറഞ്ഞാല്‍ നേതാക്കള്‍ സുരക്ഷിതരായിരുന്നു സാധാരണ അണികളെ കൊലയ്ക്കു കൊടുത്തു രക്തസാക്ഷികളുടെ എണ്ണം കൂട്ടുവാന്‍ മത്സരിക്കുന്ന കാഴ്ചയാണ് നാം കണ്ണൂരില്‍ കാണുന്നത്. കണ്ണൂരിലെയും പരിസരങ്ങളിലെയും ജനങ്ങള്‍ സമാധാനം കാംക്ഷിക്കുന്നവര്‍ തന്നെയാണ്, എന്നാല്‍ ഈ പ്രതികാരത്തിന്റെ യുക്തിയും അത് ജനിപ്പിക്കുന്ന ഭയവും അവരെ അമ്പരപ്പിക്കുകയും നിശ്ശബ്ദരാക്കുകയും ചെയ്യുന്നതായി കാണുന്നു.
നമ്മുടെ ജനാധിപത്യ സമ്പ്രദായത്തെയും സംവാദത്തിന്റെ സംസ്കാരത്തെയും സാമൂഹ്യനീതിയെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളെയും മുഴുവന്‍ ചോദ്യം ചെയ്യുന്നതാണ് ഈ കൊലപാതകങ്ങള്‍. അവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കയ്യുകള്‍ ശുദ്ധമാണെന്ന് വിശ്വസിക്കാന്‍ ഒരാള്‍ക്കും കഴിയുകയില്ല. രാഷ്ട്രീയം മാത്രമല്ല സാമ്പത്തികവുമായ കാരണങ്ങള്‍ അവയ്ക്കുണ്ടാകാം എന്നാണു സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് തോന്നുക. ആ കാരണങ്ങള്‍ കണ്ടു പിടിക്കാതെ, അവയ്ക്ക് പരിഹാരം തേടാതെ, ഈ അരുംകൊലകള്‍ നിര്‍ത്താനാവില്ല. ഇതിനകം പല സംഘടനകളും, ചിലപ്പോള്‍ ഉള്‍പ്പെട്ട പാര്‍ട്ടികള്‍ തന്നെയും സമാധാന യോഗങ്ങളും ശ്രമങ്ങളും നടത്തിയിട്ടുണ്ടെങ്കിലും അവയൊന്നും ഫലം കണ്ടിട്ടില്ലെന്നതില്‍ നിന്ന് ഊഹിക്കേണ്ടത് ഏതൊക്കെയോ സ്ഥാപിതരാഷ്ട്രീയ-സാമ്പത്തിക താത്പര്യങ്ങള്‍ ഈ നീചമായ ഹിംസയ്ക്ക് പിറകില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്. കണ്ണൂരില്‍ നിന്ന് പുറത്തേയ്ക്കും ഈ പ്രതികാരസംസ്കാരം പടര്‍ന്നുപിടിക്കുന്നുണ്ടെന്നു അടുത്ത കാലത്ത് മറ്റു ചില സ്ഥലങ്ങളില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ കാണിക്കുന്നു.
കണ്ണൂരിനും കേരളത്തിനു മുഴുവനും അപമാനകരവും ജനാധിപത്യത്തിന്റെ സംവാദാത്മകതയ്ക്ക് കടകവിരുദ്ധവുമായ ഈ കൊലപാതകപ്രവണതകള്‍ക്ക് നിത്യവിരാമം കുറിക്കണം എന്ന് ഞാന്‍ ഇതില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ കക്ഷികളോടും വ്യക്തികളോടും കണ്ണൂരിലെയും കേരളത്തിലെയും ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.